കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര' എന്ന വീട്ടില്‍ നടന്ന മോഷണത്തില്‍ പാചകക്കാരിയും സുഹൃത്തും അറസ്റ്റിലായതിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ നിന്നും പലതവണയായി 16 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് കൂടുതല്‍ സ്വര്‍ണ്ണം അലമാരയില്‍ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശന്‍ എന്നിവരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 പവന്‍ സ്വര്‍ണമാണ് എംടിയുടെ വീട്ടില്‍ നിന്ന് കളവ് പോയത്. മോഷണത്തിന്റെ അടയാളങ്ങളൊന്നും അലമാരയില്‍ കാണാത്തതിനാല്‍, വീടുമായി ഇടപഴകുന്നവരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണമാണ് വീട്ടിലെ ജോലിക്കാരിയിലേക്ക് ഒടുവില്‍ എത്തിയത്.

കവര്‍ച്ച നടത്തിയ പ്രതികളെ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിന് പിടികൂടാനായി. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടി.യുടെ 'സിതാര' എന്ന വീട്ടിലാണ് മോഷണം നടന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്റഫ്ന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

3,4,5 പവന്‍ തൂക്കം വരുന്ന മൂന്ന് മാലകള്‍, മൂന്ന് പവന്റെ വള, മൂന്ന് പവന്‍ തുക്കം വരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മല്‍, ഒരു പവന്റെ ലോക്കറ്റ്. മരതകം പതിച്ചൊരു ലോക്കറ്റ് തുടങ്ങി 16 ലക്ഷത്തിന്റെ ആഭരണങ്ങളാണ് കവര്‍ന്നത്. സെപ്തംബര്‍ 22നാണ് വീട്ടുകാര്‍ ഒടുവില്‍ ആഭരണം പരിശോധിച്ചത്. സെപ്തംബര്‍ 29ന് അലമാരയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. മറ്റെവിടെയെങ്കിലും വച്ചോ എന്ന സംശയത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. അങ്ങനെയാണ് നടക്കാവ് പൊലീസില്‍ പരാതിപ്പെട്ടത്. എംടിയുടെ കയ്യെഴുത്ത് പ്രതികളടക്കം അമൂല്യ സാഹിത്യ കൃതികളൊന്നും കള്ളന്‍ തൊട്ടിട്ടില്ല.

എം.ടി.യുടെ ഭാര്യ സരസ്വതിയാണ് പരാതി നല്‍കിയത്. നോര്‍ത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ കെ. സേതുരാമന്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസന്വേഷണം നടത്തിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷറഫ് തെങ്ങലക്കണ്ടിക്കായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.

കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ കേരള പോലീസിന്റെ ശാസ്ത്രീയ അന്വേഷണ വിഭാഗമായ ഫിംഗര്‍പ്രിന്റ്, സയിന്റിഫിക് എക്സ്പെര്‍ട് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നോര്‍ത്ത് സോണ്‍ ഐ.ജി. കെ. സേതുരാമന്‍ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് എന്നിവര്‍ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. വീടിന്റെ പൂട്ട് തകര്‍ത്തിട്ടില്ല, ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല, അലമാര താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത് എന്നീ വസ്തുതകള്‍ കണക്കിലെടുത്താണ് മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാന്‍ സാധ്യതയില്ലെന്ന് പോലീസ് ഉറപ്പിച്ചത്.

പ്രാഥമിക ഘട്ടത്തില്‍ ചോദ്യം ചെയ്യേണ്ടവരേയും രഹസ്യ നിരീക്ഷണം നടത്തേണ്ടവരേയും സിറ്റി ക്രൈം സ്‌ക്വാഡ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്റഫ് പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി നല്‍കി. രണ്ട് ടീമായാണ് ആദ്യഘട്ട അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെ എം.ടി.യുടെ വീടുമായി ബന്ധപ്പെടുന്ന പോലീസിന് സംശയമുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് ജില്ലയ്ക്ക് പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കി. എം.ടി.യുടെ ജന്മനാടായ കൂടല്ലൂര്‍, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി.

ഇതേസമയം, എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തവേ എം.ടി.യുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി. വൈകാതെ പ്രാകാശിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രകാശും ശാന്തയും പലതവണകളായി മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയില്‍ വിറ്റ വിവരം പോലീസിനോട് സമ്മതിച്ചു. ഇതോടെ പോലീസ് ശാന്തയെ രാവിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

ഇരുവരെയും അന്വേഷണ സംഘം ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി ചോദ്യം ചെയ്തു. കമ്മത്ത് ലെയ്നിലെ മൂന്ന് കടകളില്‍ മോഷണ സ്വര്‍ണം വില്‍പന നടത്തിയതായി പ്രതികള്‍ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കമ്മത്ത് ലെയ്നിലെത്തി തെളിവെടുപ്പ് നടത്തി. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു മുതിരപ്പറമ്പില്‍, സി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാര്‍, രാകേഷ് ചൈതന്യം, നടക്കാവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ നിഷ, സീനിയര്‍ സി.പി.ഓ.മാരായ എം.വി. ശ്രീകാന്ത്, അജീഷ് പിലിശ്ശേരി, വി.കെ. ജിത്തു, കെ. ഷിജിത്ത്, സി. ഹരീഷ് കുമാര്‍ ചെമ്മങ്ങാട് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്‌കുമാര്‍, സീനിയര്‍ സി.പി.ഓ.മാരായ സിന്ധു, രഞ്ജിത്ത്, ഡ്രൈവര്‍ സി.പി.ഒ. രഞ്ജിത്ത് അഴിഞ്ഞിലം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.പ്രതികള്‍ കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നിരുന്നു