കണ്ണൂർ : അവളുടെ ആകാശ സ്വപ്നം പൂവണിഞ്ഞതിന് പിന്നിൽ ഒരു കുടുംബത്തിന്റെ കണ്ണീരും വിയർപ്പും പ്രാർത്ഥനകളുമുണ്ട്. കൂലിപ്പണിക്കാരന്റെ മകൾ, പട്ടിക വർഗക്കാരിയായി ജനനം, അന്നന്ന് അച്ഛൻ അധ്വാനിച്ചു കൊണ്ടുവന്നു വേണം വീട്ടിൽ അടുപ്പു പുകയാൻ. ഇത്തരം പ്രതിസന്ധികളെ നേരിട്ടാണ് തന്റെ സ്വപ്ന ജോലിയായ എയർ ഹോസ്റ്റസ് വേഷം ആലക്കോട് സ്വദേശിനി ഗോപിക ഗോവിന്ദൻ അണിയുന്നത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേൽക്കാൻ ഇനി ആലക്കോട് സ്വദേശിനി ഗോപിക ഗോവിന്ദും ആകാശമാർഗേയുണ്ടാകും.

കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസായി ഗോപിക പറന്നുയരുമ്പോൾ ഒപ്പമുയരുക കുടിയേറ്റ ഗ്രാമമായ ആലക്കോടെന്ന നാടിന്റെ സ്വപ്നം കൂടിയാണ്. കരുവഞ്ചാലിൽ സ്‌കൂൾ പഠനകാലത്ത് മനസിലേറ്റിയ സ്വപ്നത്തിലേക്ക് പറന്നടുക്കാൻ ഗോപികക്ക് ഇനി മുംബൈയിൽ എയർ ഇന്ത്യയിലെ ഒരു മാസത്തെ പരിശീലനം കൂടി പൂർത്തിയാക്കിയാൽ മതി.

നാട്ടിൽ കൂലിപ്പണിയെടുത്തു ജീവിക്കുന്ന ഗോവിന്ദന്റെയും ബിജിയുടെയും മകളാണ് ഗോപിക. ആലക്കോട് കണിയഞ്ചാൽ ഗവ. ഹൈസ്‌കൂളിൽ എട്ടിൽ പഠിക്കുമ്പോൾ ഗോപിക മനസിലേറ്റിയ സ്വപ്നമാണ് ഈ ജോലി. പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ് കോഴ്സ് പഠിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയർന്നത്. വയനാട്ടിലെ ഡ്രീംസ് കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്സ് പൂർത്തിയാകും മുമ്പേയാണ് ജോലി ലഭിച്ചത്.

സ്വപ്നം സാക്ഷാത്കരിച്ച എൽ.ഡി.എഫ് സർക്കാരിനോട് സന്തോഷം പങ്കുവെക്കാൻ ഗോപിക ചൊവ്വാഴ്ച നിയമസഭയിലെത്തി. താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക് കോഴ്‌സിന്റെ ഉയർന്ന ഫീസും മറ്റ് ചെലവുകളുമുൾപ്പെടെ താങ്ങാനായത് സർക്കാരിന്റെ സഹായം കൊണ്ടു മാത്രമാണെന്ന് ഗോപിക പറഞ്ഞു. ഒരു ലക്ഷം രൂപയോളമുള്ള ഫീസും സ്‌റ്റൈപെൻഡും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിദഗ്ധ പരിശീലനവും നൽകിയതായും ഗോപിക പറഞ്ഞു.

സർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ ചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരെ കണ്ടു സന്തോഷമറിയിച്ചിരുന്നു. വിവിധ ജില്ലക്കാരായ 60 വിദ്യാർത്ഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടികവർഗ വികസന വകുപ്പിന്റെ സ്‌കോളർഷിപ്പോടെ 160 പേരാണ് കോഴ്‌സിലുള്ളത്. ആറ് മാസ കോഴ്സ് പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്സ് കഴിഞ്ഞ 11 പേർക്കും വിവിധ എയർലൈനുകളിൽ ജോലി ലഭിച്ചു. മുൻവർഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികൾക്കും ജോലി ലഭിച്ചിരുന്നു.
ഗോപികയുടെ ഉയർച്ചയിൽ ഏറെ ആഹ്‌ളാദത്തിലാണ് നാടും നാട്ടുകരും.