- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യം കത്തുന്ന പുക തങ്ങളെ തേടി എത്തുകയാണെന്നു മനസിലാക്കി കൊച്ചിയിൽ സിപിഎം വിശദീകരണം; യുകെയിൽ നിന്നെത്തിയ കമ്പനി കോൺഗ്രസ് മുൻ മേയറുടെ ബിനാമിയെന്നു ആരോപണം; പിണറായി വിജയൻ എന്തിനു ജിജെയെ പിന്തുണച്ചു എന്ന ചോദ്യത്തിൽ സിപിമ്മിന് ഉത്തരമില്ല; ജിജെയെ തേടി ഉന്നതങ്ങളിൽ നിന്നും അന്വേഷണം
ലണ്ടൻ: ബ്രഹ്‌മപുരത്തെ മാലിന്യ പുക സർക്കാരിനേക്കാൾ കൂടുതലായി പാർട്ടിയെ തേടി എത്തുകയാണോ എന്ന് സംശയിക്കേണ്ട നീക്കങ്ങളാണ് ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ബ്രഹ്‌മപുരത്തു മാലിന്യ നിർമ്മാർജന പ്ലാന്റും അതിൽ നിന്നും വൈദ്യുതിയും ഉൽപ്പാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെ യുകെയിൽ നിന്നെത്തിയ ജി ജെ ഏകോ പവർ എന്ന കമ്പനിയെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളിൽ കമ്പനി പദ്ധതിയിൽ നിന്നും പുറത്താക്കാൻ സർക്കാരിന് മുകളിൽ ആരോ കളിച്ചെന്ന സംശയം ഉയർത്തിയിരുന്നു.
ഇക്കാര്യങ്ങൾ കേരളത്തിലെ മുഖ്യ ധാര മാധ്യമങ്ങളിൽ ഇതുവരെ വേണ്ടത്ര ശ്രദ്ധയോടെ എത്തിയിട്ടുമില്ല. എന്നിട്ടും ജി ജെ യെ മുന്നിൽ നിർത്തി ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി പരസ്യ പ്രസ്താവന നടത്താൻ തയ്യാറായത് ശ്രദ്ധേയമാകുകയാണ്. റിപ്പോർട്ടുകൾ തങ്ങൾക്ക് നേരെയാണോ വിരൽ ചൂണ്ടുന്നത് എന്ന സംശയം സ്വാഭാവികമായും നിഴലിക്കും വിധമാണ് പാർട്ടി ജില്ലാ ഘടകം നടത്തിയ നീണ്ട നാലു പേജുള്ള പരസ്യ പ്രസ്താവന. കേരളത്തിൽ നിറയുന്ന വാർത്തകളിൽ ജി ജെ ഒരിടത്തും ഫോക്കസ് വിഷയം അല്ലെങ്കിലും പാർട്ടി ജില്ലാ ഘടകത്തിന്റെ ഫോക്കസ് ജി ജിയും അവർക്ക് ഉണ്ടെന്ന് ആരോപിക്കുന്ന കോൺഗ്രസ് ബാന്ധവവുമാണ്.
ഇതേതുടർന്ന് ജി ജെ കമ്പനി വക്താക്കളുമായി ബന്ധപ്പെട്ടപ്പോൾ സിപിഎം ആരോപിക്കും വിധം മുൻ കൊച്ചി മേയർ ടോണി ചമ്മണിയുമായി ഒരു കുടുംബ ബന്ധവും ഇല്ലെന്നു അവർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മേയറായിരിക്കെ ടോണി ചമ്മണി യുകെ സന്ദർശിച്ചപ്പോൾ ഒരു സൗഹൃദ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്ന് ജി ജെ കമ്പനിയുമായി ബന്ധപ്പെട്ടവർ പറയാൻ മടിക്കുന്നുമില്ല.
കാരണം ആ കാലഘട്ടത്തിൽ ഒന്നും ജി ജെ യ്ക്ക് കേരളത്തിൽ നിക്ഷേപ താൽപര്യവും ഉണ്ടായിരുന്നില്ല. മാത്രവുമല്ല സൗമിനി ജെയിൻ മേയറായിരിക്കെയാണ് ജി ജെ കമ്പനി കൊച്ചിയിൽ നിക്ഷേപ തലപര്യവുമായി എത്തുന്നതും, സൗമിനിയും ജി ജെ പാർട്ണർമാരും രണ്ടു മത വിഭാഗങ്ങളിൽ പെട്ടവർ ആയതുകൊണ്ടാകും നേരിട്ടുള്ള കുടുംബ ബന്ധം ഇപ്പോൾ സിപിഎം ആരോപിക്കാൻ മടിച്ചതെന്നും ടോണി ചമ്മണിയുമായി അടുപ്പമുള്ളവർ ബ്രിട്ടീഷ് മലയാളിയോട് പരിഹാസ രൂപേനെ വെളിപ്പെടുത്തിയത്.
വാർത്തകൾ സൃഷ്ടിച്ച വീണ്ടുവിചാരത്തിൽ ജി ജെ യെ തേടി വീണ്ടും അന്വേഷണം
അതിനിടെ രണ്ടു ദിവസമായി നടത്തുന്ന വെളിപ്പെടുത്തലുകൾ ഉന്നത കേന്ദ്രങ്ങളിലും എത്തി എന്നതിന്റെ തെളിവായി ജി ജെ യെ തേടി വീണ്ടും കേരളത്തിൽ നിന്നും അന്വേഷണമെത്തി. ആരെങ്കിലും പറ്റിക്കാൻ ബന്ധപ്പെടുന്നതായിരിക്കും എന്ന് കരുതിയ ജി ജെ വക്താക്കൾ തിരികെ ബന്ധപ്പെട്ടപ്പോഴും ഉന്നത കേന്ദ്രങ്ങളിൽ നിന്നെത്തിയ ചോദ്യം ഒന്നുമാത്രം, നിങ്ങൾക്കിപ്പോഴും ബ്രഹ്‌മപുരത്തു താൽപര്യം ഉണ്ടോ എന്ന് മാത്രമാണ്. നിലവിൽ കരാറുള്ള സൊൻടാ ഇൻഫ്രാടെകിന് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലെന്നതിനാലാണ് കൊച്ചിയുടെ ശാശ്വത പരിഹാരം ജി ജെയുടെ ടെക്നോളജിയാണെന്ന് തിരുവനന്തപുരത്തുള്ളവർക്കു വെളിവുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം മന്ത്രി പി രാജീവ് പറഞ്ഞ വാക്കുകളും ഇതിനു തെളിവാണ്. ഇനിയും തീ പിടിക്കാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞതും സോണ്ട ഇൻഫ്രാടെക് ഇത്തരം ദുരന്തങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തരല്ല എന്നതിന്റെ സൂചന കൂടിയാണ്. ഇപ്പോൾ സിപിഎം ജില്ലാ നേതൃത്വം ജി ജെ കമ്പനിയെ മാഫിയ എന്ന മട്ടിൽ കുറ്റപ്പെടുത്തി പരസ്യ നിലപാട് എടുക്കുമ്പോഴും സർക്കാരിൽ അങ്ങനെ ഒരു ചിന്താക്കുഴപ്പം ഇല്ലെന്നു തെളിയിക്കുകയാണ് താൽപര്യം തേടിയുള്ള തുടർ അന്വേഷണങ്ങൾ. എന്നാൽ ജി ജെ കമ്പനി വക്താക്കൾ ഇതിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല എന്നാണ് മനസിലാക്കാനാകുന്നത്. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഒപ്പിട്ട കത്താണ് ഇന്നലെ സിപിഎം ജില്ലാ നേതൃത്വം പ്രസിദ്ധീകരണത്തിന് നൽകിയിരിക്കുന്നത്.
തെളിവുകൾ തിരിഞ്ഞു കൊത്തുമ്പോൾ
അതേസമയം സിപിഎം ജില്ലാ ഘടകം പുറത്തു വിട്ട പരസ്യ പ്രസ്താവന അവരെ തന്നെ തിരിഞ്ഞു കൊത്തുന്ന ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ ഇന്ന് പുറത്തു വിടുകയാണ്. തുടക്കത്തിൽ ജി ജെ യ്ക്ക് പാട്ട വ്യവസ്ഥയിൽ കരാർ നൽകുന്നതും ലൈസൻസുകൾ നൽകുന്നതിലും ഒക്കെ എതിർപ്പുകൾ കൊച്ചി കോർപറേഷൻ ആണ് ഉയർത്തിയത്. ആ ഘട്ടത്തിൽ ഒക്കെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരെ നേരിട്ട് എത്തി കാര്യങ്ങൾ ജി ജെ വക്താക്കൾ ധരിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടു കാര്യങ്ങൾ ഫാസ്റ്റ് ട്രാക്കിൽ നീക്കുക ആയിരുന്നു.
അന്ന് വിവിധ തലങ്ങളിൽ എതിർപ്പുകൾ ഉണ്ടാകുമ്പോഴൊക്കെ സഹായം എത്തിയതും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുമാണ്. ഒടുവിൽ കർശന നിർദ്ദേശത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസും തദ്ദേശ സ്വയംഭരണ വകുപ്പുമൊക്കെ കോർപറേഷന് മുകളിൽ എന്നവിധം ജി ജെയുടെ നിക്ഷേപ പദ്ധതിക്ക് തണൽ ഒരുക്കിയിരുന്നത്. സ്ഥല പരിമിതി ഒരിക്കൽ പ്രശ്നമായപ്പോൾ തദ്ദേശ വകുപ്പ് നേരിട്ട് ഇടപെട്ട് അധിക ഭൂമിയും ഒരുക്കിയിരുന്നു.
ഒരു കോൺഗ്രസ് മേയറുടെ ബന്ധുവിന്റെ കമ്പനിക്ക് സിപിഎം മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്തരത്തിൽ ഇടപെട്ടു എന്നത് സിപിഎം ഇപ്പോൾ പറയുന്ന നുണക്കഥയുടെ ദഹന ശക്തി കുറയ്ക്കുന്നതാണ്. മുഖ്യമന്ത്രി നേരിട്ടെത്തി നടത്തിയ തറക്കില്ലിടൽ ചിത്രങ്ങളും ഇതിന്റെ തെളിവായി മാറുകയാണ്. അഭിമാന പദ്ധതി എന്ന മട്ടിലാണ് അന്ന് സർക്കാർ ജി ജെ യെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് ജി ജെ യുടെ ബ്രിട്ടീഷ് വംശജരായ ജീവനക്കാരും കമ്പനി പ്രതിനിധികളും യുകെയിലേക്ക് മടങ്ങിയപ്പോൾ സിപിഎം അധികാരത്തിലെത്തിയ കോർപറേഷനെ പോലും ഞെട്ടിച്ചാണ് കമ്പനിയുടെ കരാർ റദ്ദാക്കപ്പെടുന്നത്.
ഇതിനർത്ഥം കമ്പനിക്ക് സഹായം ചെയ്തതും ഒടുവിൽ ഇല്ലാതാക്കിയതും സർക്കാർ നേരിട്ടാണ് എന്ന് തന്നെയാണ്. ഇതിൽ ഒരിടത്തും ഒരു പരിധി വിട്ടു കോർപ്പറേഷന്റെ ചിത്രം തെളിയുന്നുമില്ല. എന്നാൽ സർക്കാരിന് താൽപര്യം ഉണ്ടായിരുന്ന ഒരു കമ്പനി പൊടുന്നനെ ഇല്ലാതായത് സർക്കാരിനും മുകളിൽ പാർട്ടിയിലെ ആരെങ്കിലും ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി എന്നോണമാണ് ഇപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി പ്രതികരണത്തിന് തയ്യാറായിരിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.