തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോര് തുടരും. സർവകലാശാലകളുടെ കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിട്ടുവീഴ്ചയ്ക്ക് ഇല്ല. തന്റെ അധികാരം കവരുന്നതും യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ സർക്കാർ ചെയ്താൽ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ലൈഫ് മിഷൻ കേസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കാരിനെതിരെ നീങ്ങുകായണ്. ഇതിനിടെയാണ് ഗവർണ്ണറും വിഷയങ്ങളിൽ നിലപാട് കടുപ്പിക്കുന്നത്. ഇതോടെ പിണറായി സർക്കാർ എടുക്കുന്ന നീക്കങ്ങൾ നിർണ്ണായകമാകും.

വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ബിൽ, സർവകലാശാലാ അപ്ലറ്റ് ട്രിബ്യൂണൽ നിയമനത്തിൽ ഗവർണറെ മറികടക്കുന്നതിനുള്ള ബിൽ, ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്ന ബില്ലുകൾ എന്നിവയിൽ ഗവർണർ ഒപ്പു വച്ചിട്ടില്ല. സാങ്കേതിക സർവകലാശാലയിൽ 6 സിൻഡിക്കറ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള വ്യവസ്ഥ അപ്ലറ്റ് ട്രിബ്യൂണൽ ബില്ലിന്റെ ഭാഗമാണ്. ഇതിലും ഗവർണ്ണർ തീരുമാനം നീട്ടുകയാണ്. ഇതോടെ സർക്കാരും ഗവർണ്ണറും തമ്മിലുള്ള പോര് പുതിയ തലത്തിൽ വീണ്ടും എത്തിയേക്കും.

തിരുവനന്തപുരത്ത് 23നു തിരിച്ചെത്തുന്ന ഗവർണർ എടുക്കുന്ന നിലപാടുകൾ നിർണ്ണായകമാണ്. കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കുന്നതിനു സർക്കാരിന് അധികാരം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി സർക്കാർ തേടിയിട്ടുണ്ട്. ഗവർണറുടെ അധികാരം മറികടന്നാണിത്. ഇത് അംഗീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.സിസ തോമസ് തുടരണോ എന്ന കാര്യത്തിലും ഗവർണർ തീരുമാനമെടുക്കണം. നിയമസഭയിൽ നയപ്രഖ്യാപനത്തിന് ഗവർണ്ണർക്ക് സർക്കാർ അവസരമൊരുക്കി. ഇതോടെ മഞ്ഞുരുകുമെന്ന് ഏവരും കരുതി. ഇതിനിടെയാണ് ലൈഫ് മിഷനിലെ ഇഡിയുടെ അപ്രതീക്ഷിത നീക്കങ്ങൾ. ഇത് മനസ്സിലാക്കിയാണ് ഗവർണ്ണറും സർക്കാരുമായുള്ള വിഷയങ്ങളിൽ നിലപാട് കടുപ്പിക്കുന്നത്.

വിസി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ സർക്കാർ നൽകുമെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി വിധി വിലയിരുത്തിയ ശേഷം വിസിയെ മാറ്റണോയെന്ന് ഗവർണർ തീരുമാനിക്കും. മലയാള സർവകലാശാലയിൽ പുതിയ വിസിയെ തിരഞ്ഞെടുക്കുന്നതിനു സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്കു സമാന്തരമായി സർക്കാർ ശ്രമിക്കുകയാണ്. ഇതും ഏറ്റുമുട്ടലിന് കാരണമാകും. മലയാള സർവ്വകലാശാലയിൽ 28നു വിസി സ്ഥാനം ഒഴിയാനിരിക്കെ പകരം താൽക്കാലിക വിസിയെ കണ്ടെത്തുകയും വേണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്ഭവൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കും. ഇഡിയുടെ നീക്കങ്ങൾ രാജ്ഭവനും നിരീക്ഷിക്കുന്നുണ്ട്.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നതിനു നിയമസഭ പാസാക്കിയ 2 ബില്ലുകൾ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നു എന്ന പ്രചരണമുണ്ടായിരുന്നു. ഇത് സർക്കാർ നിഷേധിക്കുകയാണ്. ഇവ പിൻവലിക്കാനോ പകരം ബിൽ കൊണ്ടു വരാനോ തീരുമാനിച്ചിട്ടില്ല. ചാൻസലർ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ വന്നാൽ തീരുമാനം നീളും. ലോകായുക്താ ബില്ലിലും ഗവർണ്ണർ ഉടൻ ഒപ്പിടില്ല. കേരള സർക്കാരിനെതിരെ ഇഡി അതിശക്തമായ നിലപാടുകൾ എടുക്കുമെന്നാണ് സൂചന. ഇതിനൊപ്പമാണ് ഗവർണ്ണറും സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയം.