തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി സി. രാജിവെച്ചത് ഗവർണർ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ. ശനിയാഴ്ച രാജ്ഭവനിൽ ഗവർണർ വി സി.മാരുടെ വിചാരണ നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ്, വി സി. ഡോ. പി.എം. മുബാറക് പാഷ ചാൻസലർക്ക് രാജിക്കത്തയച്ചത്. ഗവർണർ രാജി സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിൽ പുതിയ വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബറിൽ കാലാവധി തീരാനിരിക്കേയാണ് പാഷയുടെ രാജി. എന്നാൽ, ശനിയാഴ്ച സർവകലാശാലയിലെ കലോത്സവ ലോഗോ പ്രകാശനച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. യുജിസി. ചട്ടമനുസരിച്ച് നിയമിക്കപ്പെടാത്തതും യോഗ്യതയിലെ മറ്റു ചില പ്രശ്‌നങ്ങളുമാണ് വിചാരണയ്ക്കുമുമ്പേ രാജിവെച്ചൊഴിയാൻ കാരണം. എന്നാൽ ഈ രീതി മറ്റുള്ള വിസിമാർ പിന്തുടരാൻ ഇടയില്ല. കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവകലാശാലാ വി സി. ഡോ. സജി ഗോപിനാഥ് മാത്രമാണ് ഗവർണർക്കുമുമ്പാകെ നേരിട്ട് ഹാജരായത്. കാലിക്കറ്റ് വി സി. ഡോ. എം.കെ. ജയരാജിനുവേണ്ടി അഭിഭാഷകൻ നേരിലും കാലടി സർവകലാശാലാ വി സി.ക്കുവേണ്ടി അഭിഭാഷകൻ ഓൺലൈനിലും ഹാജരായി. വാദങ്ങളെല്ലാം കേട്ടു. താമസിയാതെ ഗവർണർ തീരുമാനം എടുക്കും. നിയമോപദേശമാകും നിർണ്ണായം. കണ്ണൂർ സർവ്വകലാശാലയിലെ പ്രിയാ വർഗ്ഗീസിന്റെ നിയമന കേസിൽ സുപ്രീംകോടതി വിധിയും നിലപാടുകളും അറിയാൻ രാജ് ഭവൻ കാത്തിരിക്കാനും സാധ്യതയുണ്ട്.

ഹിയറിംഗിൽ യുജിസി നിലപാട് ഗവർണർക്ക് അനുകൂലമായിരുന്നു. അത് അനുസരിച്ച് ആരെ വേണമെങ്കിലും ഗവർണർക്ക് പിരിച്ചു വിടാം. വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്‌കൃത വാഴ്‌സിറ്റിയിൽ വിസി സ്ഥാനത്തേക്കു പാനലിനു പകരം ഒരു പേരു മാത്രം സമർപ്പിച്ചതുമെല്ലാം യുജിസിയുടെ എതിർപ്പിന് കാരണമായി. ഓപ്പൺ, ഡിജിറ്റൽ: ആദ്യ വിസിമാരെ സർക്കാരിനു നിയമിക്കാമെങ്കിലും സർവകലാശാലകൾക്ക് യുജിസി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ പുതിയ വിസിയെ സേർച് കമ്മിറ്റി രൂപീകരിച്ചു നിയമിക്കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം യുജിസി ഉന്നയിച്ചു. ഇത് ഗൗരവത്തോടെ രാജ്ഭവൻ കാണും. അതുകൊണ്ട് തന്നെ വേഗത്തിൽ തീരുമാനം വരാനും സാധ്യത ഏറെയാണ്.

ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകൾ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പുതിയ സർവകലാശാല തുടങ്ങുമ്പോൾ സർക്കാർ ശുപാർശയനുസരിച്ച് ചാൻസലർ വി സി.യെ നിയമിക്കുമെന്നതാണ് രീതി. ഓപ്പൺ സർവകലാശാലയിൽ മുബാറക് പാഷയും ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥും ഇങ്ങനെ എത്തിയവരാണ്. നിയമവിധേയമായാണ് താൻ നിയമിക്കപ്പെട്ടതെന്ന് സജി ഗോപിനാഥ് ഗവർണർക്കുമുമ്പാകെ വിശദീകരിച്ചു. പുതിയ സർവകലാശാല വരുമ്പോൾ ആദ്യം സർക്കാരിന്റെ ശുപാർശയനുസരിച്ച് ചാൻസലർക്ക് നിയമിക്കാമെന്ന് വിചാരണയിൽ ഹാജരായ യുജിസി. അഭിഭാഷകൻ സമ്മതിച്ചു.

പക്ഷേ, സർവകലാശാലയ്ക്ക് യുജിസി. അംഗീകാരം ലഭിച്ചാൽ സർച്ച് കമ്മിറ്റിയുണ്ടാക്കി പുതിയ നിയമനരീതി അവലംബിക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആയതിനാൽ, സജി ഗോപിനാഥിന്റെയും പാഷയുടെയും നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് യുജിസി.യുടെ വാദം. ഇതിനിടെയാണ് പാഷയുടെ രാജി. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ സർവകലാശാലാ വിസിമാരുടെ ഹിയറിങ് നടത്തി. വിസി സ്ഥാനത്തു തുടരാൻ സുപ്രീം കോടതി വിധി അനുസരിച്ച് ഇവർക്കു യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധികൾ ഹിയറിങ്ങിൽ വ്യക്തമാക്കി. ഇതു രേഖാമൂലം അറിയിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലാണ് ഗവർണർ.

ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാർക്ക് ഹിയറിങ്ങിനു ഗവർണർ നോട്ടിസ് നൽകിയത്. രണ്ടു ദിവസം മുൻപേ രാജി നൽകിയ സാഹചര്യത്തിലാണ് ഡോ. മുബാറക് പാഷയോ അഭിഭാഷകനോ ഹിയറിങ്ങിന് ഹാജരാകാതിരുന്നത്. തിരഞ്ഞെടുത്ത നടപടിക്രമം ശരിയാണെന്നും സർവകലാശാലാ ചട്ടപ്രകാരമായിരുന്നു നിയമനമെന്നുമുള്ള നിലപാടാണ് 3 വിസിമാരും ഹിയറിങ്ങിൽ സ്വീകരിച്ചത്. ചെന്നൈയിലേക്കു പോയ ഗവർണർ ഇന്നു രാത്രിയേ മടങ്ങിയെത്തൂ. നാളെ ഓഫിസിലെത്തിയ ശേഷം തീരുമാനമെടുത്തേക്കും. ഗവർണർക്കു പുറമേ യുജിസി ജോയിന്റ് സെക്രട്ടറി, യുജിസി സ്റ്റാൻഡിങ് കൗൺസൽ, ഗവർണറുടെ സ്റ്റാൻഡിങ് കൗൺസൽ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരും ഹിയറിങ്ങിൽ പങ്കെടുത്തു.

നടപടിക്രമം പാലിക്കാതെയായിരുന്നു നിയമനമെന്നു ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ 2022ൽ സുപ്രീം കോടതി പുറത്താക്കിയിരുന്നു. തുടർന്ന്, ഇതേ പ്രശ്‌നം ചൂണ്ടിക്കാട്ടി അന്നു നിലവിലുണ്ടായിരുന്ന മറ്റു 11 വിസിമാർക്കുകൂടി പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കണമെന്നു നിർദേശിച്ച് ഗവർണർ നോട്ടിസ് നൽകിയിരുന്നു. എന്നാൽ തുടർനടപടി കോടതി തടഞ്ഞു. കാലാവധി കഴിഞ്ഞതിനാലും കോടതി വിധികളിലൂടെയുമായി 7 വിസിമാർ പിന്നീട് സ്ഥാനമൊഴിഞ്ഞു. ശേഷിച്ച 4 പേരുടെ ഹിയറിങ്ങാണ് ഹൈക്കോടതി ഉത്തരവുപ്രകാരം ഇന്നലെ നിശ്ചയിച്ചിരുന്നത്.