തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ ഹൈക്കോടതിയെയും കബളിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പസംഗമത്തിന് ഒരു രൂപപോലും ചെലവാക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ അനുവദിച്ചു. അയ്യപ്പസംഗമം നടക്കുന്നതിന്റെ അഞ്ചുദിവസംമുന്‍പ് ദേവസ്വം കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച വിവരം ഉള്ളത്.

എംഒയു പ്രകാരം ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിനാണ്. സംഗമത്തിന്റെ നടത്തിപ്പിന് കമ്പനിക്ക് ആകെ ചെലവായത് 82242147 (8.2 കോടി) രൂപയാണ്. ഇതില്‍ ആദ്യഘട്ടമെന്നോണം അഡ്വാന്‍സായി മൂന്നുകോടി രൂപ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് അനുവദിച്ചെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ഭക്തര്‍ കാണിക്കയിടുന്നതടക്കമുള്ള പണമാണ് സര്‍പ്ലസ് ഫണ്ട്. ഇവ ഒരുതരത്തിലും ഇത്തരം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടുള്ളതല്ല. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ദേവസ്വം കമ്മിഷണറുടെ സര്‍പ്ലസ് ഫണ്ട് അനുവദിക്കാന്‍ കഴിയുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ അയ്യപ്പ സംഗമത്തിനായി പണം മുടക്കിയത്. കോവിഡ് സമയത്ത് ദേവസ്വം ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ഈ പണം ഉപയോഗിച്ചിരുന്നത്. പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ ആസ്തി വികസിപ്പിക്കാനോ കെട്ടിടം പണിയാനോ ഒക്കെയാണ് സര്‍പ്ലസ് ഫണ്ട് ചെലവഴിക്കേണ്ടത്.

അതേസമയം അയ്യപ്പസംഗമത്തിന് ഒരു രൂപപോലും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ചെലവഴിക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. സ്പോണ്‍സര്‍മാരിലൂടെ പണം കണ്ടെത്തുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. അതേസമയം സ്‌പോണ്‍സര്‍മാരുടെ പണം കിട്ടുമ്പോള്‍ പണം തിരിച്ചെടുക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം.

ചടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

പണം നല്‍കാന്‍ ബജറ്റ് നിര്‍ദ്ദേശം ഉണ്ട്. സംഗമത്തിന് സ്‌പോണ്‍സര്‍മാരുണ്ട്. ഇവരില്‍ നിന്ന് പണമെത്തുന്ന മുറയ്ക്ക് തിരിച്ച് വയ്ക്കും. ആസ്തി വികസനത്തിനുള്ള സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് ബോര്‍ഡ് പണം ഇവന്‍ര് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കിയിട്ടുള്ളത്. സ്‌പോണ്‍സര്‍മാരാരൊക്കെ എന്നോ എത്ര തുക സമാഹരിക്കാനായെന്നോ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടില്ല. തുക തിരിച്ച് വക്കുമെന്ന് ഉത്തരവില്‍ സൂചനയും ഇല്ല. സ്‌പോണ്‍സര്‍മാരെ കുറിച്ചും ദൂരുഹതകള്‍ നിലനില്‍ക്കുകയാണ്. ആരാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തതെന്ന ചോദ്യമാണ് ഉയരുന്നത്.