- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടകളുമായി അവിശുദ്ധ ബന്ധം; റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇടനിലക്കാര്‍; ഗുണ്ടകളുടെ തര്‍ക്കം തീര്‍ക്കലും സാമ്പത്തിക ലാഭവും; സസ്പെന്‍ഷനിലായ ഡിവൈഎസ്പിമാരായ ജോണ്‍സണെയും പ്രസാദിനെയും തിരിച്ചെടുത്ത് ആഭ്യന്തര വകുപ്പിന്റെ വിചിത്ര ഉത്തരവ്
ഗുണ്ടാ ബന്ധത്തിന് സസ്പെന്‍ഷനിലായ ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു
തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിവൈഎസ്പിമാരെ തിരിച്ചെടുത്ത് ആഭ്യന്തര വകുപ്പിന്റെ വിചിത്ര ഉത്തരവ്. റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജ. ജോണ്‍സണ്‍, വിജിലന്‍സിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്നിലെ ഡിവൈഎസ്പി എം.പ്രസാദ് എന്നിവരെയാണ് ഒരു വര്‍ഷം മുമ്പ് സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടില്‍ ഡിവൈഎസ്പിമാര്‍ ഇടനിലനിന്നുവെന്നായിരുന്നു കണ്ടെത്തല്‍.
ഗുണ്ട, റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയും, ഗുണ്ടകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തുകയും വഴി ഗുരുതരമായ സ്വഭാവദൂഷ്യം, അച്ചടക്ക ലംഘനം, നിരുത്തരവാദിത്വം, അധികാര ദുര്‍വിനിയോഗം എന്നിവ ഉണ്ടായതായി പ്രഥമദൃഷ്ട്യാ വെളിവായതിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ വാച്യാന്വേഷണം പൂര്‍ത്തിയായി താല്‍ക്കാലിക ശിക്ഷ തീരുമാനിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതിനാല്‍ ഡിവൈഎസ്പി കെ.ജെ.ജോണ്‍സന്‍, വിജിലന്‍സ് ഡിവൈഎസ്പി എം.പ്രസാദ് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ച് കൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍, ഗുണ്ടാസംഘങ്ങളുടെ തര്‍ക്കങ്ങളില്‍ ഇടനില നിന്നതിനായിരുന്നു ഇരുവര്‍ക്കും എതിരെ നടപടി. നഗരത്തില്‍ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പിമാര്‍ക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയത്. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു.
ഗുണ്ടാ-മാഫിയ ബന്ധമുള്ള നാല് ഇന്‍സ്പെക്ടര്‍്മാരെയും ഒരു സബ്-ഇന്‍സ്പെക്ടറെയും സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് 2 ഡിവൈഎസ്പിമാരെ കൂടി കഴിഞ്ഞ വര്‍ഷം സസ്പെന്‍ഡ് ചെയ്തത്. പാറശ്ശാല ഷാരോണ്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ജോണ്‍സണ്‍. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിധിന്‍, രജ്ഞിത്ത് എന്നിവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കാന്‍ മുട്ടടയിലുള്ള നിധിന്റെ വീട്ടില്‍ വച്ച് രണ്ട് ഡിവൈഎസ്പിമാരും സസ്പെഷന്‍ിലായ റെയില്‍വെ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി എന്നായിരുന്നു ഇന്റലിജന്‍സ് കണ്ടെത്തല്‍.ഗുണ്ടാ സംഘങ്ങളില്‍നിന്ന് ഇവര്‍ സാമ്പത്തിക ലാഭം നേടിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജോണ്‍സന്റെ മകളുടെ പിറന്നാളാഘോഷം ഒരു ആഡംബര ഹോട്ടലില്‍ വെച്ച് നടന്നിരുന്നു. അതിന്റെ ചെലവ് വഹിച്ചത് ഗുണ്ടാ സംഘത്തില്‍പെട്ടവരാണ് എന്ന വിവരവും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ ഭൂമാഫിയയിലെ ചിലരുമായി ബന്ധമുള്ളതിന്റെ പേരിലാണ് തിരുവനന്തപുരം റെയില്‍വേ പോലീസ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മൂന്ന് ഉദ്യോഗസ്ഥരും ഗുണ്ടകളുടെ മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തുവെന്ന ആരോപണവും നിധിന്റെ സുഹൃത്തായിരുന്ന നെടുമങ്ങാട് സ്വദേശി രാഹുല്‍ ഉന്നയിച്ചിരുന്നു.