പാലക്കാട്: സംഘപരിവാർ അജണ്ട നടപ്പാക്കാൻ ഗവർണ്ണർ ശ്രമിക്കുന്നുവെന്ന പ്രത്യക്ഷ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ എന്ന പദവി ഗവർണ്ണർ ദുരുപയോഗപ്പെടുത്തുന്നു. നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുന്നു. ഭരണത്തെ അസ്ഥിരമാക്കാൻ സുപ്രീംകോടതി വിധി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഗവർണ്ണറുടേത് അസാധാരണ തിടുക്കമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കർണ്ണാടകയിലേയും മഹാരാഷ്ട്രയിലേയും അടക്കം സർവ്വകലാശാലാ പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് ഗവർണ്ണറെ മുഖ്യമന്ത്രി കടന്നാക്രമിക്കുന്നത്. ഗവർണ്ണർക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ സാങ്കേതിക സർവ്വകലാശാലയിലെ വൈസ് ചാൻസലറെ പുറത്താക്കുന്ന സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വിമർശിച്ചതുമില്ല.

9 സർവ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവർണരുടെ നിർദ്ദേശം തള്ളുകയാണ് മുഖ്യമന്ത്രി. കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു. ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി. ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമാകുന്നു.സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം-പിണറായി ആരോപിച്ചു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ തീവ്രവാദത്തിന് തീറെഴുതാൻ താൽപ്പര്യമുണ്ടാകാം. അതിനെ ശക്തമായി തന്നെ എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം. ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ? വിധിയിൽ.പുനപ്പരിശോധന ഹർജിക്ക് ഇനിയും അവസരമുണ്ട്.സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ഗവർണർ നോക്കുന്നു. ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനമെന്നും പിണറായി പറഞ്ഞു. കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്. വി സി മാരെ കേൾക്കാതെയാണ് തീരുമാനമെന്നും കുറ്റപ്പെടുത്തി.

കേവലം സാങ്കേതികതയിൽ പിടിച്ചു കൊണ്ട് മുമ്പോട്ട് പോകരുത്. സാങ്കേതിക സർവ്വകലാശാലയിലെ വിധിയെ പിടിച്ചു കൊണ്ട് മറ്റു സർവ്വകലാശാലയിലെ വിസിമാരോട് രാജി വയ്ക്കാൻ ആവശ്യപ്പെടാൻ കഴിയില്ല. ആ ഉത്തരവ് ആ വിസിക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആ സർവ്വകലാശാലയിലേക്ക് മാത്രമാണ് ഹർജി കൊടുത്തത്. അതുകൊണ്ട് ആ സർവ്വകലാശാലയ്ക്ക് മാത്രമാണ് ആ വിധി ബാധകം. പൊതു ഹർജിയായിരുന്നുവെങ്കിൽ സുപ്രീംകോടതിയുടെ ഉത്തരവിൽ അത് വിശദീകരിക്കുമായിരുന്നു. അതുണ്ടായില്ല-മുഖ്യമന്ത്രി പറഞ്ഞു. മറ്റ് എട്ട് വിസിമാർക്കെതിരെ ഒരു നിയമപ്രശ്‌നവുമില്ല-മുഖ്യമന്ത്രി പറഞ്ഞു. സർവ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നീ രണ്ടു കാരണങ്ങളാൽ മാത്രമേ വിസിമാരെ മാറ്റാൻ കഴിയൂവെന്നും വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു.

ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാത്തതിനേയും മുഖ്യമന്ത്രി വിശദീകരിച്ചു. ചില ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണ്ണറുടെ പരസ്യ പ്രതികരണം എല്ലാ ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണ്. മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്ന ഗവർണ്ണറുടെ പി ആർ ഒയുടെ ട്വീറ്റിനേയും മുഖ്യമന്ത്രി പരിഹസിച്ചു. നിയമസഭയിൽ ജനങ്ങൾ തെരഞ്ഞെടുത്തതിന്റെ പേരിൽ ഭൂരിപക്ഷമുള്ള പാർട്ടിയാണ് അധികാരത്തിൽ ഇരിക്കുന്നത്. മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവരുടെ രാജി ഗവർണ്ണർക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. ഗവർണ്ണർക്ക് മന്ത്രിമാരെ നിയമിക്കാനോ പിൻവലിക്കാനോ ഗവർണ്ണർക്ക് അവകാശമില്ല. പ്രീതി തത്വം എന്തെന്ന് അറിയാത്തതു കൊണ്ടാണിതെന്നും പിണറായി പരിഹസിച്ചു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പരിഷ്‌കരണ കമ്മീഷനുകൾ റിപ്പോർട്ട് നൽകി. സർവ്വകലാശാലയിലും മറ്റും ഗുണപരമായ നേട്ടങ്ങൾ ഉണ്ടാകുന്നത് കാണാതെ പോകരുത്. ഇതിന് തെളിവാണ് നാക്ക് അക്രഡിറ്റേഷനിൽ സർവ്വകലാശാലകളുണ്ടാക്കിയ റാങ്കിങ് കുതിപ്പ്. രാജ്യത്തെ മികവുള്ള സർവ്വകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സർവ്വകലാശാലകളും എത്തുന്നു. ഇതിന് കാരണം പ്രതിഭാ ശാലികളായ വൈസ് ചാൻസലർമാരുടെ മിടുക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുജിസി നിയമങ്ങൾക്ക് അനുസൃതമായ വിദഗ്ധരുൾപ്പെട്ട സെലക്ട് കമ്മറ്റിയാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതിൽ ഒരു നിയമനത്തെ സംബന്ധിച്ച പ്രശ്‌നങ്ങളാണ് സുപ്രീംകോടതി ഉയർത്തിയത്-മുഖ്യമന്ത്രി പറഞ്ഞു.

സർവകലാശാലകൾ സ്റ്റാട്യൂട്ടറി പ്രകാരം ആണ് പ്രവർത്തിക്കുക. ഈ വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്‌സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല. ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയക്കുന്ന നടപടി പ്രതിഷേധാർഹം.ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല. പരസ്യമായി പ്രതിഷേധം അറിയിക്കുന്നു. 11 ഓർഡിനൻസുകൾ ലാപ്‌സായി .ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത്, സഭയോടുള്ള അവഹേളനം.ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ വിവേചനാ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.