- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു കണ്ടത് ഗുരുതരാവസ്ഥയില്‍ കിടപ്പിലായ ഗോപന്‍ സ്വാമി; രാവിലെ 11 മണിയായപ്പോള്‍ എണീറ്റ് നടന്ന് പോയി പീഠത്തില്‍ ഇരുന്ന് പ്രാണായാമവും കുംഭകവും ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിച്ചത് ഈ അച്ഛനോ? സമാധിയില്‍ ദുരൂഹത മാത്രം; മൊഴി വൈരുദ്ധ്യം പോസ്റ്റ്മോര്‍ട്ടത്തിലേക്ക്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വൃദ്ധന്റെ സമാധിയിലെ വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങി പോലീസ്. സന്യാസിയായ അച്ഛന്‍ സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. സമാധി കേസില്‍ അടിമുടി ദുരൂഹതയാണ്. ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യം. മരിച്ച ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നല്‍കിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപന്‍സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകന്‍ രാജസേനന്റെ മൊഴി. 11.30ഓടെ സമാധിയായെന്നാണ് കുടുംബത്തിന്റെ മൊഴി. ഇത്തരത്തില്‍ മൊഴിയിലെ വൈരുധ്യം നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം അനിവാര്യതയാണ്. കുടുംബത്തിന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപന്‍ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് പൊലിസിന്റെ ആവശ്യം. നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെനും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, കൊലപാതകമെന്ന് നാട്ടുകാര്‍ ആരോപണം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഫൊറന്‍സിക് വിദഗ്ധരുടെ സാനിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മരണ കാരണം പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായാല്‍ മാത്രമേ പൊലീസ് ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പോലീസ് നീക്കം. അതേസമയം അച്ഛന്‍ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകന്‍ പറഞ്ഞു. പകല്‍ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛന്‍. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകന്‍ ആരോപിച്ചു.
ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. സ്വാമിയെ ജീവനോടെയാണ് കുഴിച്ചിട്ടതെങ്കില്‍ ബന്ധുക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. ബാലരാമപുരത്തിന് അടുത്താണ് ഈ സംഭവം. മക്കളായ സനന്ദനും രാജസേനനും ചേര്‍ന്നാണ് വീടിനടുത്ത് സംസ്‌കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. അച്ഛന്‍ ജീവല്‍ സമാധി ആയെന്നും അതുകൊണ്ടാണ് ആരും കാണാതെ സംസ്‌കാരം നടത്തിയതെന്നും രാജസേനന്‍ പറഞ്ഞു. മൂന്ന് ദിവസം മുന്‍പ് അമ്മയുടെ അടുത്ത് പറഞ്ഞിരുന്നു ഞാന്‍ സമാധിയാകുമെന്ന്. തമാശ പറയുന്നതാകുമെന്ന് വിചാരിച്ച് അമ്മ ഞങ്ങളോട് ആരോടും പറഞ്ഞില്ല. വ്യാഴാഴ്ച പൂജയും നിവേദ്യവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി പത്തരയായപ്പോള്‍ മക്കളെ സമാധിയാകാന്‍ സമയമായി എന്ന് പറഞ്ഞുവെന്നാണ് മകന്റെ മൊഴി. എന്നാല്‍ ആരെയും അറിയിക്കാതെ മണ്ഡപം കെട്ടി പിതാവിന്റെ മൃതദേഹം പീഠത്തിലിരുത്തി സ്‌ളാബിട്ടു മൂടിയതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.
അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം എന്നെ അനുഗ്രഹിച്ചു. പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്‌മത്തിലേക്ക് ലയിക്കുകയാണ് ചെയ്തതെന്നാണ് മകന്റെ വാദം.
വ്യാഴാഴ്ച രാവിലെ 11.30-ന് അദ്ദേഹം സമാധിയായി. എന്റെ സഹോദരന്‍ ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു. വിളിച്ച് അറിയിച്ചതിനുപിന്നാലെ പൂജയ്ക്കായുള്ള സാധനങ്ങളുമായാണ് അദ്ദേഹം എത്തിയത്. പകല്‍വെളിച്ചത്തിലാണ് ഈ പൂജകളൊക്കെയും നടന്നത്. ഭസ്മം, ചന്ദനം, കര്‍പ്പൂരം തുടങ്ങി മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളുമിട്ട് ഹൃദയത്തിന് മുകളിലേക്ക് മണ്ണില്‍ മൂടാത്ത തരത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്-ഇതാണ് മകന്റെ വാദം. സമാധി ചെയ്യുന്നതിന്റെ ചടങ്ങുകള്‍ ആരെയും കാണിക്കാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരെയും അതിനെക്കുറിച്ച് അറിയിക്കാഞ്ഞതെന്നും പറയുന്നു.
അച്ഛനാണ് ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ യോഗീശ്വരന്‍, ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ പങ്കുപറ്റാനാണ് ട്രസ്റ്റുകാര്‍ പ്രശ്‌നമുണ്ടാക്കുന്നത്. വെളുപ്പിനെ മൂന്നുമണിക്കാണ് ചടങ്ങുകള്‍ കഴിഞ്ഞത്. അതുകൊണ്ടാണ് ആ സമയത്ത് വാര്‍ഡ് കൗണ്‍സിലറെ വിളിക്കാതിരുന്നത്. രാവിലെ അദ്ദേഹത്തെ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും നാട്ടുകാരെത്തി മോശമായി സംസാരിച്ചു. നിന്റെ അച്ഛനെയും വലിച്ചുകീറി, നിങ്ങളെയും അകത്താക്കിത്തരാം എന്നൊക്കെയാണ് പറഞ്ഞത്, രാജസേനന്‍ ആരോപിക്കുന്നു.