- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
താലികെട്ടിന് തൊട്ടു മുമ്പ് വധുവിന് കാമുകന്റെ ഫോണ്‍ കോള്‍; കാമുകനോട് സംസാരിച്ച കാര്യം വരനോട് വിശദീകരിച്ചു; യുവതി കാറില്‍ കയറി സ്ഥലം വിട്ടതോടെ കല്യാണം മുടങ്ങി; ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; ഒടുവില്‍ പൊലീസ് ഇടപെടല്‍
താലി കെട്ടുന്നതിന് തൊട്ടുമുന്‍പ് ഫോണ്‍ കോള്‍, വിവാഹം വേണ്ടെന്ന് വധു
ബെംഗളൂരു: ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കാനെത്തിയ വിവാഹം ഒറ്റ ഫോണ്‍ കോളില്‍ മുടങ്ങിയതോടെ ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. വിവാഹ ചടങ്ങുകള്‍ ആരംഭിച്ച് വരന്‍ താലി കെട്ടാന്‍ ഒരുങ്ങവെയാണ് അപ്രതീക്ഷിതമായി ഫോണ്‍ കോള്‍ വന്നത്. താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ത്തല്ലി.
ഒരു തീരുമാനം എടുക്കാനുള്ള സമയം വളരെ കുറവായിരുന്നെങ്കിലും ഈ വിവാഹം വേണ്ടെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും മനസ്സ് മാറ്റാന്‍ ശ്രമിച്ചു. ശകാരിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം നടത്താന്‍ ശ്രമിച്ചു. വരനും സംസാരിച്ചു. എന്നാല്‍ ആരുടെയും വാക്കുകള്‍ കേള്‍ക്കാതെ വധു വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഹാസനിലെ ബുവനഹള്ളിയില്‍ നിന്നുള്ള പല്ലവി, ആളൂര്‍ താലൂക്കിലെ ഈശ്വരഹള്ളി ഗ്രാമത്തിലെ സ്‌കൂള്‍ അദ്ധ്യാപകനായ വേണുഗോപാലിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുവെയാണ് പിന്മാറിയത്.
താലികെട്ടിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് വധു മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്ന് അറിയിച്ചത്. വിവാഹ ചടങ്ങുകള്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് പല്ലവിക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. ഇതിനെ തുടര്‍ന്ന് പല്ലവി വേഗം തന്നെ ഗ്രൂമിംഗ് റൂമില്‍ കയറി വാതിലടച്ചു. അല്‍പസമയത്തിന് ശേഷം പുറത്തിറങ്ങിയ പല്ലവി തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു.
വീട്ടുകാര്‍ കേണപക്ഷിച്ചിട്ടും പല്ലവി തന്റെ തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് വരന്‍ വേണുഗോപാലും കല്ല്യാണത്തില്‍ നിന്നും പിന്മാറി. പല്ലവി തന്റെ കാമുകനോട് സംസാരിച്ച കാര്യം വരനോട് വ്യക്തമാക്കി. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാള്‍ അന്യമതസ്ഥനായതിനാല്‍ നേരത്തെ ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.
ഹാസന്‍ താലൂക്കിലെ ബൂവനഹള്ളിയില്‍ ആദിപുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. ആദ്യം കാരണം പറയാതെ വിവാഹം വേണ്ടെന്ന് പറയുകയായിരുന്നു വധു. എന്താണ് കാരണമെന്ന് വരന്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞത്.
വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ വധു നേരെ കാറില്‍ കയറി സ്ഥലം വിട്ടു. ഇതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ബഡാവണെ, നഗര പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.