- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് അഭിലാഷ് ടോമി; മത്സരം ഫിനിഷ് ചെയ്തത് രണ്ടാമനായി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ; ഒന്നാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ വനിത താരം കിർസ്റ്റൻ ന്യൂഷാഫറിന് കിരീടം; ഓസ്ട്രിയൻ താരം മൈക്കൽ ഗുഗ്ഗൻബെർഗർ മൂന്നാം സ്ഥാനത്ത്
ലെ സാബ്ലെ ദെലോൻ: ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് പായ്വഞ്ചിയോട്ട മത്സരം ഫിനിഷ് ചെയ്തത്. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി.
ആവേശത്തോടെയാണ് അഭിലാഷ് ടോമിയെ ഫ്രാൻസിലെ ലെ സാബ്ലെ ദെലോൻ നഗരത്തിലേക്ക് വരവേറ്റത്. നോർത്ത് അറ്റ്ലാന്റിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകർ.
236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റർ. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിൽ അഭിലാഷ് യാത്ര തുടങ്ങിയത്. 1968ലെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന പായ് വഞ്ചിയിൽ 28,000 നോട്ടിക്കൽ മൈൽ പിന്നിട്ടാണ് അഭിലാഷ് ഒറ്റയാൾ യാത്ര അവസാനിച്ചത്.
ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പലാണു രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. കടലിൽ പെട്ടെന്നു കാറ്റില്ലാത്ത അവസ്ഥയുണ്ടായതോടെ അവസാനത്തെ 23 നോട്ടിക്കൽ മൈലുകൾ പിന്നിടാൻ കിഴ്സ്റ്റന് ഏതാനും മണിക്കൂറുകൾ വേണ്ടിവന്നു.
വൈകിട്ട് 7 മണിയോടെ സംഘാടകരും കുടുംബാംഗങ്ങളും ബോട്ടിൽ ഫിനിഷിങ് ലൈനിലേക്കു പോയെങ്കിലും രാത്രിയോടെയാണ് കിഴ്സ്റ്റന്റെ വഞ്ചി 'മിനേഹാഹ' ലക്ഷ്യത്തിലെത്തിയത്. ഹോണുകൾ മുഴക്കിയാണ് കിഴ്സ്റ്റനെ ബോട്ടുകൾ സ്വാഗതം ചെയ്തത്.
തീരത്തുള്ള റസ്റ്ററന്റുകൾ സ്പീക്കറിലൂടെ ഹോൺ ശബ്ദം മുഴക്കി. ഷാംപെയ്ൻ ബോട്ടിലുകൾ പൊട്ടിച്ച് കിഴ്സ്റ്റൻ വിജയലഹരി നുണഞ്ഞു. 235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റൻ ഫിനിഷ് ചെയ്തത്.
അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടായിരുന്നത്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്. ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.
കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്. 236 ദിവസങ്ങളാണ് അഭിലാഷ് ടോമി ബയാനത്ത് എന്ന ചെറുപായക്കപ്പലിൽ 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്നത്.
മറ്റ് കായിക ഇനങ്ങളേക്കാളും വെല്ലുവിളികൾ നിറഞ്ഞ മത്സരമായതിനാൽ സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോൾഡൻ ഗ്ലോബ് റേസിനെ വിളിക്കുന്നത്. പ്രകൃതിയുടെ വെല്ലുവിളികളേയും ശാരീരിക മാനസിക വെല്ലുവിളികളേയും ഒരു പോലെ മറികടന്നാണ് മത്സരത്തിൽ പങ്കെടുക്കുന്ന നാവികർ നേരിടേണ്ടി വരുന്നത്.
2012ലാണ് നാവികസേന ഉദ്യോഗസ്ഥനായിരിക്കെ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് പായ് വഞ്ചിയിൽ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. നാവികസേന കമാൻഡർ പദവിയിൽ നിന്ന് വിരമിച്ച അഭിലാഷിനെ കീർത്തി ചക്ര, ടെൻസിങ് നോർഗെ പുരസ്കാരം എന്നിവ നൽകി ആദരിച്ചിരുന്നു.
1968ൽ സംഘടിപ്പിച്ച, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ്. ഇതിന്റെ ഓർമയ്ക്കായി 2018ൽ ആരംഭിച്ച മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഇപ്പോഴത്തേത്. 2022 സെപ്റ്റംബർ 4നു ഫ്രാൻസിലെ ലെ സാബ്ലെ ദെലോനിൽനിന്നാണ് മത്സരം ആരംഭിച്ചത്. മഹാസമുദ്രങ്ങൾ താണ്ടി ഇവിടെത്തന്നെ തിരിച്ചെത്തുകയെന്നതാണ് മത്സരം.
1968ലെ മത്സരത്തിൽ നാവികർ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതിക വിദ്യകളും സൗകര്യങ്ങളും മാത്രമാണ് മത്സരാർഥികൾക്ക് ഉപയോഗിക്കാൻ അനുമതി. യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്പോൺസർമാർ. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സഹസ്പോൺസറാണ്. 16 നാവികരാണ് മത്സരം തുടങ്ങിയതെങ്കിലും ഫിനിഷിങ്ങിലേക്ക് എത്തിയത് മൂന്നു പേർ മാത്രം.
മറുനാടന് മലയാളി ബ്യൂറോ