- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിമാരെ നീക്കാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയ ഗവർണ്ണറെ കാരണം ചോദിക്കാതെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാൻ പിണറായി സർക്കാർ; സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ ഓർഡിനൻസ്; സർക്കാർ നീക്കം യഥാർത്ഥ്യമാകാൻ വേണ്ടത് രാജ്ഭവന്റെ ഒപ്പും; ആരിഫ് മുഹമ്മദ് ഖാനെ മാറ്റുന്നത് വിസിമാരെ രക്ഷിച്ചെടുക്കാനോ?
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ ഓർഡിനൻസ് എത്തും. നിയമസഭാസമ്മേളനം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് കഴിയും. ചാൻസലർ പദവി മാറ്റി ഓർഡിനൻസോ നിയമസഭയിൽ ബില്ലോ കൊണ്ടുവന്നാൽ താൻ ഒപ്പിട്ടുനൽകാമെന്ന് പലവട്ടം ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ഓർഡിനൻസ് ഇറക്കിയാൽ ഗവർണർ ഒപ്പിടുമെന്നാണ് സൂചന. എന്നാൽ വി സി. നിയമന വ്യവസ്ഥകളുള്ള സർവകലാശാലാ ഭേദഗതി ബില്ലിൽ ഇതുവരെയും ഗവർണർ ഒപ്പിട്ടിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഗവർണ്ണർ ഓർഡിനൻസിൽ എന്തു നിലപാട് എടുക്കുമെന്ന ചർച്ചയും സജീവമാണ്.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടു വരാൻ ആലോചനയുണ്ട്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓർഡിനൻസിനായുള്ള തയ്യാറെടുപ്പും തുടങ്ങി. ഒമ്പതു സർവകലാശാലകളിലെ വി സി.മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ അത്യസാധാരണ നടപടിയിലേക്കു കടന്നിരുന്നു. ഈ വിസിമാരെ രക്ഷിച്ചെടുക്കാനാണ് സർക്കാർ നീക്കം. സാങ്കേതിക സർവ്വകലാശാലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
സുപ്രീംകോടതി വിധി കാരണം വിസിമാർക്ക് പുറത്തു പോകേണ്ടി വന്നാൽ ഗവർണ്ണറുടെ നിലപാടുകൾ നിർണ്ണായകമാണ് നിലവിലെ സാഹചര്യത്തിൽ. സർക്കാർ കൊടുക്കുന്ന പാനലിൽ നിന്ന് വൈസ് ചാൻസലറെ ഗവർണ്ണർ നിശ്ചയിക്കുന്ന സ്ഥിതി വരും. ഇതു മറികടക്കാൻ കൂടിയാണ് ഗവർണ്ണറെ മാറ്റാനുള്ള ഓർഡിനൻസ്. ഇതിലൂടെ വിസിമാർ പുറത്തായാലും സർക്കാരിന് ഇഷ്ടമുള്ളവരെ വിസിയാക്കും. ഇതിലൂടെ സർവ്വകലാശാലാ അധികാരങ്ങളിൽ സർക്കാരിന് നിയന്ത്രണവും വരും. ഇതിന് വേണ്ടിയാണ് ഓർഡിനൻസ് കൊണ്ടു വരുന്നത്.
ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷനും ശുപാർശ ചെയ്തിരുന്നു. യുജിസി. മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
ഗവർണർക്കുള്ള ചാൻസലർ പദവി നിയമസഭ നൽകിയ അധികാരമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിൽ ഭരണഘടനാപ്രശ്‌നങ്ങളുമില്ല. കേന്ദ്രസർവകലാശാലകളിൽ മുമ്പ് ചാൻസലറായി രാഷ്ട്രപതിയെ നിശ്ചയിച്ചിരുന്നു. അവയിൽ പലതിലും ഇപ്പോൾ രാഷ്ട്രപതിയല്ല ചാൻസലർ. ഈ സാഹചര്യത്തിലാണ് ഗവർണ്ണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം.
11 സർവകലാശാല വി സിമാരെ പുറത്താക്കാനുള്ള നീക്കത്തിലൂടെ ഗവർണർ സൃഷ്ടിച്ച വൻ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചനയിലാണ്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന നിർദേശമുയർന്നത്. നിർദ്ദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഏത് നിമിഷവും പ്രതീക്ഷിക്കാം. നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു.
നിയമ സർവകലാശാല (നുവാൽസ്) ഒഴികെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്കാണ്. ഓരോ സർവകലാശാലയുടെയും ആക്ടിലാണ് ഗവർണറെ ചാൻസലറായി നിശ്ചയിച്ചിരിക്കുന്നത്. പദവിയിൽനിന്ന് നീക്കുകയാണെങ്കിൽ ഈ സർവകലാശാലകളുടെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് കൊണ്ടുവരേണ്ടത്. നേരത്തേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം സംബന്ധിച്ച് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്ന രീതിയിലാണ് ശുപാർശ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കാനും ഓരോ സർവകലാശാലക്കും അക്കാദമിക് മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളെ ചാൻസലറായി നിയമിക്കാനുമായിരുന്നു ശുപാർശ. 11 വി സിമാരും ഉടൻ രാജിവെക്കണമെന്ന പ്രതിസന്ധി ഒഴിഞ്ഞെങ്കിലും നവംബർ നാലിനകം 11 വി സിമാരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. വി സിമാരുടെ ഭാഗം കൂടി കേട്ടശേഷം തുടർനടപടിയെടുക്കുന്നതിന് ഗവർണർക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം തടസ്സമില്ല. ഗവർണർ നടപടിയിലേക്ക് പോകുന്നത് തടയാനുള്ള വഴികളാണ് സർക്കാർ തേടുന്നത്.
മറുനാടന് മലയാളി ബ്യൂറോ