കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവത്തിൽ പെൺകുട്ടിക്ക് നൽകിയ വാക്‌സിൻ ഫലപ്രദമായിരുന്നുവെന്ന് നിഗമനം. കുട്ടിയുടെ ശരീരത്തിൽ മികച്ച രീതിയിൽ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം.

ഓഗസ്റ്റ് 13നായിരുന്നു ഏഴാം ക്ലാസുകാരി അഭിരാമിയെ വീടിന് സമീപത്ത് വെച്ച് നായ കടിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിക്കുകയായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതായത് വാക്‌സീൻ സ്വീകരിക്കുന്നതിനു മുൻപു തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന സൂചനയാണ് ഇവർ നൽകുന്നത്. മരിക്കുന്നതിനു മുൻപുതന്നെ അഭിമാരിക്ക് മൂന്നു വാക്‌സീനും നൽകിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നൽകുന്ന സൂചന.

വാക്‌സീൻ സ്വീകരിക്കുമ്പോൾ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിൽ രൂപപ്പെടുകയാണ് ചെയ്യുക. ഈ ആന്റിബോഡി കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണു പരിശോധനയിൽ കണ്ടെത്തിയത്. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ചു സംസ്ഥാനത്ത് വലിയ തോതിൽ ആശങ്കകൾ ഉയരുന്നതിനിടെയാണു നിർണായകമായ ഈ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.

വാക്‌സീൻ ഫലപ്രദമായിരുന്നെങ്കിലും കണ്ണിലേറ്റ കടി മൂലം വൈറസ് അതിവേഗം അഭിരാമിയുടെ ശരീരത്തെ ബാധിച്ചിരുന്നിരിക്കാമെന്നു വിദഗ്ദ്ധർ പറയുന്നു. വാക്‌സീൻ നൽകുന്നതിനു മുൻപു തന്നെ വൈറസ് വ്യാപിച്ചിരിക്കാനുള്ള സാധ്യതയുടെ സൂചനകളാണ് ഇവർ നൽകുന്നത്. കണ്ണിനും കൺപോളയ്ക്കുമേറ്റ ഗുരുതരമായ മുറിവുകളിലൂടെ വൈറസ് അതിവേഗം വ്യാപിച്ചിരിക്കാനുള്ള സാധ്യതകളാണ് ഇവർ പങ്കുവയ്ക്കുന്നത്.

അതേസമയം, അഭിരാമിയുടെ മൃതദേഹം ഇന്നു രാവിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അഭിരാമിയുടെ അനുജൻ അഞ്ചു വയസുകാരൻ കാശിനാഥനാണ് കർമങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. രാവിലെ ഒൻപതു മണിയേടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ദപ്പുഴയിലെ വീട്ടിലെത്തിച്ചത്. അതീവ ദുഃഖകരമായ അന്തരീക്ഷത്തിൽ മകൾ നഷ്ടപ്പെട്ട ഹരീഷിനെയും ഭാര്യ രജനിയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. കനത്ത മഴയെ അവഗണിച്ചും മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിനു പേരാണ് അഭിരാമിയുടെ വീട്ടിലെത്തിയത്.

ചടങ്ങിനിടെ കുഴഞ്ഞു വീണ ബന്ധുവിനെ ആശുപത്രിയിലേക്കു മാറ്റി. അഭിരാമിയുടെ വീട്ടിൽ എത്താൻ തയാറാവാതിരുന്ന ആരോഗ്യ മന്ത്രിക്കെതിരെയും ജില്ലാ കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. ഓഗസ്റ്റ് 13ന് വീടിനടുത്തുവച്ച് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ മൂന്നാം തീയതിയാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.