തിരുവനന്തപുരം: മജീഷ്യൻ ഗോപിനാഥ് മുതുകാട് ആരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയർത്തി ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വിദഗ്ധയായ ചിത്ര സി.ആർ രംഗത്തുവന്നതോടെ മാജിക് പ്ലാനറ്റിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയരുകയാണ്. ഡിഫറന്റ് ആർട്ട് സെന്റർ (ഡിഎസി) എന്ന പേരിൽ അറിയപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മുതുകാടിന്റെ കേന്ദ്രത്തെക്കുറിച്ചുള്ള ചിത്രയുടെ ആശങ്കകൾ അനാവശ്യമായ ചർച്ചകളിലേക്കാണ് നയിച്ചത്.

ഒരു വിഭാഗം ആളുകൾ ഈ പുകമറയുടെ മറവിൽ ഗോപിനാഥ് മുതുകാടിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തു വന്നു. എന്നാൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയരുന്നത് എന്ന് വ്യക്തമാക്കി ഡോ. അഷീൽ അടക്കമുള്ളവർ രംഗത്തു വരികയും ചെയ്തു. മാജിക് പ്ലാനറ്റ് സർക്കാരിൽ നിന്നും ഗ്രാന്റൊന്നും വാങ്ങുന്നില്ല എന്ന് മുതുകട് വ്യക്തമാക്കിയിരുന്നു. ഈ കേന്ദ്രം സംസ്ഥാന സർക്കാരിൽ നിന്നും രണ്ട് കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ചിത്ര വാദിക്കുന്നു.

300 ഭിന്നശേഷിക്കാരായ കുട്ടികളുള്ള ഈ കേന്ദ്രത്തിൽ സ്‌പെഷ്യൽ എജ്യുക്കേറ്റർമാർ രണ്ടു പേർ മാത്രമേയുള്ളൂവെന്നാണ് ചിത്ര ഉയർത്തുന്ന മറ്റൊരു വിമർശനം. ചിത്രയുടെ കുറിപ്പ് അഭിഭാഷകനും പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ ഹരീഷ് വാസുദേവനും പങ്കുവെച്ചതോടെയാണ് ഡിഎസി എന്ന ഈ കേന്ദ്രം ചർച്ചാവിഷയമായത്. എന്നാൽ പിന്നീട് ഹരീഷ് വാസുദേവൻ തന്റെ കുറിപ്പ് പിൻവലിച്ചു. ഇതിനോടകം തന്നെ മാജിക് പ്ലാനറ്റിന് എതിരായ പ്രചരണം ഒരു വിഭാഗം ആളുകൾ ഏറ്റെടുത്തിരുന്നു. ഇതിന് മറുപടിയുമായി മുതുകാട് തന്നെ രംഗത്തുവന്നു.

ഇതിനിടെ വിവാദങ്ങൾക്ക് നടുവിൽ നിൽക്കവേ അദ്ദേഹം വൈകാരികമായി ഒരു വീഡിയോയുമായി രംഗത്തുവന്നു. തന്റെ മാജിക് പ്ലാനറ്റിൽ സർക്കസുകാരനായ ആഫ്രിക്കൻ യുവാവിന്റെ പ്രകടനം കാണാൻ താൻ വരുന്ന കാര്യം പറഞ്ഞു കൊണ്ടാണ് ഗോപിനാഥ് മുതുകാട് രംഗത്തുവന്നത്.
ജീവിതം ഒരു ഞാണിന്മേൽ കളിയാണ്.. ലോകം ഒരു സർക്കസ് കൂടാരമാണ് എന്നു സൂചിപ്പിച്ചു കൊണ്ടാണ് ഗോപിനാഥ് മുതുകാട് വീഡിയോയുമായി രംഗത്തുവന്നത്.

ഒരു കഥ പറഞ്ഞു കൊണ്ടാണ് മുതുകാട് രംഗത്തുവന്നത്. ഒരു സർക്കസ് കൂടാരത്തിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങൾ അഭ്യാസത്തിനിടെ മരിച്ചു പോകുന്ന കഥയാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ആ കഥ ഇങ്ങനെ: ഒരു വീട്ടിലെ ഏഴു പേരാണ് സർക്കസു കൂടാരത്തിൽ ജോലി ചെയ്തിരുന്നല്. അഭ്യാസ പ്രകടനങ്ങൾക്ക് ഒടുവിൽ ഒരു ഇരുമ്പു കമ്പിയിൽ തീർക്കുന്ന മനുഷ്യ പിരമിഡ് സൃഷ്ടിക്കുന്ന അഭ്യാസ പ്രകടനമാണ് ഇവർ നടക്കാറുള്ളത്. കാണികൾ എഴുനേറ്റു നിന്നു കൈയടിക്കുന്ന ഐറ്റമാണ് ഇത്.

ഒരു ദിവസം ഈ അഭ്യാസ പ്രകടനത്തിനിടെ താഴെയുള്ള ആൾക്ക് ബാലൻസ് തെറ്റി. അപകടമുണ്ടായി തൽക്ഷണം രണ്ട് പേർ മക്കൾ മരിച്ചു. സർക്കാർ കൂടാരം അടച്ചെങ്കിലും 15 ദിവസം കഴിഞ്ഞ് വീണ്ടും തുറന്നു. ബാക്കിയുള്ള അഞ്ച് പേർ അതേ മനുഷ്യ പിരമിഡ് തീർത്തു. കാണികൾ കൈയടിച്ചു. ഞങ്ങൾ ചെയ്തില്ലെങ്കിൽ ഞങ്ങളും മരിച്ചതിന് തുല്യരാകും. ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടുത്താൻ ഇത് ചെയ്‌തേ പറ്റൂ എന്നാണ് ആ പിതാവ് ഇതേക്കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിച്ചത്. ജീവിതത്തിൽ വീഴ്‌ച്ചകളുണ്ടാകും, താഴ്‌ച്ചകളുണ്ടാകും.. വീണുപോകുന്ന ഘട്ടങ്ങളുണ്ടാകും., ഒപ്പമുള്ളവർ അകന്നു പോകുന്ന ഘട്ടങ്ങളുണ്ടാകും, അവിടെയൊന്നും പതറാതെ നമ്മൾ ജീവിച്ചിരിക്കുന്നു എന്ന ബോധ്യപ്പെടുത്താൻ വേണ്ടി നിരന്തരം പ്രവർത്തിക്കുക. ജീവിതമെന്നാൽ ഒരു ഞാണിന്മേൽ കളി പോലെയാണ്. മറുഭാഗത്തേക്ക് ബാലൻസ് ചെയ്യാൻ ശ്രമിക്കുക എന്നതാണ് പ്രധാനമെന്നും മുതുകാട് പറയുന്നു..

തനിക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുതുകാടിന്റെ വീഡിയോ..