കൊച്ചി: കൊച്ചിയില്‍ പങ്കാളിയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. എറണാകുളം ബിജെപി ജില്ലാ പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. ഗോപു പരമശിവം നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഗോപുവില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയത് ജീവന്‍ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായാണ് യുവതി മരട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. അതിക്രൂരമായ രീതിയിലാണ് പെണ്‍കുട്ടിയെ മര്‍ദിച്ചിരിക്കുന്നത്. യുവതി തുടരെത്തുടരെ മര്‍ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

യുവമോര്‍ച്ചയുടെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഗോപു പരമശിവന്‍. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവന്‍ മരട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി അതിക്രൂരമര്‍ദനമാണ് ഗോപുവില്‍ നിന്ന് നേരിടുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ: പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാല്‍ ഇയാള്‍ ക്രൂരമായി മര്‍ദിക്കും. മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകളുണ്ട്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പെണ്‍കുട്ടി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. നേരത്തേയുള്ള വിവാഹത്തില്‍ യുവതിക്ക് രണ്ടുകുട്ടികളുണ്ട്. കുട്ടികള്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസം. മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ മരട് പോലീസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.