- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശികവാദം ആളികത്തിക്കുന്ന പരമാർശം; ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗം;നടപടി വേണമെന്ന ഗവർണ്ണറുടെ ആവശ്യത്തോട് രൂക്ഷമായി പ്രതികരിക്കാതെ മറുപടി; ഇകഴ്‌ത്തിക്കാട്ടിയതല്ലെന്നും ആവശ്യം പിൻവലിക്കണമെന്നും മുഖ്യമന്ത്രി; 'പ്രീതി' പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് വിശദീകരണം; ഗവർണ്ണറുടെ കത്തിന്റെ പൂർണ്ണ രൂപം
തിരുവനന്തപുരം: ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച മറുപടി കത്തും ചർച്ചകളിലേക്ക്. ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയക്കുകയായിരുന്നു. ബാലഗോപാലിന്റെ ഗവർണ്ണർക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണ്ണാറുടെ അടുത്ത മിന്നൽ നീക്കം. എന്നാൽ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. അതിന് അപ്പുറം 'പ്രീതി' അഥവാ 'പ്ലഷർ' പിൻവലിച്ചാലും മന്ത്രിയെ മാറ്റേണ്ടതില്ലെന്ന് വിശദകരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ് .
ഒക്ടോബർ 19ന് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് ഗവർണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്‌ത്തുന്നതമായ പരമാർശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രദേശികവാദം ആളികത്തിക്കുന്ന പരമാർശമാണ് നടത്തിയത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഗവർണ്ണർ വിശദീകരിക്കുന്നത്. എന്നാൽ മറുപടിയിൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നില്ല. ഇത്തരമൊരു 'പ്രീതി' പിൻവലിക്കാനുള്ള അവകാശം ഗവർണ്ണർക്കില്ലെന്നും പറയുന്നില്ല. മറിച്ച് ബാലഗോപാൽ ഗവർണ്ണറെ വിമർശിച്ചില്ലെന്നാണ് മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിക്കുന്നത്. ഗവർണർ ഇപ്പോൾ ഡൽഹിയിലാണുള്ളത്. അദ്ദേഹത്തിന്റെ തുടർനീക്കം എന്താകുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഗവർണ്ണറുടെ കത്ത് മറുനാടനും ലഭിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തി ഗവർണർ കത്തയച്ചത് സർക്കാരിനേയും ഞെട്ടിച്ചു. കരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫിസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമർശമാണ് ഇതെന്നും ഗവർണർ വ്യക്തമാക്കി.
നേരത്തെയും വിവാദ പ്രസ്താവനകളിൽ മന്ത്രിമാർക്കെതിരെ ഗവർണർ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് കോടതി കയറിയതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിതമായുള്ള മിന്നൽ നീക്കം. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെയോ രാജ്ഭവനെയോ ഇകഴ്‌ത്തിക്കാട്ടിയതല്ലെന്നും, ഭരണഘടനാപരമായ ലംഘനമല്ലെന്നുമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഉള്ളത്. ആവശ്യം പിൻവലിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്. പ്രീതി പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ഗവർണ്ണറെ അനുനയിപ്പിക്കുകയാണ് മുഖ്യമന്ത്രി.
അതിനിടെ കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ല. സഭയുടെ നാഥൻ മുഖ്യമന്ത്രിയാണ്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണിത്.ജ നാധിപത്യത്തെയല്ല, ഗവർണർ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഇത് സർക്കാരിന് ആശ്വാസമാണ്. പക്ഷേ കോടതിയിൽ ഈ വിഷയം എത്തിയാൽ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ഇതിന് സമാനമായ പ്രകോപനം മുഖ്യമന്ത്രിയുടെ മറുപടിയിൽ ഇല്ല. എല്ലാ കരുതലും എടുത്ത് ആവശ്യം പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. തുടർ നടപടി വേണ്ടെന്നും നിർദ്ദേശിക്കുന്നു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ പ്രതികരണവും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണ്ണറെ ആർ എസ് എസിന്റെ ഏജന്റ് എന്ന് പോലും ബിന്ദു വിളിച്ചിരുന്നു. എന്നാൽ ഇന്ന് ഗവർണ്ണറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായില്ല. കരുതലോടെയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. ഇത് വ്യാജ ഏറ്റുമുട്ടലാണ്.സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാടാണ് സ്വീകരിക്കുന്നത്.നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. ലൈംഗിക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്.ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്നും സതീശൻ പറഞ്ഞു
മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനായ ബാലഗോപാലിനെ ഗവർണർ ലക്ഷ്യമിട്ടത് സർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ പ്രീതി പിൻവലിച്ചെന്ന ഗവർണറുടെ നിലപാട് നിയമപരമായി നിലനിൽക്കുന്നതാണോയെന്ന് വലിയ നിയമപോരാട്ടത്തിനാണ് വഴിതുറക്കുന്നത്. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ തനിക്ക് തടസമുണ്ടാക്കുന്നെന്ന കാരണമാണ് അപ്രീതിക്ക് കാരണമായി ഗവർണർ ചൂണ്ടിക്കാട്ടുന്നത്. പ്രീതി നഷ്ടമായാൽ മന്ത്രിപദവി പിൻവലിക്കാൻ, നിയമനാധികാരിയായ ഗവർണർക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് രാജ്ഭവൻ വ്യക്തമാക്കുന്നു. അതേസമയം, മന്ത്രിമാരെ പിൻവലിക്കാനുള്ള പ്രീതി നഷ്ടമാകലിന് ഭരണഘടന വ്യാഖ്യാനങ്ങൾ നൽകുന്നില്ല. ഏതൊക്കെ സാഹചര്യത്തിൽ പ്രതീയില്ലാതാകാമെന്നും വിശദീകരണമില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
ഭരണഘടനയുടെ 163, 164 അനുച്ഛേദങ്ങളിൽ ഗവർണർക്കുള്ള അധികാരം ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ മുന്നറിയിപ്പ്. 164പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുകയും മറ്ര് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കുകയും വേണം. ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർക്ക് പദവിയിൽ തുടരാം. 163പ്രകാരം ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായി മന്ത്രിസഭയുണ്ടാവണം. ഭരണഘടനാപരമായ വിഷയങ്ങളിൽ ഗവർണറുടെ വിവേചനം ഉപയോഗിച്ചെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. വിവേചനാധികാരം ഉപയോഗിച്ചെന്നോ ഇല്ലെന്നോ ഉള്ള കാരണത്താൽ ഗവർണറുടെ നടപടികളുടെ സാധുത ചോദ്യംചെയ്യപ്പെടാൻ പാടില്ല. മന്ത്രിമാർ ഗവർണർക്ക് നൽകിയ ഉപദേശങ്ങളൊന്നും കോടതിയിൽ വിചാരണ ചെയ്യപ്പെടാൻ പാടില്ല.
ഇനി ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം പിൻവലിക്കുമെന്ന ഗവർണറുടെ മുന്നറിയിപ്പിന്റെ നിയമസാംഗത്യത്തെച്ചൊല്ലി നിയമവിദഗ്ദ്ധർ രണ്ടുതട്ടിലാണ്. മുൻപെങ്ങും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. ഗവർണറുടെ പ്രീതിയുള്ളിടത്തോളം മന്ത്രിമാർക്ക് പദവിയിൽ തുടരാമെന്നാണ് ഭരണഘടനയിലുള്ളത്. ഗവർണറുടെ പ്രീതിയിൽ തുടരുന്ന മന്ത്രിയെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. നിയമനാധികാരിയായ ഗവർണർക്ക് മന്ത്രിയെ നീക്കം ചെയ്യാനുമാവും. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസം എന്നത് മതിയായ കാരണമാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനും ഒന്നാം പൗരനുമായ ഗവർണർക്ക് ഇതിന് ഭരണഘടനാപരമായ അധികാരമുണ്ട്. വിവേചനാധികാരമുപയോഗിച്ച് മന്ത്രിയെ പിൻവലിച്ചാൽ ഗവർണർക്കെതിരേ കേസിന് പോവാൻ സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി റിട്ട ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ