തൃശൂർ: ഇന്ത്യൻ സിനിമ ലോകത്ത് തന്നെ തരംഗമായി മാറിയിരിക്കയാണ് ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആവേശം റീലിടുന്ന തിരക്കിലാണ്. ചിത്രത്തിൽ ബംഗളുരു അധോലോകം ഭരിക്കുന്ന ഗുണ്ടയുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. അതുകൊണ്ട് തന്നെ രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്. ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

നാല് കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേരാണെന്ന വാർത്തയും പുറത്തുവന്നു. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ 'ആവേശം' സിനിമയിലെ 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വീരാരാധന പങ്കുവയ്ക്കുന്നതു വ്യാപകമായി.

പാർട്ടിയിലേക്കു മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീലുകളായിട്ടുണ്ട്. തൃശ്ശർ ജില്ലയിലെ അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ പ്രധാന നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. തിരികെയെത്തിയ നേതാവു തന്റെ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കും വേണ്ടിയാണു ലഹരിപ്പാർട്ടി സംഘടിപ്പിച്ചത്.

ആഡംബരക്കാറിൽ കൂളിങ് ഗ്ലാസ് ധരിച്ച് അടിപൊളി വേഷത്തിൽ നേതാവു വന്നിറങ്ങുന്നതും അനുചരന്മാർ ഓടിയെത്തി ആരാധന പ്രകടിപ്പിക്കുന്നതുമൊക്കെ റീലിൽ കാണാം. ഒരു പൊലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്. കോൾ മേഖലയിലെ ഒരു പാടത്തിനരികിലായിരുന്നു ആഘോഷം.

2 കെയ്‌സുകളിലായി മദ്യക്കുപ്പികൾ ചുമലിൽ വച്ചു കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരും ഒന്നിച്ചു നിൽക്കുന്നതിന്റെ ദൃശ്യം സഹിതമാണു റീൽ അവസാനിക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക ക്രിമിനൽ സംഘങ്ങൾക്കിടയിലും ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജില്ലയിൽ ക്വട്ടേഷൻ, ഗുണ്ടാ ആക്രമണങ്ങൾ വ്യാപകമായിരുന്നെങ്കിലും ഇടക്കാലത്തു നിലച്ചിരുന്നു. സമീപകാലത്തായി വീണ്ടും ഗുണ്ടാസംഘങ്ങൾ വ്യാപകമായിട്ടുണ്ട്.