തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി വിവാദം ആളിക്കത്തുന്നു. ഗോപന്‍ സ്വാമിയുടേത് കൊലപാതകമെന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ആരോപണം. ആഭിചാര ക്രിയകള്‍ അടക്കം നടക്കുന്ന സ്ഥലമാണിതെന്നും അവര്‍ പറയുന്നു. അതിനിടെ വിവാദത്തില്‍ പ്രതികരണവുമായി മരിച്ച ഗോപന്റെ മകന്‍ രംഗത്തു വന്നു. വിചിത്ര വാദങ്ങളാണ് ഇതിലുള്ളത്. ഇതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം നിര്‍ണ്ണായകമാകും. ഗോപന്‍ സ്വാമിയുടെ മകനെ മോഷണ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നും ആരോപണമുണ്ട്. എല്ലാം പോലീസ് വിശദമായി പരിശോധിക്കും.

അഞ്ച് കൊല്ലം മുമ്പ് അച്ചന്‍ സമാധി കല്ല് ഉള്‍പ്പെടെ വരുത്തിയതാണെന്നും ഇപ്പോഴാണ് സമാധിയാകാന്‍ സമയമായെന്ന് അച്ഛന്‍ പറഞ്ഞതെന്നും അതുപ്രകാരമാണ് കാര്യങ്ങള്‍ ചെയ്‌തെന്നും മകന്‍ പ്രതികരിച്ചു. സന്യാസിയായ അച്ഛന്‍ സമാധിയാകാന്‍ സമയമായപ്പോള്‍ അവിടെ പോയി പത്മാസനത്തില്‍ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ആരെയും കാണിക്കാന്‍ പാടില്ല. ഞാന്‍ ചെയ്തത് പൂര്‍ണമായും ശരിയാണ്. ഞാന്‍ ചെയ്തത് തെറ്റല്ല-മകന്‍ പറയുന്നു.

അച്ഛന്‍ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകല്‍ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛന്‍. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകന്‍ ആരോപിച്ചു. രാവിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് സമാധിയായെന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചു. അച്ഛനെ അവര്‍ക്ക് വിട്ടുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. നിങ്ങള്‍ ആരെയും അറിയിക്കാതെ ഇത് ചെയ്‌തെന്നും അകത്താക്കി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മകന്‍ ആരോപിച്ചു.

പാതിരാത്രിയാണ് ആ ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കുന്നതെന്നും നാട്ടുകാരെ അങ്ങോട്ട് കയറ്റാറില്ലെന്നും ഇവിടെ ജീവിക്കാന്‍ പേടിയുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സമാധിയില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. വിഷയത്തില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ആര്‍ഡിഒ നല്‍കി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്.

രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വെയ്ക്കുയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. മരിച്ചയാള്‍ കിടപ്പു രോഗിയായിരുന്നുവെന്ന് അയല്‍വാസി കോമള കുമാരി പറഞ്ഞു. കിടക്കയില്‍ മൂത്ര മൊഴിക്കുന്നതിന് മകന്‍ രാജസേനന്‍ അച്ഛനെ വഴക്കു പറയുമായിരുന്നു. അര്‍ദ്ധ രാത്രി ആഭിചാരകര്‍മ്മങ്ങള്‍ ചെയ്യുമായിരുന്നു. മോഷണ കേസില്‍ രാജസേനനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കോമള കുമാരി ആരോപിച്ചു. വിവാദത്തില്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കി പൊലീസും നടപടികളിലേക്ക് കടന്നു.

പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കള്‍ ബോര്‍ഡ് വച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നുമാണ് ഭാര്യയും മക്കളും പറയുന്നത്. ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തെയോ അറിയിക്കാതെയാണ് മണ്ഡപം കെട്ടി പിതാവിന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്ളാബിട്ടു മൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടറുടെ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നു നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

പിതാവ് മരിച്ചതിനു പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളില്‍ മൃതദേഹം വച്ച് സ്ളാബിട്ടു മൂടിയെന്നാണ് മകനും വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയും പൊലീസിനോടു പറഞ്ഞത്. കട തുറക്കാന്‍ പോയപ്പോഴാണ് സമാധിയുടെ പോസ്റ്റര്‍ കണ്ട് വിവരം അറിഞ്ഞതെന്ന് സമീപവാസി പറഞ്ഞു. ഇത്തരത്തില്‍ മരണം നടന്നാല്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ ആരെയെങ്കിലും അറിയിക്കേണ്ടതല്ലേ. ഒരാളെപോലും വിവരം അറിയിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെയാണ് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴിയെടുത്ത് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് സമാധിമണ്ഡപത്തിന് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിക്കും. പോസ്റ്റ്‌മോര്‍ട്ടവും നടത്തും.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപന്‍ സ്വാമി മരിച്ചത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാലാണ് സമാധിയായ വിവരം ആരെയും അറിയിക്കാതിരുന്നത് എന്നാണ് കുടുംബത്തിന്റെ വാദം. വീടിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു മൃതദേഹം സംസ്‌കരിച്ചത്.