- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെർച്ച് കമ്മിറ്റി നിയമ വിരുദ്ധം; ഗവർണർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം വീണ്ടും പാസാക്കി; ഗവർണർക്കെതിരായ പ്രമേയത്തെ പിന്തുണച്ചത് 50 അംഗങ്ങൾ; സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചില്ല; ഗവർണറുമായി ഉടക്കാൻ ഉറച്ച് തന്നെ സർക്കാർ
തിരുവനന്തപുരം: ഗവർണറുമായി ഉടക്കുമാർഗ്ഗത്തിൽ പോകാനെന്ന് ഉറപ്പിച്ചു സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കേരള സർവലാശാലയിലെ വിവാദങ്ങൾ സർക്കാർ ആയുധമാക്കി. ഗവർണർക്കെതിരായ പ്രമേയം കേരള സർവകലാശാല സെനറ്റ് വീണ്ടും പാസ്സാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി, ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവർണർക്കെതിരായ പ്രമേയത്തെ 50 അംഗങ്ങൾ പിന്തുണച്ചു.
ഏഴുപേർ പ്രമേയത്തെ എതിർത്തു. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്ന് സെനറ്റ് ചാൻസലർ കൂടിയായ ഗവർണറോട് അഭ്യർത്ഥിച്ചു. ഗവർണർ തീരുമാനം പിൻവലിക്കുന്ന മുറയ്ക്ക്, സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി. അതുവരെ സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നോട്ടിഫിക്കേഷൻ അപൂർണമാണ്, ഇത് ചട്ടവിരുദ്ധമാണ്, കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്നമാണെന്നും, രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ സൂചിപ്പിച്ചു.
അതേസമയം, സർവകലാശാല പ്രതിനിധിയെ ഉടൻ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ബരണപക്ഷ നിലപാടുള്ള അംഗങ്ങൾ എകെജി സെന്ററിലെത്തി ചർച്ച നടത്തിയിരുന്നു. പുതിയ വിസിയെ കണ്ടെത്തുന്നതിനായി ഗവർണർ രണ്ടംഗ പാനൽ രൂപീകരിക്കുകയും, സർവകലാശാല പ്രതിനിധിയെ അറിയിക്കാൻ സെനറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു.
അതിനിടെ ആരിഫ് മുഹമ്മദ് ഖാൻ തന്റെ പരിഷ്‌ക്കാരങ്ങളുമായി മുന്നേു തന്നെയാണ്. സുപ്രീംകോടതി വിധിയിലൂടെ വി സി നിയമനം റദ്ദായ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളി ഡോ. സിസ തോമസിന് വി സിയുടെ ചുമതല നൽകി ചാൻസലറായ ഗവർണറുടെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടറാണ് സിസ തോമസ്. സർക്കാറിൻ ഭാഗങ്ങൾ തള്ളിക്കൊണ്ടാണ് തീരുമാനം.
വി സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം യുജിസി വ്യവസ്ഥകൾ പാലിച്ചല്ലെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പകരം ചുമതല ഡിജിറ്റൽ സർവകലാശാല വി സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയിരുന്നു. എന്നാൽ, ഡിജിറ്റൽ സർവകലാശാല വി സിക്ക് കൂടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും സർക്കാർ ശിപാർശ തള്ളുകയും ചെയ്തിരുന്നു.
തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് വി സിയുടെ ചുമതല നൽകാൻ കഴിഞ്ഞ ശനിയാഴ്ച സർക്കാർ ശിപാർശ സമർപ്പിച്ചു. ഇതിനിടെ സർക്കാർ എൻജിനീയറിങ് കോളജുകളിലെ സീനിയർ പ്രഫസർമാരുടെ പട്ടിക രാജ്ഭവൻ ശേഖരിച്ചു. സർക്കാർ ശിപാർശ തള്ളിയ ഗവർണർ സീനിയർ പ്രഫസർമാരുടെ പട്ടികയിൽ ഉൾപ്പെട്ട സിസ തോമസിന് വി സിയുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു. സീനിയർ ജോയന്റ് ഡയറക്ടറുടെ ചുമതലക്ക് പുറമെയാണ് വി സിയുടെ ചുമതല. 2018ലെ യുജിസി റെഗുലേഷൻ 7.3 വ്യവസ്ഥ പ്രകാരമാണ് വി സിയുടെ ചുമതല നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, വി സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ