- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ 20 ഭീകര സംഘടനകളുടെ പട്ടികയിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും? പട്ടികയിലെ പന്ത്രണ്ടാമത്തെ സംഘടനയുടെ പേരിൽ പ്രതിഷേധം ഉയർന്നതോടെ അബദ്ധം തിരുത്തി ഐ ഇ പി; 'സഖാക്കളേ, നിങ്ങളുടെ മാനം രക്ഷിച്ചതിന് വേണമെങ്കിൽ എന്നോട് നന്ദി പറയാം' എന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ലോകത്തെ ഭീകരസംഘടനകളിൽ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്കാണോ? കുറിക്കു കൊള്ളുന്ന മറുപടികളുമായി രംഗത്തുവരുന്ന ശ്രീജിത്ത് പണിക്കർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ ലിസ്റ്റ് കണ്ട് പരിശോധിച്ചവർ കഴിഞ്ഞ ദിവസം ഞെട്ടി. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബൽ ടെററിസം ഇൻഡ്ക്‌സിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
അതേസമയം പോസ്റ്റു കണ്ടവർ ആദ്യം ഞെട്ടുമെങ്കിലും വസ്തുത പരിശോധിച്ചപ്പോൾ അതൊരു പിഴവാണെന്ന് വ്യക്തമായി. ലിസ്റ്റിൽ ശരിക്കും ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) ആണെന്ന്. അതേസമയം ബ്രാക്കറ്റ് ഒഴിവാക്കിയാൽ അത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമാകും. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ഇക്കാര്യം സിപിഐ മാവോയിസ്റ്റാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, സോഷ്യൽ മീഡിയിൽ മറിച്ചുള്ള പ്രചാരണം വന്നതോടെ, സിപിഐ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. അബദ്ധം ശ്രദ്ധയിൽ പെട്ടതോടെ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയല്ല മറിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റാണ് തങ്ങൾ ഉദ്ദേശിച്ച ഭീകര സംഘടനയെന്ന് ഏജൻസി വ്യക്തമാക്കി. പിന്നാലെ വെബ്‌സൈറ്റിൽ നിന്ന് പഴയ റിപ്പോർട്ട് നീക്കി പുതിയത് പ്രസിദ്ധീകരിച്ചു.
ഇന്റർനാഷണൽ ഇക്കണോമിക്‌സ് ആൻഡ് പീസ് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ
'ഗ്ലോബൽ ടെററിസം ഇന്റക്‌സിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് ഞങ്ങളെ ബന്ധപ്പെട്ടതിന് നന്ദി. ഡ്രാഗൺഫ്‌ളൈയുടെ ടെററിസം ട്രാക്കറിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അവരുടെ ഡാറ്റാബേസിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ പേര് ഉൾപ്പെടുത്തിയും കണ്ടില്ല. ഇത് സംബന്ധിച്ച് മനസിലാക്കിയ ഉടൻ തന്നെ ഞങ്ങൾ നടപടിയെടുത്തു. റിപ്പോർട്ടിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചതിനും ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിനും ഒന്നുകൂടി നന്ദി പറയുന്നു.'
റിപ്പോർട്ട് കുത്തിപ്പൊക്കിയ ശ്രീജിത്ത് പണിക്കരും തിരുത്തൽ വിശേഷം പോസ്റ്റ് ചെയ്തു.
എനിക്കൊരു നന്ദിയൊക്കെ പറഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 2022ലെ ഭീകര സംഘടനകളുടെ പേര് തിരുത്തിയിട്ടുണ്ട് കേട്ടോ. സഖാക്കളേ, നിങ്ങളുടെ മാനം രക്ഷിച്ചതിന് വേണമെങ്കിൽ നിങ്ങൾക്കും എന്നോട് നന്ദി പറയാം. നിങ്ങൾക്ക് ശീലമില്ലെന്ന് അറിയാം, എന്നാലും പറഞ്ഞെന്നേയുള്ളൂ.
ലിങ്ക് പിടിച്ചോ: https://twitter.com/globpea.../status/1636625129232027648
അതേസമയം 2022ലെ ഗ്ലോബൽ ടെററിസം ഇൻഡ്ക്‌സിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഒന്നാം സ്ഥാനത്ത്. അൽഷബാബ്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ജമാഅത്ത് നുസ്രത്ത് അൽഇസ്ലാം വാൽ മുസ്ലിമീൻ (ജെഎൻഐഎം) തുടങ്ങിയ സംഘടനകളാണ് തൊട്ടുപിന്നിൽ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആക്രമണത്തിൽ 39 പേർ മരിച്ചെന്നും 61 ആക്രമണങ്ങൾ നടത്തിയതിൽ 30 പേർക്ക് പരുക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മാവോയിസ്റ്റ് സംഘടനയെ ഉദ്ദേശിച്ചാണ്.
ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്. അതേസമയം, ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ബുർക്കിന ഫാസോ, സൊമാലിയ, മാലി, സിറിയ, പാക്കിസ്ഥാൻ, ഇറാഖ്, നൈജീരിയ, മ്യാന്മർ, നൈജർ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുപിന്നിൽ.
പട്ടികയിൽ ഒന്നാമതമുള്ള, അഫ്ഗാനിസ്ഥാനിൽ 633 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ൽ, തീവ്രവാദം മൂലമുള്ള മരണങ്ങൾ ഒമ്പത് ശതമാനം കുറഞ്ഞ് 6,701 മരണങ്ങളായിട്ടുണ്ട്. 2015ലെ ഏറ്റവും ഉയർന്ന നിലയേക്കാൾ 38 ശതമാനം കുറവാണിത്. ഐഎസും അവരുടെ അനുബന്ധ സംഘടനകളുമാണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദ ഭീഷണിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ