പത്തനംതിട്ട: ആവേശം സിനിമ വിജയിച്ചതോടെ ഏറ്റവുമധികം ആവേശം കാണിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. രങ്കണ്ണനും അംബാനും സിനമയിൽ കാണിക്കുന്ന ആവേശം അതേ പടി പകർത്താനാണ് ഗുണ്ടാ സംഘങ്ങളുടെ ശ്രമം. അത്തരമൊരു പിറന്നാളാഘോഷം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒരു എക്സ് ഗുണ്ടയുടെ പിറന്നാളാഘോഷമാണ് പുലിവാൽ പിടിച്ചത്. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കുളനട പഞ്ചായത്ത് എട്ടാം വാർഡിൽ പുന്നക്കുന്ന് ആൽത്തറപ്പാട് അജീഷ് ഭവനം അജീഷാണ് തൊട്ടടുത്ത കമ്യൂണിറ്റി സെന്റർ വാടകയ്ക്ക് എടുത്ത് കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ചത്.

ആഘോഷത്തിലെ മുഖ്യഇനം കേക്ക് മുറിക്കലായിരുന്നു. വടിവാൾ കൊണ്ടാണ് കേക്ക് മുറിച്ചത്. ഈ ദൃശ്യങ്ങൾ ആവേശം സിനിമയിലെ ഡയലോഗുകളുടെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ഇന്റലിജൻസ് ഈ വിവരം റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇലവുംതിട്ട പൊലീസ് എസ്എച്ച്ഓ ടി.കെ. വിനോദ് കൃഷ്ണൻ അജീഷിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ആഘോഷത്തിന് ഉപയോഗിച്ച വടിവാൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, അത് യഥാർഥ വടിവാളല്ലെന്നും നാടകത്തിന് വേണ്ടി നിർമ്മിച്ച തടി കൊണ്ടുള്ള വാളാണെന്നും അജീഷ് അറിയിച്ചു. തടി കൊണ്ടുള്ള വാൾ സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

അന്വേഷണത്തിൽ അത് യഥാർഥ വടിവാളല്ലെന്നാണ് എസ്എച്ച്ഓ പറയുന്നത്. കഴിഞ്ഞ വർഷം പന്തളം കേന്ദ്രീകരിച്ച് ഒരു ട്രൂപ്പ് നാടകത്തിന് വേണ്ടി ഉണ്ടാക്കിയതാണ്. ആ ട്രൂപ്പ് അംഗത്തിന്റെ മകൻ നാടകത്തിന് ഉപയോഗിച്ചിരുന്ന തെർമോ കോൾ കിരീടവും രാജാപ്പാർട്ട് വേഷവും പിറന്നാൾ ആഘോഷത്തിന് കൊണ്ടു വന്നിരുന്നു. എന്നാൽ, തടിവാൾ കൊണ്ട് കേക്ക് മുറിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വേഷങ്ങളും കിരീടവും ധരിച്ചിരുന്നില്ലെന്നും എസ്എച്ച്ഓ പറയുന്നു. മാത്രവുമല്ല, അജീഷിന് ഇപ്പോൾ ഗുണ്ടാപ്പണിയില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാവാണ് ഇയാൾ. പന്തളം കേന്ദ്രീകരിച്ച് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരനാണ്.

വാൾ കൊണ്ട് കേക്ക് മുറിക്കുന്നതും ആൾക്കാർ ഭക്ഷണം കഴിക്കുന്നതിനിടയിലൂടെ വാൾ വീശി അജീഷ് നടക്കുന്നതുമാണ് വീഡിയോകളിലുള്ളത്. സംഭവം വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വീഡിയോകൾ ഡിലീറ്റ് ചെയ്തു. ഇലവുംതിട്ട പൊലീസ് ഇത് വടിവാളല്ല, തടിവാളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അജീഷിന് ക്ലീൻ ചിറ്റ് നൽകിയിട്ടുമുണ്ട്്.

അജിഷിനെതിരേ പന്തളം സ്റ്റേഷനിൽ 2007,12,17,18, വർഷങ്ങളിൽ അഞ്ചും ഇലവുംതിട്ടയിൽ 2022 ൽ ഒന്നും വെച്ചൂച്ചിറ സ്റ്റേഷനിൽ 2018 ൽ ഒന്നും വീതം കേസുകളുണ്ട്. കഞ്ചാവ് വിൽപ്പന, വധശ്രമം, മർദനം, സംഘം ചേർന്ന് ആക്രമണം അടക്കമുള്ള കേസുകളിൽ ഇയാൾ പ്രതിയാണ്.