തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ പാനൽ സമർപ്പിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരേ ഹർജി നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരിന്റെ പാനലിൽ രാജ്ഭവൻ ഉടൻ തീരുമാനിക്കില്ല. സാങ്കേതിക സർവകലാശാലാ കേസിലെ സുപ്രീംകോടതിവിധിയുടെ അന്തസ്സത്തയ്ക്കു ചേരുന്നതല്ല ഹൈക്കോടതി വിധിയെന്നും വാദമുണ്ട്. അതുകൊണ്ട് തന്നെ അപ്പീൽ പോകാനും സാധ്യത ഏറെയാണ്.

ഗവർണർ നിയമിച്ച താത്കാലിക വി സി. ഡോ. സിസാ തോമസിനെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം. നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സർക്കാർ സമർപ്പിക്കുന്ന പാനലിൽനിന്നു താത്കാലിക വി സി.യെ നിയമിക്കാനും നിർദേശിച്ചിട്ടില്ല. അതുകൊണ്ട് പാനൽ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം. സർക്കാർ പാനലിൽ നിർദേശിക്കപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുബായ് നേരത്തേ വി സി.യാവാൻ ഗവർണർ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച വ്യക്തിയാണ്. ഈ സാഹചര്യവും രാജ്ഭവൻ പരിശോധിക്കും.

യുജിസി. മാർഗരേഖ പരാമർശിച്ചായിരുന്നു ഡോ. എം.എസ്. രാജശ്രീയെ വി സി. സ്ഥാനത്തുനിന്നും പുറത്താക്കിയ സുപ്രീംകോടതിവിധി. വി സി. നിയമനത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധിയെന്നാണ് വ്യാഖ്യാനം. ആയതിനാൽ, സർക്കാരിന്റെ പാനൽ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം. ഹൈക്കോടതിവിധി നടപ്പാക്കാനാണ് മൂന്നംഗ പാനൽ നൽകിയതടക്കമുള്ള നടപടികളിലേക്കു കടന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. യുജിസി. നിഷ്‌കർഷിച്ചിട്ടുള്ളതനുസരിച്ച് അക്കാദമികവിദഗ്ദ്ധർ തന്നെയാണ് പാനലിൽ ശുപാർശ ചെയ്യപ്പെട്ടവർ. സിസാ തോമസിന്റെ സർവീസ് കാലാവധി ഏപ്രിലിൽ അവസാനിക്കും. ഇക്കാലയളവിൽത്തന്നെ വിരമിക്കുന്നവരാണ് പാനലിൽ ശുപാർശ ചെയ്യപ്പെട്ട മൂന്നു പേരും. പാനലിൽ തീരുമാനമെടുക്കുന്നത് ഗവർണർ വൈകിച്ചാൽ മറ്റു വഴികളൊന്നുമില്ല. സർവ്വകലാശാലയെ പ്രതിസന്ധിയിലാക്കാൻ ഗവർണ്ണർ തീരുമാനം വൈകിപ്പിക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ ഗവർണർ സുപ്രീം കോടതിയെ സമീപിക്കുമെന്നു സൂചനകളുള്ളതോടെ തടസഹർജി (കേവിയറ്റ്) നൽകാനൊരുങ്ങി സംസ്ഥാന സർക്കാരും ഇടപെടൽ തുടങ്ങിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനം. തങ്ങളുടെ ഭാഗം കേൾക്കാതെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തടസഹർജി നൽകുന്നത്. ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹാജരാകുമെന്നാണു കരുതുന്നത്. സംസ്ഥാനത്തിനുവേണ്ടി പ്രമുഖ ഭരണഘടനാവിദഗ്ധനുംമുതിർന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിനെ നിയോഗിക്കാൻ സർക്കാർ നിർദ്ദേശം നൽകി. കണ്ണൂർ സർവകലാശാല കേസിലും കെ.കെ. വേണുഗോപാലാണ് ഹാജരായത്.

വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിനു തന്നെയാണെന്നും സംസ്ഥാന സർക്കാരിനെ മറികടന്നു സാങ്കേതിക സർവകലാശാലയിൽ സ്ഥിരം വി സിയെ നിയമിക്കാൻ ചാൻസലർക്കാകില്ലെന്നുമാണു ഡിവിഷൻ ബെഞ്ച് വിധി. അതേസമയം, സർക്കാരിനു പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ.ടി.യു. ചട്ടത്തിനു വിരുദ്ധമെന്നാണു രാജ്ഭവന്റെ വിലയിരുത്തൽ. സാങ്കേതിക സർവകലാശാല വി സിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ പട്ടികയിൽനിന്ന് ഗവർണർ ഉടൻ നിയമനം നൽകില്ലെന്ന് തന്നെയാണ് സൂചന. കോടതിവിധിയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് രാജ്ഭവന്റെ വിശദീകരണം. സർക്കാർ ചെയ്തതും ഗവർണർ ചെയ്തതും ശരിയാണെന്ന രീതിയിലാണ് വിധി വന്നിരിക്കുന്നത്.

സർവകലാശാലയുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക വി സിയെ നിയമിക്കണമെന്നാണ് കോടതി ഒരിടത്തു പറയുന്നത്. അങ്ങനെയാണെങ്കിൽ പ്രോ വി സിയേയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയേയോ മറ്റ് വി സിമാരോയൊ ആണ് നിയമിക്കേണ്ടത്. അതോടൊപ്പം യുജിസി. യോഗ്യത വേണമെന്നും കോടതി പറയുന്നു. നിലവിൽ പ്രോ വി സിയില്ല. ഉന്നതവിദ്യഭ്യാസ സെക്രട്ടറിക്കാണെങ്കിൽ യുജിസി യോഗ്യതയില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മറ്റ് സർവകലാശാലകളിൽ വി സിമാരും ഇപ്പോൾ ഇല്ല. പിന്നെ ആർക്കാണ് പദവി നൽകുകയെന്നാണ് രാജ്ഭവന്റെ സംശയം.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സാങ്കേതിക സർവകലാശാല വിസി നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിലുണ്ടാവുന്ന ചർച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടാതെ കാലിക്കറ്റ് സർവകലാശാല വിഷയവും ചർച്ചയാവും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാല വിസി, സിസാ തോമസിനെ മാറ്റണമെന്നും പകരം സർക്കാർ സമർപ്പിച്ചിട്ടുള്ള പാനലിൽ നിന്ന് ഒരാളെ വിസിയായി നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ഇക്കാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണർ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് അറിയേണ്ടത്.

ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചുമതലയേറ്റ സിസാ തോമസിനെ മാറ്റാൻ ഗവർണർ തയ്യാറായില്ലെങ്കിൽ അത് സർക്കാരുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും.