തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നിന്നു പടിയിറങ്ങി. രാഷ്ട്രീയ വിവാദങ്ങളൊന്നും ഉണ്ടാക്കാതെ പിണറായി സര്‍ക്കാരിന് നല്ലത് ആശംസിച്ചാണ് മടക്കം. താന്‍ വിവാദങ്ങള്‍ക്കല്ല ശ്രമിച്ചതെന്നും തന്റെ ഉത്തരവാദിത്തം പാലിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വിശദീകരിച്ചു. വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ മലയാളത്തില്‍ യാത്രപറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കാണാന്‍ എത്തിയില്ല. ഇതും പോലും ഗവര്‍ണര്‍ മടക്കയാത്രയില്‍ ചര്‍ച്ചയാക്കിയില്ല.

'എന്റെ കാലാവധി തീര്‍ന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളുമായാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ'- ഗവര്‍ണര്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ യാത്രയാക്കി. സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടത് ഇല്ല. രണ്ടു പ്രവര്‍ത്തന ശൈലിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിനെ എത്താത്തതിനെക്കുറിച്ചും ഗവര്‍ണര്‍ മറുപടി നല്‍കി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തത്. എന്നാല്‍, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നിന്ന് കാറില്‍ പോകുന്നതിനിടെ ഗവര്‍ണര്‍ക്ക് എസ്എഫ്‌ഐക്കാര്‍ ടാറ്റാ കാണിച്ചു. പേട്ടയില്‍ വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കുനേരെ ടാറ്റ പറഞ്ഞത്.

ഉച്ചയ്ക്ക് 12 മണിക്ക് വിമാനമാര്‍ഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കുമാണ് ഗവര്‍ണര്‍ പോകുക. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവര്‍ണര്‍ മടങ്ങിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു.

ജനുവരി രണ്ടാം തിയതി ബിഹാര്‍ ഗവര്‍ണറായി അദ്ദേഹം ചുമതല ഏല്‍ക്കും. മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു. അതേസമയം, കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് അദ്ദേഹം രാജ്ഭവനിലെത്തി ചുമതലയേല്ക്കും.