കണ്ണൂർ: ഗോഫസ്റ്റ് സർവീസുകൾ മുടങ്ങിയതോടെ ടിക്കറ്റെടുത്ത യാത്രക്കാർ പെരുവഴിയിലായി. ഗോഫസ്റ്റിന് കണ്ണൂരിൽ നിന്നുള്ള നിരക്ക് പൊതുവെ ഉയർന്നതിനാൽ മാസങ്ങൾക്കു മുൻപേ ടിക്കറ്റെടുത്തുവെച്ചവരാണ് ത്രിശങ്കുവിലായത്. യാത്ര അടുത്തതോടെ ടിക്കറ്റ് മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. പകരം ടിക്കറ്റ് കണ്ണൂരിൽ നിന്നും എടുക്കണമെങ്കിൽ ഇരട്ടിയോ അതിലധികോ പണം ചെലവഴിക്കണം. നേരിട്ട് വിമാനമില്ലാത്ത റൂട്ടിൽ കനത്ത നിരക്ക് നൽകുന്നതിനൊപ്പം മണിക്കൂറുകളോളം പല വിമാനത്താവളങ്ങളിലായി കാത്തിരിക്കേണ്ട ഗതികേടും യാത്രക്കാർക്കുണ്ടാവും.

ഗോഫസ്റ്റിൽ ടിക്കറ്റു നൽകിയ ട്രാവൽ ഏജൻസികളും വെട്ടിലായിരിക്കുകയാണ്. മുൻകൂർ പണം നൽകി ബ്ളോക്ക് ചെയ്ത ടിക്കറ്റുകൾക്കായി മുടക്കിയ പണം എപ്പോൾ തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലെന്ന് ഇവർ പറയുന്നു. യാത്രക്കാരും ട്രാവൽ ഏജൻസിക്കാരും തമ്മിൽ ടിക്കറ്റിനായി ചെലഴവിച്ച പണത്തെ കുറിച്ചു തർക്കം തുടങ്ങിയിട്ടുണ്ട്. മുൻകൂർ പണം നൽകി ബ്ളോക്ക് ചെയ്ത ടിക്കറ്റുകൾക്കായി പണം എപ്പോൾ റീഫണ്ടു ചെയ്യുമെന്ന കാര്യം തങ്ങൾക്ക് പറയാൻ കഴിയില്ലെന്നാണ് ട്രാവൽ ഏജൻസി ഉടമകൾ പറയുന്നത്. അടിയന്തിരമായി ഗോഫസ്റ്റ് സർവീസ് പുനരാരംഭിച്ചില്ലെങ്കിൽ യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും കനത്ത നഷ്ടം സംഭവിച്ചേക്കും.

മെയ് ഒൻപതുവരെയുള്ള ദിവസങ്ങളിലെ സർവീസുകൾ നിർത്തുന്നതായാണ് ഗോഫസ്റ്റ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ തുടർന്നും കൃത്യമായി സർവീസ് നടത്തുമോയെന്ന കാര്യത്തിൽ ഇവർ യാതൊരു ഉറപ്പും നൽകുന്നില്ല. ഗോഫസ്റ്റ് പറക്കാത്തത് കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പിനിക്കു കോടികളുടെ നഷ്ടമാണ് ഇതുകാരണമുണ്ടാകുന്നത്. ശരാശരി 13- ലക്ഷം രൂപയോളമാണ് പ്രതിദിനം ഗോഫെസ്റ്റ് കിയാലിന് വിവിധ വിഭാഗങ്ങളിലായി നൽകുന്നത്. ഒരു മാസം സർവീസ് റദ്ദാക്കിയാൽ നാലുകോടിരൂപയോളം വരും. കിയാലിന്റെ നഷ്ടം. പാർക്കിങ് ഫീസ്, ലാൻഡിങ് ഫീസ്, തുടങ്ങിയ വിഭാഗങ്ങളിലുമായി ഓരോ സർവീസിനും എയർലൈൻ തുക അടയ്ക്കുന്നുണ്ട്.

പ്രതിമാസം 240സർവീസുകളാണ് ഗോഫസ്റ്റ് കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നും നടത്തുന്നത്. പ്രതിദിനം എട്ടുസർവീസുകൾ കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 1200 യാത്രക്കാരുടെ എണ്ണവും പ്രതിമാസം 36,000 പേരുടെയും കുറവാണുണ്ടായിരിക്കുന്നത്. യാത്രക്കാർ വരുന്നതും പോകുന്നതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം, ഡ്യൂട്ടി ഫ്രീഷോപ്പ്, ഡേഹോട്ടൽ, മറ്റു സ്റ്റാളുകൾ എന്നിവടങ്ങളിലൂടെ ലഭിക്കേണ്ട വരുമാനവും കിയാലിന് നഷ്ടമാവുകയാണ്.

കൊവിഡിന് ശേഷം അതിജീവനത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന കിയാലിന് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ് ഗോഫസ്റ്റിന്റെ തീരുമാനം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശവിമാനസർവീസുകൾ തുടങ്ങുന്നതിന് ഇനിയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.