- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമണമുണ്ടായപ്പോൾ തടയാൻ ശ്രമിച്ച പൊലീസിനെ കെ.കെ രാഗേഷ് തടഞ്ഞു; കണ്ണൂർ വി സി പുനർ നിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തി; നിയമനം അംഗീകരിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി തനിക്ക് ശുപാർശക്കത്ത് നൽകി; എ ജി നിയമോപദേശം നൽകിയത് താൻ ആവശ്യപ്പെടാതെ; പിണറായിക്കെതിരെ ആരോപണവുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ ചരിത്ര കോൺഗ്രസിൽ പ്രതിഷേധം ഉണ്ടായപ്പോൾ തടയാൻ ശ്രമിച്ച പൊലീസിനെ കെ.കെ രാഗേഷ് തടഞ്ഞു. വേദിയിൽ നിന്നും ഇറങ്ങി സദസ്സിലെത്തിയാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവർണർ പറഞ്ഞു. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. എന്നാൽ പൊലീസ് ഒരു നടപടിയും എടുത്തില്ല. തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ട അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോഴുള്ള ഉന്നതനാണെന്നും ഗവർണർ ആരോപിച്ചു.
അതേസമയം കണ്ണൂർ വൈസ് ചാൻസലർ പുനർ നിയമനത്തിലും മുഖ്യമന്ത്രി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. വി സി പുനർ നിയമനത്തിൽ തനിക്ക് മേൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തി. നിയമനം അംഗീകരിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി തനിക്ക് ശുപാർശക്കത്ത് നൽകി. എ ജി നിയമോപദേശം നൽകിയത് താൻ ആവശ്യപ്പെടാതെയാണെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി അയച്ച കത്തുകൾ പുറ്തുവിട്ടു വിട്ടു. 2021 ഡിസംബർ എട്ടിനാണ് മുഖ്യമന്തി തനിക്ക് കത്തു നൽകിയതെന്നാണ് ഗവർണർ ചൂണ്ടിക്കട്ടിയത്. വെയ്‌റ്റേജ് നൽകാമെന്നായിരുന്നു തന്റെ പക്ഷം. എന്നാൽ, സ്വന്തം നാട്ടിലെ യൂണിവേഴ്‌സിറ്റിയുടേത് അഭിമാന പ്രശ്‌നമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നുകത്തുകളും ഗവർണർ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ഗവർണറുടെ ആരോപണം.
സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും അവർ അറിയിച്ചിരുന്നു. തുടർന്ന് ജനുവരിയിൽ മുഖ്യമന്ത്രി തനിക്ക് വീണ്ടും കത്തയച്ചു. സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടാകില്ലെന്നും കത്തിൽ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പക്ഷേ വീണ്ടും സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ഗവർണർ ആരോപിക്കുന്നു.
കെ ടി ജലീൽ എം എൽ എയുടെ കാശ്മീരിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയെക്കുറിച്ചും പി ജയരാജന്റെ വിമാനയാത്രാ വിലക്കിനെക്കുറിച്ചും വാർത്താസമ്മേളത്തിൽ ഗവർണർ പരാമർശിച്ചു. ഒരു എംഎൽഎ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്‌തെന്നാണ് ഗവർണർ പറഞ്ഞത്. ജലിലീന്റെ ആസാദി കശ്മീർ പരമാർശം ഉദ്ദേശിച്ചായിരുന്നു ഗവർണറുടെ പരാമർശം. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ വിമാനയാത്രാ വിലക്കും ഗവർണർ പരാമർശിച്ചു.
2019ലെ ചരിത്ര കോൺഗ്രസിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ തുടക്കം. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സർക്കാരിന്റെ പിആർഡിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും വീഡിയോ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
നൂറ് കണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ സംഭവം നടന്നതെന്നും വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞു. 'തടുക്കാനെത്തിയ പൊലീസിനെ തടഞ്ഞത് വൈസ് ചാൻസലറാണ്. അവിടെ യാദൃശ്ചികമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ. അഞ്ച് മിനുട്ടിനുള്ളിൽ പ്ലക്കാർഡുകൾ തയ്യാറാക്കാൻ കഴിയുമോ. അവർ എല്ലാ തയ്യാറെടുപ്പുകളും കൂടിയാണ് വന്നത്. സംസ്ഥാനസർക്കാരിന്റെ ഭാഗമായിട്ടുള്ള വ്യക്തി ഇറങ്ങി വന്ന് പൊലീസിന് തടയുന്നത് നിങ്ങൾക്ക് കാണാം. പൊലീസിന് ചുമതല നിർവഹിക്കേണ്ടിയിരിക്കുന്നു.
കേരളത്തിൽ നിന്നുള്ളവരല്ല. ഞാൻ സംസാരിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഭാരത് മാതാ കി ജയ് എന്ന് പറയുന്നുണ്ടായിരുന്നു. ജാമിയ, ജെഎൻയു, അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. അവരെ എനിക്ക് അറിയാം.''ഈ പെരുമാറ്റം കണ്ടിട്ട് നിങ്ങൾ അത്ഭുതം തോന്നുന്നില്ലേ. ആളുകൾ എന്റെ അടുത്തേക്ക് എത്തുന്നത് തടഞ്ഞ പൊലീസുകാരെ അഭിനന്ദിക്കുന്നു. വിമാനത്തിൽ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പാർട്ടി കൺവീനറുള്ള സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. മോശം പെരുമാറ്റത്തിനാണ് അദ്ദേഹത്തിന് വിലക്ക്.
ഒരു മന്ത്രി ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതിനാണ് സ്ഥാനം രാജിവെച്ചത്. പാക്കിസ്ഥാന്റെ ഭാഷയിലാണ് മുൻ മന്ത്രി സംസാരിക്കുന്നത്. ' വീഡിയോ പ്രദർശിപ്പിച്ചതിന് പിന്നാലെ ഗവർണർ ആരോപിച്ചു.പ്രസംഗിക്കാൻ മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് 35 മിനുറ്റിൽ കൂടുതൽ സംസാരിച്ചു. 95 മിനുട്ടിലേറെ സമയം തന്നെ വേദിയിലിരുത്തിയതായും ഗവർണർ പറഞ്ഞു. ചരിത്ര കോൺഗ്രസിൽ നിശ്ചയിച്ച സമയക്രമം സംഘാടകൻ തെറ്റിച്ചെന്നും ഗവർണർ ആരോപിക്കുന്നു. ഇർഫാൻ ഹബീബ് ചരിത്രമല്ല സംസാരിച്ചത്. സിഎഎയെക്കുറിച്ചും, കേന്ദ്രസർക്കാരിനെക്കുറിച്ചും സംസാരിച്ചു. ഓരോ പരാമർശം നടത്തുമ്പോഴും ഇർഫാൻ ഹബീബ് തന്നെ നോക്കുന്നുണ്ടായിരുന്നെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിച്ചത് അത്യസാധാരണ നടപടിയാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണ് ഗവർണർ തുടർന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. ഗവർണർ അദ്ദേഹത്തിന്റെ പദവിക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് നിയമമന്ത്രി പി രാജീവ് രാവിലെ അഭിപ്രായപ്പെട്ടിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന വാർത്താ സമ്മേളനത്തിനു തൊട്ടു മുമ്പായി ചീഫ് സെക്രട്ടറി വിപി ജോയി രാജ്ഭവനിലെത്തിയിരുന്നു. അസാധാരണ നടപടിയിലേക്കു കടന്ന ഗവർണറുമായി അനുനയത്തിനു സർക്കാർ ശ്രമിക്കുകയാണെന്നു വാർത്തകൾ വന്നെങ്കിലും ലഹരിവിരുദ്ധ പരിപാടിക്കു ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനു മുമ്പ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധനവകുപ്പ് സെക്രട്ടറിയും ഗവർണറെ സന്ദർശിച്ചിരുന്നു. വാർത്താസമ്മേളനത്തിന് പിന്നാലെ രാജ്ഭവന് പുറത്തെ സുരക്ഷ വർധിപ്പിച്ചു. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങൾ രാജ്ഭവന് മുന്നിൽ എത്തിച്ചു.
മറുനാടന് മലയാളി ബ്യൂറോ