- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിയമവിരുദ്ധമായി പ്രവാസികളില്‍നിന്ന് 592.5 കോടി സമാഹരിച്ചതില്‍ വ്യക്തമായ ഉത്തരം വേണം; എമ്പുരാനില്‍ മുടക്കിയ പണത്തിന്റെ ഉറവിടവും സംശയ നിഴലില്‍; ഗോകുലം ഗോപാലനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത് രേഖകളില്‍ വ്യക്തത അനിവാര്യമായതിനാല്‍; ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്യുമോ? ഇഡിയുടെ ലക്ഷ്യം അവ്യക്തം
കൊച്ചി: മൂന്നുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതെന്ന് പറയുന്ന വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) കേസില്‍ വ്യവസായിയും 'എമ്പുരാന്‍' സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കിയതു പ്രകാരം ഗോകുലം ഗോപാലന്‍ ഇന്നു ഇ ഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വിശദ ചോദ്യം ചെയ്യലിന് ശേഷം ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്യുമോ എന്ന സംശയം ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ ചെന്നൈയില്‍ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂര്‍ത്തിയായിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ മിന്നല്‍ റെയ്ഡ് നടത്തിയതും മണിക്കൂറുകള്‍ ഗോപാലനെ ചോദ്യംചെയ്തതും എമ്പുരാന്‍ സിനിമ നിര്‍മ്മിച്ചതിന്റെ പ്രതികാര നടപടിയാണെന്ന് ആരോപണമുണ്ട്.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി നിയമവിരുദ്ധമായി പ്രവാസികളില്‍നിന്ന് 592.5 കോടി രൂപ സമാഹരിച്ചെന്നാണ് ഇഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്നും പ്രവാസികള്‍ക്ക് തുക പണമായി തിരികെ നല്‍കിയത് ഫെമ ചട്ടലംഘനമാണെന്നും പറയുന്നു. പരിശോധനയില്‍ 1.50 കോടി രൂപ പിടിച്ചെടുത്തതായും വാര്‍ത്താക്കുറിപ്പിലുണ്ട്. കൊച്ചിയില്‍ സോണല്‍ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. െചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയത്.
ചെന്നൈയിലെ പരിശോധന ശനിയാഴ്ചയും തുടര്‍ന്നിരുന്നു. റെയ്ഡില്‍ ഒന്നര കോടി രൂപയും ഫെമ നിയമം ലംഘിച്ചതിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് പ്രവാസികളില്‍നിന്നും 371.80 കോടി രൂപയും 220.74 കോടി രൂപയുടെ ചെക്കും സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇത് റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെയും വിദേശ നാണയ വിനിമയ ചട്ടങ്ങളുടെയും (ഫെമ) ലംഘനമാണെന്ന് ഇ.ഡി പറയുന്നു. റെയ്ഡിന്റെ ഭാഗമായി ഗോകുലം ഗോപാലനെ ചെന്നൈയില്‍ വിളിച്ചു വരുത്തുകയും ഏഴു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.
എമ്പുരാന്‍ വിവാദവുമായി നിലവിലെ നിയമനടപടികള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോഴും ഈ സിനിമയ്ക്കായി മുടക്കിയ തുകയുടെ കണക്കടക്കം പരിശോധനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2022 മുതല്‍ ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കുന്നുണ്ട്. 2022ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. മുന്‍ നിര്‍മാതാക്കള്‍ പിന്മാറിയതോടെ അവസാന ഘട്ടത്തിലാണ് ഗോകുലം ഗോപാലന്‍ എമ്പുരാന്‍ സിനിമയുെട നിര്‍മാണ പങ്കാളിയായി എത്തിയത്.
വ്യവസായിയും 'എമ്പുരാന്‍' സിനിമയുടെ സഹനിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തി. നോട്ടീസ് നല്‍കിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡി.ക്ക് മുന്നിലെത്തിയത്. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മറ്റു ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നും സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമാണെന്നുമുള്ള വിലയിരുത്തലിലായിരുന്നു പരിശോധനകളും ആദ്യ ഘട്ട ചോദ്യംചെയ്യലും. ഗോകുലം ഗ്രൂപ്പിന്റെ മറ്റു സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്.