ന്യൂഡൽഹി: ഒരുനിശ്ചയവുമില്ല ഒന്നിനും, ഇതാണ് ടെക് കമ്പനികളിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. എപ്പോൾ വേണമെങ്കിലും 'നിങ്ങളെ പുറത്താക്കിയിരിക്കുന്നു എന്ന ഇ-മെയിൽ സന്ദേശം വരാം'. ചിലപ്പോൾ, അതുംകൂടി ഉണ്ടാകില്ല, സിസ്റ്റത്തിൽ ലോഗ് ഇൻ ചെയ്യാൻ ശ്രമിക്കുമ്പോഴായിരിക്കും, പണി പോയെന്ന് അറിയുക. കഴിഞ്ഞാഴ്ചയാണ് ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അറിയിച്ചത്. അക്കൂട്ടത്തിൽ ഒരാളാണ് ഗൂഗിളിൽ ആളെ ചേർക്കുന്ന റിക്രൂട്ടിങ് ജോലി നോക്കിയിരുന്ന ഡാൻ ലാനിഗൻ റയാൻ. റയാൻ ലിങ്ക്ഡ് ഇന്നിൽ എഴുതിയ ഒരു കുറിപ്പ് ഈ രംഗത്തെ മനുഷ്യത്വമില്ലായ്മ ബോധ്യപ്പെടുത്താൻ സഹായിക്കും.

പതിവ് പോലെ ഒരു ഉദ്യോഗാർത്ഥിയെ ഓൺലൈനിൽ അഭിമുഖം നടത്തുകയായിരുന്നു റയാൻ. പെട്ടെന്ന് ആ കോൾ ഡിസ്‌കണക്ടായി. റയാൻ ഔട്ട്. അതായത് പണി പോയി. നിയമന അഭിമുഖം നടത്തിക്കൊണ്ടിരിക്കെ, റിക്രൂട്ടർക്ക് തന്നെ പണി നഷ്ടപ്പെടുന്ന അപൂർവ സാഹചര്യം.

റയാൻ ലിങ്ക്ഡ് ഇന്നിൽ ഇങ്ങനെ കുറിച്ചു: ' ദൗർഭാഗ്യവശാൽ കഴിഞ്ഞ വെള്ളിയാഴ്ച ഗുഗിളിലെ ജോലി നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരുവനാണ് ഞാൻ. ഇങ്ങനെ പൊടുന്നനെയൊരു അശുഭകരമായ പുറത്താകൽ പ്രതീക്ഷിച്ചിരുന്നില്ല. ഒരു കോളിന്റെ നടുവിൽ സിസ്റ്റത്തിൽ നിന്ന് ബ്ലോക്ക് ഔട്ടായി. സ്വപ്‌ന കമ്പനിയിലെ സ്വപ്ന ജോലിയായിരുന്നു റയാന് ഗൂഗിൾ എന്നുപറഞ്ഞാൽ. ജോലി കിട്ടിയെന്ന് റിക്രൂട്ടർ വിളിച്ചുപറഞ്ഞപ്പോൾ, ഞാൻ തുള്ളിച്ചാടുകയായിരുന്നു. പക്ഷേ, കഴിഞ്ഞ വെള്ളിയാഴ്ച എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോൾ മുറിഞ്ഞപ്പോൾ, ഞാൻ കമ്പനിയുടെ ആഭ്യന്തര വെബ്‌സൈറ്റിൽ പ്രവേശിക്കാൻ നോക്കി. പക്ഷേ, സാധിച്ചില്ല. പിന്നീട് കമ്പനി വെബ്‌സൈറ്റിലേക്കുള്ള പ്രവേശനവും നിഷേധിക്കപ്പെട്ടു. ഇ മെയിലും ബ്ലോക്കായി.

' എന്നെ എല്ലാറ്റിൽ നിന്നും ബ്ലോക്ക് ചെയ്തു. പിന്നീട് ഒരു 15, 20 മിനിറ്റ് കഴിഞ്ഞപ്പോൾ, അറിഞ്ഞു, ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന്'

ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റാണ് 12000 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. മൊത്തം തൊഴിലാളികളുടെ 6% പേരെയാണ് ഒഴിവാക്കുന്നത്. ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്കുള്ള സന്ദേശമായാണ് അറിയിച്ചത്. പിരിച്ചുവിടൽ അടക്കമുള്ള തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പിച്ചൈ അറിയിച്ചു.

ബിസിനസിലെ എതിരാളികളായ മൈക്രോസോഫ്റ്റ് 10000 പേരെ പിരിച്ചു വിടുമെന്ന അറിയിപ്പു വന്ന് ഏതാനും ദിവസത്തിനു ശേഷമാണ് ഗൂഗിൾ നിലപാട് വ്യക്തമാക്കിയത്. ആമസോൺ (18,000), ഫേസ്‌ബുക് മാതൃകമ്പനി മെറ്റ (11,000) എന്നിവയും നേരത്തെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.

ഏതാനും വർഷമായി ധാരാളം പേരെ റിക്രൂട്ട് ചെയ്തിരുന്നെങ്കിലും പുതിയ സാമ്പത്തിക സാഹചര്യത്തിൽ കുറച്ചു പേരെ ഒഴിവാക്കിയേ കഴിയൂ എന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. റിക്രൂട്‌മെന്റ്, കോർപറേറ്റ് മാനേജ്‌മെന്റ്, എൻജിനീയറിങ്, പ്രോഡക്ട്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നെല്ലാം പിരിച്ചുവിടൽ ഉണ്ടാകും.

ആഗോള തലത്തിലാണ് നടപടി. യുഎസിൽ ഇത് പെട്ടെന്ന പ്രാബല്യത്തിലാകും. മറ്റുരാജ്യങ്ങളിൽ അവിടങ്ങളിലെ തൊഴിൽ നിയമങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാകും പിരിച്ചുവിടൽ നടപടി പ്രാബല്യത്തിലാകുക.