- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസത്തെ സംഗമം ഇത്രയുമധികം വിവാദമാക്കുന്നത് എന്തിന് എന്ന് സുപ്രീംകോടതി; പമ്പാ തീരത്ത് രാമകഥ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് എടുത്തുപറഞ്ഞ് വാദിച്ച് ഹര്‍ജിക്കാര്‍; ഒടുവില്‍ സര്‍ക്കാരിന് അനുകൂലമായത് ഹൈക്കോടതിയുടെ ഉപാധികള്‍ പാലിക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ്; സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അതൃപ്തി പരസ്യമാക്കി പന്തളം കൊട്ടാരം
ഒറ്റ ദിവസത്തെ സംഗമം ഇത്രയുമധികം വിവാദമാക്കുന്നത് എന്തിന് എന്ന് സുപ്രീംകോടതി
തിരുവനന്തപുരം: സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അനുകൂല വിധിയുണ്ടായതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആഗോള അയപ്പ സംഗമവുമായി മുന്നോട്ട്. എതിര്‍പ്പിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടതോടെയാണ് കോടതി ഹര്‍ജി തള്ളിയത്.
സംഗമം തടയണമെന്ന ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യം കോടതി അംഗീകരിച്ചില്ല. സെപ്റ്റംബര്‍ 20ന് നിശ്ചയിച്ചിരിക്കുന്ന ഒറ്റ ദിവസത്തെ പരിപാടിയെ ഇത്രയധികം വിവാദമാക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ഇത് വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം, പരിസ്ഥിതി ലോല പ്രദേശമായ പമ്പാ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നായിരുന്നു. ഇതിന് മുന്‍പ് രാമകഥ പരിപാടിക്ക് അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ നിലപാടും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി ചില ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും, അവ പൂര്‍ണമായും പാലിക്കുമെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ സര്‍ക്കാരിന് ആശ്വാസകരമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന് എതിരായ മൂന്ന് ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയില്‍ പരിഗണിച്ചത്. വിസി അജികുമാര്‍, ഡോ പിഎസ് മഹേന്ദ്ര കുമാര്‍, അജീഷ് കളത്തില്‍ ഗോപി എന്നിവര്‍ ആയിരുന്നു ഹര്‍ജിക്കാര്‍. പരിസ്ഥിതിലോല പ്രദേശമായ പമ്പ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത് ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ ലംഘനം ആണെന്ന് ഡോ മഹേന്ദ്ര കുമാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി ബി കൃഷ്ണന്‍ വാദിച്ചു.
മുമ്പ് പമ്പാ തീരത്ത് രാമകഥ നടത്താന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി നിയമം ചൂണ്ടിക്കാട്ടി അതിനെ എതിര്‍ത്തിരുന്നു എന്ന് സീനിയര്‍ അഭിഭാഷകന്‍ പി ബി കൃഷ്ണനും, അഭിഭാഷകന്‍ എംഎസ് വിഷ്ണു ശങ്കറും ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള അയ്യപ്പ സംഗമം നടത്താന്‍ ചില നിബന്ധനകള്‍ ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും, അഭിഭാഷകന്‍ പിഎസ് സുധീറും കോടതിയെ അറിയിച്ചു. ഇതോടെ, സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. കേരള ഹൈക്കോടതി പുറപ്പടുവിച്ചത് ഇടക്കാല ഉത്തരവ് ആണെന്നും സംഗമം നടത്താന്‍ ബോര്‍ഡിന് അവകാശം ഉണ്ടോയെന്ന കാര്യം ഹൈക്കോടതി പരിശോധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ സികെ ശശി എന്നിവര്‍ ഹാജരായി
അയ്യപ്പ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നിലവില്‍ 5000-ല്‍ അധികം പേര്‍ സംഗമത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, പ്രതിനിധികളുടെ എണ്ണം മുന്‍ഗണനാക്രമത്തില്‍ 3000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും, അതിന്റെ നിര്‍ദ്ദേശങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവി വികസനത്തിനായുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുകയാണ് പ്രധാന ലക്ഷ്യം. വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായും, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരക്ക് നിയന്ത്രിക്കാനും ഭാവിയില്‍
വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സംഗമത്തില്‍ ഉയര്‍ന്നുവരുമെന്നും മന്ത്രി പറഞ്ഞു.
സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം രാജകുടുംബം
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം രാജകുടുംബം. സര്‍ക്കാര്‍ നിലപാടുകളിലും ദേവസ്വം ബോര്‍ഡിന്റെ നടപടികളിലും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചാണ് രാജകുടുംബത്തിന്റെ ഈ തീരുമാനം. അടുത്തിടെയുണ്ടായ കുടുംബാംഗങ്ങളുടെ നിര്യാണത്തെത്തുടര്‍ന്ന് നിലനില്‍ക്കുന്ന അശുദ്ധിയെക്കുറിച്ചും അവര്‍ കാരണമായി പറയുന്നുണ്ട്.
സംഗമത്തിന്റെ സംഘാടകരായ ദേവസ്വം പ്രതിനിധികള്‍ ക്ഷണിക്കാനെത്തിയപ്പോള്‍ത്തന്നെ രാജകുടുംബം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2018-ല്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നും, ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍, സര്‍ക്കാര്‍ ഈ വിഷയത്തില്‍ പിന്നോട്ട് പോകുന്നില്ലെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, ഇത് ഭക്തര്‍ എന്ന നിലയില്‍ വേദനയുണ്ടാക്കുന്ന കാര്യമാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടുകളോടുള്ള പ്രതിഷേധം ശക്തമായി രേഖപ്പെടുത്തിക്കൊണ്ടാണ് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസ്താവന പുറത്തിറക്കിയത്. കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്ന് നിലനില്‍ക്കുന്ന അശുദ്ധിയുടെ പശ്ചാത്തലത്തില്‍ സംഗമത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അവര്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനത്തോടുള്ള വിയോജിപ്പാണ് പ്രധാനമായും ഈ ബഹിഷ്‌കരണത്തിനു പിന്നിലെന്ന് വ്യക്തമാകുന്നു.