- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിൽ; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; യൂറോപ്പിൽ വാതക പ്രതിസന്ധി; റൂബിൾ വിലയിടവിൽ റഷ്യ; സബ് സഹാറൻ പ്രദേശങ്ങളിൽ പട്ടിണി; 69 രാജ്യങ്ങൾ കുഴപ്പത്തിലേക്കെന്ന് ലോക ബാങ്ക്; ലോകം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
ലെബനൻ, സുരിനാം, ഘാന, സാംബിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, കമ്പോഡിയ, ലാവോസ്, ക്യൂബ, തുർക്കി, കെനിയ, അർജന്റീന, ഇക്വഡോർ, ഈജിപ്ത്, ചിലി , ക്രൊയേഷ്യ, കസാക്കിസ്ഥാൻ, മൊറോക്കോ, പെറു, സെനഗൽ, നൈജീരിയ, എൽ സാൽവദോർ, എത്യോപ്യ...... ഈ ലിസ്റ്റ് നീണ്ടതാണ്. ഒന്നും രണ്ടുമല്ല 69 രാജ്യങ്ങളുണ്ട്. അടിയന്തര സാമ്പത്തിക സഹായം കിട്ടിയില്ലെങ്കിൽ ഇവിടെ വൻ കുഴപ്പം ഉണ്ടാകുമെന്ന് ലോക ബാങ്ക് കണക്കാക്കുന്ന രാജ്യങ്ങൾ ആണിത്. ഈ രാജ്യങ്ങൾ വിലക്കയറ്റത്തിന്റെ പിടിയിലാണ്. തൊഴിലില്ലായ്മയും, ജീവിതനിലവാര തകർച്ചയും പ്രകടമാണ്. കോവിഡും യുക്രൈൻ യുദ്ധവും, നേരത്തെയുള്ള കടക്കെണിയും ഒപ്പം ഫിനാൻഷ്യൽ മിസ് മാനേജുമെന്റുമെല്ലാം ചേർന്ന് വല്ലാത്ത അവസ്ഥയിലേക്കാണ് ഈ രാജ്യങ്ങൾ നീങ്ങുന്നത്. സബ് സഹാറൻ പ്രദേശങ്ങൾ ശരിക്കും പട്ട്ിണിയിലേക്ക് നീങ്ങുകയാണ്.
പക്ഷേ ഇപ്പോഴിതാ 2008നുശേഷം ലോക മറ്റൊരു സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കയാണെന്ന് സംശയം ഉയരുന്നുണ്ട്. വികസിത രാജ്യങ്ങളിലേക്കും പതുക്കെ സാമ്പത്തിക മാന്ദ്യം കടക്കുകയാണ്. യുഎസിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിലാണ്. ചൈനയിൽ പ്രദേശിക ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുകയാണ്. യൂക്രൈൻ യുദ്ധത്തോടെ യൂറോപ്പിൽ വാതക പ്രതിസന്ധി ശക്തമാണ്. റൂബിൾ വിലയിടവിൽ റഷ്യ വലയുകയാണ്.
തൊഴിലാളികളും ജനവും തെരുവിൽ
ഇരുമ്പുമറയിട്ട് എല്ലാം പൂട്ടുന്ന ചൈനയിൽപ്പോലും ജനം തെരുവിൽ ഇറങ്ങിയതിന്റെ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. നമ്മുടെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് മോഡലിൽ അമിതമായ വായ്‌പ്പകളും, വ്യാജ ഇടപാടുകളും നടത്തി ചൈനയിലെ പല പ്രദേശിക ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും, പൊളിഞ്ഞു. ലക്ഷക്കണക്കിന് അല്ല 7 കോടിയോളം ഫ്ളാറ്റുകളാണ് ചൈനയിൽ വാങ്ങാൻ ആളില്ലാതെ കിടക്കുന്നത്. ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണിത്. ടിയാന്മെൻ സ്വക്യറിനുശേഷം ജനത്തെ നിയന്ത്രിക്കാൻ ചൈനയിൽ ടാങ്കുകൾ ഇറങ്ങുന്നു.
ലോക വ്യാപകമായി സമരങ്ങളുടെയും കാലമാണിത്. ബ്രിട്ടീഷ് റെയിൽവേ, ബ്രിട്ടീഷ് ലായേഴ്‌സ്, ടീച്ചേർസ് യൂണിയൻ, ബ്രിട്ടീഷ് എയർവെയ്സ്, ബ്രിട്ടീഷ് ടെലികോം, പോസ്റ്റൽ സർവീസ്, അവരുടെ വിളിക്കുന്ന ബസ് സർവീസ്, എന്നിവയിൽ ഈയിടെ സമരം നടന്നു. ഫ്രാൻസിലെ ട്രേഡ് യൂണിയനുകൾ, ചിലി, ക്രൊയേഷ്യ ഇക്യുഡോർ, ഇൻഡോനേഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, സെനഗൽ, സ്‌പെയിൻ, ശ്രീലങ്ക, തുർക്കി, അർജെന്റിന, നൈജീരിയ, എൽ സാൽവദോർ, എത്യോപ്യ ഇവിടെയൊക്കെ ജനങ്ങൾ തെരുവിലാണ്, അല്ലെങ്കിൽ പ്രതിഷേധത്തിലാണ്.
ശ്രീലങ്ക, തുർക്കി എന്നീ രാജ്യങ്ങളിലെ പെട്രോൾ പമ്പുകളിലെ വരി മൈലുകളോളം നീണ്ടു. വിലവർധന ഉണ്ടാക്കി. രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. ക്യൂബയുടേതും സമാനം തന്നെ. കോവിഡ് കാരണം ക്യൂബയിലേക്കുള്ള ടൂറിസം വരുമാനം നിലച്ചു. പല ആവശ്യസാധനങ്ങടേയും ഇറക്കുമതിയെ ബാധിച്ചു. ഡോക്ടർമാർ ആവശ്യത്തിന് ഉണ്ട്, പക്ഷെ മരുന്നില്ല. തൊഴിലില്ലായ്മയുടെയും ഇല്ലായ്മകളുടെയും കുറവുകളുടെയും അവസ്ഥക്കെതിരെ ക്യൂബക്കാർ തെരുവിൽ പ്രതിഷേധിക്കുന്നു.
എണ്ണയുടെയും പ്രകൃതി വാതകത്തിന്റെ കാര്യത്തിലും ഗോതമ്പിന്റെ കാര്യത്തിലും മറ്റു പല റഷ്യൻ ആശ്രിത രാജ്യങ്ങൾ പ്രതിസന്ധിയിലാണ്. നൈട്രജൻ, പൊട്ടാഷ്, ആൻഡ് ഫോസ്ഫറസ് വളങ്ങൾ എന്നിവ റഷ്യയിൽനിന്ന് വാങ്ങുന്ന ആഫ്രക്കൻ രാജ്യങ്ങളും പ്രതിസന്ധിയിലാണ്. റഷ്യയിൽ നിന്നും ഗോതമ്പു ലഭ്യത കുറഞ്ഞതോടെ പല സബ് സഹാറൻ പ്രദേശങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
യുഎസിലും ചൈനയിലും വരെ പ്രശ്നങ്ങൾ
സ്ഥിരം പണപ്പെരുപ്പ രാജ്യങ്ങളായ സിംബാബെ്വേ, വെനിസ്വേല, സുരിനാം, സിറിയ, സുഡാൻ എന്നിവക്കു പുറമെ ഇറാൻ 39 ശതമാനം, തുർക്കി 73 ശതമാനം, അർജന്റീനയിലെ പണപ്പെരുപ്പം 64 ശതമാനം കടന്നിരിക്കുന്നു. അത് 90 ശതമാനം എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ഐഎംഎഫിന്റെ സഹായം കിട്ടുമ്പോൾ ഇതിലെ ചില രാജ്യങ്ങൾ പാക്കിസ്ഥാൻ, ഈജിപ്ത്, എന്നിവ വീഴാതെ മുന്നോട്ടുപോകുമായിരിക്കും. ലെബോണനിലും, ഈജിപ്തിലും, ഘാനയിലും, തുർക്കിയിലുമൊക്കെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ എങ്ങനെയായിരിക്കും കാര്യങ്ങൾ എന്ന് കണ്ടറിയാം. സിംബാബ്വേയിൽ അങ്ങനെ തലമുറകളായി ജനം ഹൈ ഇൻഫ്‌ളേഷനിലാണ്. അവർ പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. സിംബാബ്‌വെയിലെ ഹൈപ്പർ ഇൻഫ്ളേഷൻ പതിയെ കുറഞ്ഞു തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ തിരിച്ചു 130 ശതമാനത്തിലേക്ക് പോയിരിക്കുന്നു
അമേരിക്കയിലെ ഇൻഫ്ളേഷൻ കഴിഞ്ഞ 40 വർഷങ്ങളിലേക്കും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു. ബ്രിട്ടനിൽ 1982 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 9 .4 ശതമാനം നാണ്യ പെരുപ്പത്തിലാണ്. യൂറോ സോണിലെ മിക്ക രാജ്യങ്ങളും പല തരം സാമ്പത്തിക പ്രതിസന്ധിയിലാണ്. യൂറോപ്പിലെ വാതക പ്രത്ിസന്ധി അങ്ങനെ ഉണ്ടായതാണ്. തെരുവ് വിളക്കുകൾ പോലും അണയ്‌ക്കേണ്ട അവസ്ഥയാണ് ജർമ്മനി പോലുള്ള രാജ്യങ്ങൾക്ക് വന്നുചേർച്ചത്.
സാമ്പത്തിക ഫയൽവാനായ അമേരിക്കക്കും ചില ഭീതികൾ ഉണ്ട്. ഇപ്പോൾ കാനഡയും, യൂറോപ്പും, ഇൻഫ്‌ളേഷനടക്കം മറ്റു സാമ്പത്തിക പ്രതിസന്ധികളിലാണ്. ചൈനയിൽ എന്തൊക്കെയോ സംഭവിക്കുന്നതിന്റെ റിപ്പോർട്ടുകൾ പ്രധാനപെട്ട ലോക മാധ്യമങ്ങളെല്ലാം ആവർത്തിക്കുന്നു.
അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വരുത്തിവെച്ച വൻ കടക്കെണിയും ഇതോടൊപ്പം വില്ലനാവുകയാണ്. 30 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ കടം. ഒരു കാലത്തും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കൻ സർക്കാരിന് അടച്ചു തീർക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്. ബ്രിട്ടന്റെ കടം 9 ട്രില്യൺ ഡോളർ, ചൈനയുടേത് 13 ട്രില്യൺ തുടങ്ങി ഫ്രാൻസ്, ജർമന, ജപ്പാൻ, കാനഡ, ഗ്രീസ് ബ്രസീൽ ഇറ്റലി എന്നിങ്ങനെ ലോകത്തെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളും, മൂന്നാം ലോക രാഷ്ട്രങ്ങളും കടക്കൂമ്പാരത്തിലാണ്. ഈ സാമ്പത്തിക സിസ്റ്റത്തിൽ, ലോലമായ ഈ ഘടനയിൽ, യുക്രൈൻ യുദ്ധവും മഹാമാരിയും ഉണ്ടാക്കിയ സമ്മർദ്ദത്തിന്റെ ട്രിഗർ ആണ് ഇന്ന് ലോകത്ത് കാണുന്ന വിലക്കയറ്റവും നാണ്യപ്പെരുപ്പവും. പല വിദഗ്ധരെയും ഭയപ്പെടുത്തുന്ന സാമ്പത്തിക കൊളാപ്‌സ് അല്ലെങ്കിൽ സാമ്പത്തിക കാറ്റസ്‌ട്രോഫി ഭീതിയുടെ അടിസ്ഥാനവും ഇതുതന്നെയാണ്.
ഇതിനിടയിലും ഇന്ത്യ തിളങ്ങുന്നു
ഈ ആഗോള പ്രതിസന്ധിയുടെ സമയത്തും തിളങ്ങി നിൽക്കുന്നത് പക്ഷേ ഭാരതമാണ്. 2021-22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 8.7 ശതാമനം ആണെന്നത് ഏവരെയും ഞെട്ടിച്ചിരിക്കയാണ്. കോവിഡ് മൂലം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഇടക്കാലത്തുണ്ടായ തിരിച്ചടികൾ മറികടക്കുന്നുവെന്ന സൂചന നൽകുന്ന കണക്കുകളാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) ചൊവ്വാഴ്ച പുറത്തുവിട്ടത്. 2020-21ൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.9 ശതാമാനം വളർച്ച കൈവരിക്കുമെന്നും കണക്കുകൾ പറയുന്നു
2020-21ൽ ജനുവരി-മാർച്ച് പാദത്തിലെ ജിഡിപി വളർച്ച 2.5 ശതമാനമായിരുന്നു. ഇന്ത്യയുടെ എട്ട് കോർ ഇൻഡസ്ട്രികളുടെ കംബൈൻഡ് ഇൻഡക്‌സ് 2022 ഏപ്രിലിൽ 143.2 ശതമാനമാണ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി പ്രോഡക്ട്‌സ്, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് കോർ ഇൻഡസ്ട്രികൾ.
കോവിഡ് കാലത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് രാജ്യത്തെ സാമ്പത്തിക നില തളർത്തിയത്. അതേസമയം കോവിഡിന് ശേഷം ഇന്ത്യൻ സാമ്പത്തിക രംഗം മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തിയത്. 2021-22 സാമ്പത്തികവർഷം, ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 4.1 ശതമാനമാണ് ജിഡിപി വളർന്നത്. ഇതിനു മുൻപ് 5.4 ശതമാനമായിരുന്നു വളർച്ച. അതേസമയം ഉയർന്ന നാണ്യപ്പെരുപ്പം കുറയ്ക്കാതെ ജിഡിപി ഗുണഫലം സാമ്പത്തിക രംഗത്ത് പൂർണ്ണമായി പ്രതിഫലിക്കില്ലെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു. എന്തായാലും ഇന്ത്യ ഇപ്പോൾ സാമ്പത്തികമായി സുരക്ഷിതമാണെന്ന് തന്നെയാണ് വിലയിരുത്തൽ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ