- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വി സിയുടെ ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണറുടെ ഉത്തരവ്; നടപടി ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ; ഡോ. മോഹനൻ കുന്നുമ്മൽ ബിജെപി പിന്തുണയോടെ ആരോഗ്യ സർവകലാശാല വി സിയായി നിയമിതനായ വ്യക്തി
തിരുവനന്തപുരം: ഗവർണർ നിയമനങ്ങളിൽ തന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള നടപിടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്ന് സുപ്രധാനമായ ഒരു താൽക്കാലിക നിയമനം അദ്ദേഹം നടത്തി. കേരള സർവകലാശാല വി സിയുടെ ചുമതല ആരോഗ്യ സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി കൊണ്ടാണ് ഗവർണറുടെ ഉത്തരവ്. നിലവിലുള്ള വി സി ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. ഗവർണർ മുമ്പ് സർക്കാറിന്റെ താൽപ്പര്യത്തെ ഖണ്ഡിച്ചു നിയമിച്ച വ്യക്തിയാണ് ഡോ. മോഹൻ കുന്നുമ്മൽ. കണ്ണൂർ സ്വദേശിയായ മോഹൻ കുന്നുമ്മൽ കേന്ദ്രമന്ത്രിയുമായുള്ള ബന്ധവും അന്ന് ചർച്ചയായിരുന്നു.
ആരിഫ്മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി സിയായി നിയമിച്ചത്. അന്ന് കേന്ദ്രസർക്കാറിന്റെയും ബിജെപിയുടെയും താൽപ്പര്യത്തിന് അനുസരിച്ചാണ് ഈ നിയമനം നടത്തിയത്. സർക്കാർ നോമിനിയെ വെട്ടി ബിജെപി പിന്തുണയുള്ള മോഹൻ കുന്നുമ്മലിന് അവസരം നൽകുകായിയിരുന്നു. കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കേ ആയിരുന്നു ഗവർണർ അപ്രതീക്ഷിതമായ ഈ നീക്കം നടത്തിയത്.
വി സി സ്ഥാനത്തേക്ക് സർക്കാർ മുന്നോട്ടുവെച്ചത് മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിന് പുറമെ ഡോ. വി. രാമൻകുട്ടിയുടെയും ഡോ. മോഹൻ കുന്നുമ്മലിന്റെയും പേര് സെർച്ച് കമ്മിറ്റി ഗവർണർക്ക് നൽകിയിരുന്നു. പ്രവീൺലാലിനെ വി സിയായി നിയമിക്കാനുള്ള സർക്കാർ താൽപര്യം ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹൻ കുന്നുമ്മലിനെ വി സിയായി നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാർ രാജ്ഭവനിൽ നടത്തിയ ഇടപെടലിലാണ് ആരോഗ്യ സർവകലാശാല വി സി നിയമനം നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഗവർണറുടെ നടപടിയിൽ സർക്കാർ അമ്പരന്നെങ്കിലും പരസ്യ പ്രതികരണങ്ങളിൽനിന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ മാറിനിൽക്കുകയായിരുന്നു.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് വിരമിക്കുന്ന കേരള വി സി ഡോ. വി.പി മഹാദേവൻ പിള്ളയും തമ്മിലുള്ള കടുത്ത വിയോജിപ്പ് പരസ്യമായിരുന്നു. ഇക്കാര്യത്തിൽ മഹാദേവൻ പിള്ള ഗവർണർക്ക് എഴുതിയ കത്തിനെ പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഗവർണർ പറഞ്ഞത്. ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണം.
കണ്ണൂർ സ്വദേശിയായ ഡോ. മോഹനൻ കുന്നുമ്മൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ദീർഘകാലം റേഡിയോ ഡയഗ്‌നോസിസിൽ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം 2016ൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ