കൊച്ചി: താനും അമ്മയും സഹോദരിയും കുട്ടിക്കാലത്ത് പിതാവിൽ നിന്ന് അനുഭവിച്ച കടുത്ത ക്രൂരപീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബ്യൂട്ടി കണ്ടെൻ്റ് വ്ലോഗറും യൂട്യൂബറുമായ ഗ്ലാമി ഗംഗ. കടുത്ത ദാരിദ്ര്യത്തിലും മദ്യപാനിയായ പിതാവിൻ്റെ ഉപദ്രവങ്ങളിലും നിന്ന് യൂട്യൂബിലൂടെ നേടിയ വിജയത്തിലേക്കുള്ള തൻ്റെ ജീവിതയാത്രയെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് ഗംഗ വെളിപ്പെടുത്തിയത്.

മദ്യപിച്ചെത്തുന്ന പിതാവ് അമ്മയെ മർദിക്കുകയും കേട്ടാൽ അറക്കുന്ന വാക്കുകൾ ഉപയോഗിച്ച് ചീത്തവിളിക്കുകയും പതിവായിരുന്നുവെന്ന് ഗംഗ ഓർക്കുന്നു. ഉടുക്കാൻ വസ്ത്രമോ വിശപ്പടക്കാൻ ഭക്ഷണമോ ഇല്ലാത്ത ദുരിതകാലവും അവർക്കുണ്ടായി. ഭക്ഷണം പാകം ചെയ്താൽ അച്ഛൻ അത് പുറത്തേക്ക് എറിയുമായിരുന്നു. അടുപ്പിൽ ചോറിരിക്കുന്നത് കണ്ടാൽ കലത്തോടെ മുറ്റത്തേക്ക് എറിയുകയും കഞ്ഞിക്കലത്തിൽ മൂത്രമൊഴിക്കുകയും ചെയ്യുമായിരുന്നെന്നും ഗംഗ കൂട്ടിച്ചേർത്തു.

ഉറങ്ങിക്കിടക്കുമ്പോൾ കാലിനു മുകളിൽ കയറിനിൽക്കുന്നതടക്കമുള്ള പീഡനങ്ങളും അച്ഛനിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും സ്കൂളിൽ പോയ ദിവസങ്ങളുണ്ടായിരുന്നെന്നും സുഹൃത്തുക്കളാണ് പലപ്പോഴും തങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നതെന്നും ഗംഗ വെളിപ്പെടുത്തി. പിതാവിൻ്റെ ക്രൂരതകൾ സഹിക്കാതെ വന്നപ്പോൾ അമ്മയും മക്കളും വീടുവിട്ടിറങ്ങി. ആദ്യം അമ്മാവൻ്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം.

പിന്നീട് പല വാടക വീടുകളിലുമായിരുന്നു ജീവിതം. അമ്മാവൻ്റെ കുടുംബ വീട്ടിൽ താമസിക്കുമ്പോഴാണ് ഗംഗ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. കോവിഡ് കാലത്ത് ടിക് ടോക്കിലൂടെയായിരുന്നു തുടക്കം. ക്യാമറക്ക് മുന്നിൽ സംസാരിക്കാൻ ഇഷ്ടമായിരുന്ന ഗംഗ ബ്യൂട്ടി, ഫാഷൻ കണ്ടൻ്റുകൾ യൂട്യൂബിലൂടെ ചെയ്യാൻ തുടങ്ങി.

കയ്യിലുണ്ടായിരുന്ന കുറച്ച് മേക്കപ്പ് ഉത്പന്നങ്ങളുടെ റിവ്യൂവും സ്കിൻ കെയർ, ബ്യൂട്ടി ടിപ്സുകളുമായിരുന്നു ആദ്യകാല വീഡിയോകൾ. അന്ന് അമ്മയുടെ കുടുംബ വീട്ടിൽ വീഡിയോ ഷൂട്ട് ചെയ്യാൻ പറ്റിയ ഇടമില്ലാത്തതിനാൽ ഒരു പുതപ്പ് ബാക്ക്ഡ്രോപ്പാക്കിയാണ് വീഡിയോകൾ ചെയ്തിരുന്നതെന്നും ഗംഗ വെളിപ്പെടുത്തി. ഇന്ന് 'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിന് 14.7 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. യൂട്യൂബ് വരുമാനം കൊണ്ട് സ്വന്തമായി ഒരു വീട് വാങ്ങാനും ഗംഗക്ക് സാധിച്ചു. നിലവിൽ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് ഗംഗ. കടുത്ത ദാരിദ്ര്യവും പീഡനങ്ങളും അതിജീവിച്ച് സ്വന്തം പ്രയത്നത്തിലൂടെ ജീവിതവിജയം നേടിയ ഗ്ലാമി ഗംഗയുടെ കഥ നിരവധി പേർക്ക് പ്രചോദനമാണ്.