ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസുകാരനെയല്ല, ഏതെങ്കിലും ഒരാളെ താൻ നിയമിച്ചു എന്ന് തെളിയിക്കാനാണ് മുഖ്യമന്ത്രിെ ഗവർണർ വെല്ലുവിളിച്ചത്. രാജ്ഭവൻ രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്ഭവൻ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ ഗവർണർ പദം രാജിവെക്കാൻ തയ്യാറാണെന്നും മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോയെന്നും ഗവർണർ വെല്ലുവിളിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവർണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേർക്ക് മാധ്യമങ്ങൾ കാണിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. മുഖ്യമന്ത്രിയും ഇടതുമുന്നണിയും പറയുന്നത് ആർഎസ്എസിന്റെ ആളുകളെ യൂണിവേഴ്സിറ്റികളിലേക്ക് കൊണ്ടുവരാനാണ് ഞാൻ അവരെ എതിർക്കുന്നത് എന്നാണ്. എന്നാൽ ഞാൻ അവരെ വെല്ലുവിളിക്കുകയാണ്. ആർഎസ്എസുകാരനെയെന്നല്ലേ ഏതുവിഭാഗത്തിൽ നിന്നുള്ള ഒരാളെയെങ്കിലും എന്റെ അധികാരം ഉപയോഗിച്ച് ഞാൻ നിയമിച്ചുവെന്ന് തെളിയിച്ചാൽ ഗവർണർ പദവി രാജിവയ്ക്കാൻ തയ്യാറാണ്.അതല്ലായെങ്കിൽ സ്വന്തംപദവികൾ രാജിവയ്ക്കാൻ അവർ തയ്യാറാകുമോ?

ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവർണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേർക്ക് മാധ്യമങ്ങൾ കാണിക്കുന്നില്ല. വിസിമാർക്കെതിരെ എടുത്ത നടപടി ചോദ്യം ചെയ്തുകൊണ്ട് അവർ ഹൈക്കോടതിയെ സമീപിച്ചല്ലോ? എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കിൽ കോടതി നടപടി എടുക്കില്ലായിരുന്നോ? കാരണം കാണിക്കൽ നോട്ടീസിന് വീസിമാർ ഇതുവരെ എനിക്ക് മറുപടി തന്നിട്ടില്ല. മുന്നോട്ടുള്ള നടപടി എന്താണെന്ന് ഞാൻ തീരുമാനിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് ഗവർണറുടെ സമാന്തര ഭരണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. ഏത് ഭരണത്തിലാണ് താൻ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞ ഗവർണർ ഒരിക്കലും താൻ അധികാരം മറികടന്ന് പ്രവർത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം വിഷയങ്ങളോട് പ്രതികരിക്കാനെന്നും മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയായി ഗവർണർ പറഞ്ഞു.

കണ്ണൂർ വി സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. സർവകലാശാലകളിൽ സർക്കാർ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ഇടപെടും. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ടെങ്കിൽ ആ വിഷയത്തിലും താൻ ഇടപെടുമെന്നും ഗവർണർ പറഞ്ഞു. കേരളം സംസാരിക്കുന്നത് തന്നെ ഒരു സ്ത്രീ എഴുതിയ പുസ്തകത്തെ കുറിച്ചാണെന്ന് സ്വപ്ന സുരേഷിന്റെ ആത്മകഥ പരാമർശിച്ചുകൊണ്ട് ഗവർണർ പറഞ്ഞു. അതിലെ കഥാപാത്രങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധമുള്ളവരായിരുന്നു. തന്റെ ഉത്തരവാദിത്തമെന്നത് രാജ്യത്തെ നിയമസംവിധാനത്തെ ഉയർത്തിപിടിക്കലാണെന്നും, അല്ലാതെ ഭരണാധികാരിയുടെ നിയമം ഉയർത്തിപ്പിടിക്കലല്ലെന്നും ഗവർണർ വ്യക്തമാക്കി.

രാജിവെക്കാൻ ആവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി നൽകാൻ ഈ മാസം ഏഴ് വരെ സമയം നീട്ടിനൽകിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി ഗവർണർക്കെതിരെ വിമർശനവുമായി പിണറായി രംഗത്തുവന്നിരുന്നു. ഗവർണർക്ക് ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആർ എസ്എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ''സർവകലാശാലയിലെ മികവ് പലരെയും അസ്വസ്ഥരാക്കുന്നു. ആർഎസ്എസും സംഘപരിവാറുമാണ് ഇതിനു പിന്നിൽ. കേരളത്തിലെ വൈസ് ചാൻസലർമാരെ (വിസി) പുറത്താക്കിയവർക്കു കേന്ദ്ര സർവകലാശാലകളിൽ സ്ഥിതിയെന്തെന്ന് അറിയില്ലേ?. അക്കാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല വിസിമാരെ നിയമിക്കാൻ മാനദണ്ഡമാക്കിയത്. ചാൻസലർ പദവി ഭരണഘടനാപരമല്ല, മറിച്ച് സർവകലാശാല നിയമം അനുവദിക്കുന്നതാണ്. വിസിക്കെതിരെ സർവകലാശാല നിയമം അനുസരിച്ചേ നടപടി സ്വീകരിക്കാവൂ. ഗവർണറായിരുന്ന് ചാൻസലറുടെ പദവി സംരക്ഷിക്കാമെന്ന് കരുതരുത്.'' മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ അധികാരം കവരാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമാന്തര സർക്കാരാവാനാണ് ഗവർണറുടെ ശ്രമമെന്നും ആരോപിച്ചു. ''ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവർണർക്ക്. ബില്ലുകൾ ഒപ്പിടില്ലെന്ന് ഗവർണർ പരസ്യനിലപാട് സ്വീകരിക്കുന്നു. മന്ത്രിയോടുള്ള പ്രീതി പിൻവലിക്കും എന്നും ഗവർണർ പറയുന്നു. ഇതൊക്കെ ചെയ്യാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഇവിടെയുണ്ട്. ഭരണഘടനാ ശിൽപികൾ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത തരത്തിലാണ് ഗവർണറുടെ നീക്കങ്ങൾ.'' മുഖ്യമന്ത്രി പറഞ്ഞു.

തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.