- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നാം മണിക്കൂറിനൊടുവിൽ കുടിവെള്ളമെത്തി; ഗിനിയയിൽ തടവിലായവർക്ക് ആശ്വാസം; എംബസി അധികൃതർക്ക് കാണാൻ അനുമതി നൽകിയില്ല; തടവിലുള്ളവരെ നൈജീരിയയ്ക്ക് കൈമാറാൻ ശ്രമമെന്ന് സംശയം
ന്യൂ ഡൽഹി:തടവിലാക്കപ്പെട്ട് പതിനൊന്നാം മണിക്കൂറിൽ എക്വറ്റോറിയൽ ഗിനിയയിൽ മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർക്ക് ആശ്വാസം.ഇവർക്ക് കുടിവെള്ളവും ഭക്ഷണവും നൽകാൻ കഴിഞ്ഞുവെന്ന് എംബസി അധികൃതർ വ്യക്തമാക്കി.കപ്പൽ ജീവനക്കാർക്ക് ഇന്ത്യൻ എംബസി അധികൃതരെത്തിച്ച വെള്ളവും ഭക്ഷണവും ഗിനി നേവിയാണ് കൈമാറിയത്.10 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ സൈന്യം നൽകിയിരുന്നില്ല.എന്നാൽ ഭക്ഷണവും വെള്ളവും നൽകിയെങ്കിലും ജീവനക്കാരെ കാണാൻ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല.
കടുത്ത് നിയന്ത്രണത്തിന് പിന്നിൽ തടവിലായ ജീവനക്കാരെ വിമാനത്തിൽ നൈജീരിയക്ക് കൊണ്ടു പോകാനുള്ള ശ്രമമാണെന്നാണ് സൂചന.തടവിൽ കഴിയുന്ന ജീവനക്കാരുടെ പാസ്‌പോർട്ട് സൈന്യം വാങ്ങിയിട്ടുണ്ട്.തടവിലായ പതിനഞ്ച് ഇന്ത്യക്കാരെയും എക്വറ്റോറിയൽ ഗിനി വീണ്ടും തടവ് കേന്ദ്രത്തിലാക്കിയിട്ടുണ്ട്.ഇവിടെ ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത സാഹചര്യമാണെന്നും നൈജീരിയയിലേക്ക് കൈമാറുമോയെന്ന ആശങ്കയുണ്ടെന്നും ക്യാപ്റ്റൻ തനൂജ് മേത്ത നേരത്തെ പ്രതികരിച്ചിരുന്നു.
അതേ സമയം ഇന്നലെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ കപ്പലിലെ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയൽ ഗിനി സൈന്യം തിരികെ കപ്പലിൽ എത്തിച്ചിരുന്നു.നേരത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള തീരുമാനം ഒഴിവാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇയാളെ തിരികെ കപ്പലിൽ എത്തിച്ചതായുള്ള വിവരം ലഭിച്ചത്.
അതേ സമയം കപ്പലിൽ ഉണ്ടായിരുന്ന മലയാളിയായ വിജിത്ത് ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ ഇപ്പോഴും കരയിൽ തടവിലാണ്. ഇവരെ തിരികെ കപ്പലിലേക്ക് ഇതുവരേയും എത്തിച്ചിട്ടില്ല.സമുദ്രാതിർത്തി ലംഘിച്ചതിന ഗിനി നേവിയാണ് ഇവരെ കരയിൽ തടവിലാക്കിയത്.തടവിലുള്ള തങ്ങൾ സുരക്ഷിതരല്ലെന്നാണ് ബന്ദികളാക്കപ്പെട്ടവർ പറയുന്നത്.നേവി ജയിലിലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് സംഘത്തിലെ മലയാളിയായ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് നാട്ടിൽ അറിയിച്ചിട്ടുണ്ട്.
ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് തങ്ങളെ കപ്പലിൽ നിന്നും മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു.എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറഞ്ഞു.താത്കാലിക ആശ്വാസം എന്ന് മാത്രമാണ് ഈ നീക്കത്തെ പറയാൻ കഴിയുക.കപ്പലിന് 24 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. ആശങ്കയുള്ള സാഹചര്യമാണ് ഉള്ളത്. നിരന്തരം ശ്രമിക്കുകയാണ് എന്ന് മാത്രമാണ് എംബസിയിൽ നിന്ന് ലഭിക്കുന്ന വിവരം. പക്ഷേ മോചനത്തിനുള്ള നീക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
അറസ്റ്റിലായ മലയാളി ചീഫ് ഓഫീസർ സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു.മകനെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചതിലൂടെ നിലവിലെ സാഹചര്യം അറിയാൻ കഴിയുന്നുണ്ട്.മകനെയും ഒപ്പമുള്ളവരെയും മുറിയിൽ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്.അവർ ഒരുപാട് ദുരിതം അനുഭവിക്കുന്നതായും കപ്പലിൽ അകപ്പെട്ടവരെ മോചിപ്പിക്കാനുള്ള ശ്രമം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേഗത്തിലാക്കണമെന്നും സനു ജോസിന്റെ അമ്മ ലീല ആവശ്യപ്പെട്ടു.
അതേസമയം ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർ ആഫ്രിക്കൻ രാജ്യത്ത് തടവിലായിട്ട് അടുത്ത ആഴ്ച മൂന്ന് മാസം പൂർത്തിയാകും. ഇടപെടുന്നുണ്ടെന്ന് വിദേശകാരമന്ത്രാലയവും ഗിനിയിലെ ഇന്ത്യൻ എംബസിയും ആവർത്തിക്കുമ്പോഴും കപ്പൽ ജീവനക്കാരുടെ സാഹചര്യം അനുദിനം മോശമാവുകയാണ്. ഇന്ത്യക്കാരുള്ള കപ്പലിന് ഇരുപത്തിനാല് മൈൽ അകലെ നൈജീരിയൻ സൈനിക കപ്പൽ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്.ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്.
എന്നാൽ ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
മറുനാടന് ഡെസ്ക്