ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരു അപൂര്‍വ ഭൂമി നിധിയുണ്ടെന്നും ഇതോടെ രാജ്യം സമ്പന്നമാകുമെന്ന് അവകാശപ്പെട്ട് സൈനിക മേധാവി അസിം മുനീര്‍. ഇലക്ട്രോണിക്‌സ്, പ്രതിരോധ മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ പാക്കിസഥാന്റെ ധാതു ശേഖരത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അസിം മുനീറിന്റെ പരാമര്‍ശം.

പാക്കിസ്താന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ പാകിസ്ഥാന്റെ കടം കുറയും. കൂടാതെ പാക്കിസ്ഥാന്‍ ഉടന്‍ തന്നെ ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും -പാക് ജിയോ ന്യൂസില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച കോളത്തിലാണ് മുനീര്‍ ഈ വാദങ്ങള്‍ ഉന്നയിച്ചതായി എഴുത്തുകാരന്‍ സുഹൈല്‍ വാറൈച്ച് വെളിപ്പെടുത്തിയത്.

അപൂര്‍വ ധാതുക്കളുടെ കാര്യത്തില്‍ ചൈനീസ് ആധിപത്യം തകര്‍ക്കാനും ചൈനയിലെ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് അമേരിക്കയുടെ ശ്രമം. ഇതിനിടെയാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള വെടിനിര്‍ത്തല്‍ കരാറില്‍ തന്റെ പങ്ക് സംബന്ധിച്ച ആവര്‍ത്തിച്ചുള്ള അവകാശവാദം അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ ട്രംപ് പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുകയാണ്.

നേരത്തെ പാകിസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിന് അമേരിക്ക ചില പദ്ധതികള്‍ മുന്നോട്ടുവച്ചിരുന്നു. പിന്നാലെയാണ് ധാതു ഖനനം സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നത്. ചൈനയോടും യുഎസിനുമോടുമുള്ള സൌഹൃദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഒരു സുഹൃത്തിനെ മറ്റൊരാള്‍ക്ക് വേണ്ടി ത്യജിക്കില്ല' എന്നാണ് അസിം മുനീര്‍ പറഞ്ഞത്.

വന്‍ എണ്ണ ശേഖരം കണ്ടെത്തിയെന്ന് നേരത്തെ പാകിസ്ഥാന്‍ അവകാശപ്പെട്ടത് വലിയൊരു തട്ടിപ്പായിരുന്നു. 2019-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കടലില്‍ 'വലിയ കണ്ടെത്തലിന് സാധ്യതയുണ്ട്' എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ, വാതക ശേഖരം കണ്ടെത്തുമെന്ന സ്വപ്നം അധികകാലം നീണ്ടുനിന്നില്ല, പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നാണ് പെട്രോളിയം മന്ത്രാലയം പിന്നീട് പ്രതികരിച്ചത്.

അസിം മുനീര്‍ രണ്ട് മാസത്തിനിടെ രണ്ട് തവണ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ആദ്യ സന്ദര്‍ശനത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ പാക് സൈനിക മേധാവിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസിം മുനീര്‍ പ്രതികരിച്ചു. ആസിഫ് അലി സര്‍ദാരിക്ക് പകരം അസിം മുനീര്‍ പാകിസ്താന്റെ പ്രസിഡന്റായേക്കുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അസിം മുനീര്‍ തള്ളിക്കളഞ്ഞു. യുഎസ് സന്ദര്‍ശനം കഴിഞ്ഞ് ബെല്‍ജിയത്തില്‍ എത്തിയ ശേഷം, ഡെയ്‌ലി ജാങ് പത്രത്തോടായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. പാകിസ്താന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രാജ്യത്തിന്റെ സേവകന്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ''ദൈവം എന്നെ രാജ്യത്തിന്റെ (പാകിസ്താന്റെ) സംരക്ഷകനാക്കി. അതല്ലാതെ മറ്റൊരു സ്ഥാനവും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു സൈനികനാണ്, എന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണ്.'' - അസിം മുനീര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്നുമുള്ള അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. സമീപകാലത്ത് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം കിട്ടിയ അസിം മുനീര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്.

പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ മറികടന്ന് അദ്ദേഹം യുഎസ്. ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിലവിലുള്ള പാര്‍ലമെന്ററി സംവിധാനത്തെ മാറ്റി പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമം പാകിസ്താനില്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

സൈനിക അട്ടിമറികള്‍ അസാധാരണമല്ലാത്ത പാകിസ്താനില്‍ അസിം മുനീര്‍ ഒരു ശക്തനായ വ്യക്തിയാണ്. ഡിജി ഐഎസ്ഐ, ഡിജി മിലിട്ടറി ഇന്റലിജന്‍സ്, കോര്‍പ്സ് കമാന്‍ഡര്‍, ഇപ്പോള്‍ ആര്‍മി ചീഫ് എന്നിങ്ങനെ എല്ലാ പ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അടുത്തിടെ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റവും ലഭിച്ചു.