- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ് സമ്മേളനത്തിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകിയ ഗവർണർ അനുനയ പാതയിലെന്ന് സൂചന നൽകി; പിന്നാലെ മലയാളം സർവകലാശാലാ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച പിണറായിക്ക് തിരിച്ചടി നൽകിയത് മൂന്ന് വിസിമാരുടെ നിയമനത്തിൽ ഇടപെട്ടുകൊണ്ട്; യുജിസിയെ കൂട്ടുപിടിച്ചു പുതിയ പോർമുഖം തുറന്ന് ഗവർണർ
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ബജറ്റ് സമ്മേളനത്തിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാറുമായി അനുനയ പാതയിലാണെന്ന സൂചന നൽകിയിരുന്നു. ഗവർണർ-സർക്കാർ പോര് അതിരൂക്ഷമായി തുടരവെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ മടങ്ങിവരവ് എതിർക്കാതിരുന്നതും ഭരണാഘടനാപരമായ ചുമതലകൾ നിർവഹിക്കുമെന്ന ഗവർണറുടെ പ്രഖ്യാപനവും ഇരുവിഭാഗത്തിനിടയിൽ മഞ്ഞുരുക്കത്തിന് കാരണമായിരുന്നു. ഗവർണറോട് അനുനയ വാതിൽ തുറക്കുന്നതാണ് ഈ തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
എന്നാൽ, ഒരു വശത്ത് സർക്കാരുമായി ഒരുമിച്ചു പോകുമ്പോൾ തന്നെ മറുവശത്ത് ഗവർണർ സർക്കാറിന് പണി കൊടുക്കുകയാണ്. നയപ്രഖ്യാപനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു നിയമസഭയിലെത്തുമെങ്കിലും അതു സർക്കാരുമായുള്ള പോരാട്ടത്തിന്റെ മഞ്ഞുരുകൽ ആവില്ലെന്ന് ഇതോടെ വ്യക്തമായി. മലയാളം സർവകലാശാലാ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച പിണറായിക്ക് തിരിച്ചടി മൂന്ന് സർവകലാശാല വിസി നിയമനത്തിൽ സർക്കാറിനെ വെട്ടിലാക്കി കൊണ്ടാണ്.
3 സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പോർമുഖം തുറന്നതിനു പിന്നാലെയാണ് അദ്ദേഹം ഇന്നു സർക്കാരിനെയും സാമാജികരെയും അഭിസംബോധന ചെയ്യാനെത്തുന്നത്. മലയാളം, കുസാറ്റ്, എംജി സർവകലാശാലകളിൽ വിസി നിയമനത്തിന് സേർച് കമ്മിറ്റി രൂപീകരിക്കാനായി യുജിസി പ്രതിനിധിയെ അനുവദിക്കാൻ ഗവർണർ നടത്തിയ നീക്കമാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി വിസി പ്രഫ. ബട്ടു സത്യനാരായണ (മലയാളം), മിസോറം സർവകലാശാല മുൻ വിസി പ്രഫ. കെ.ആർ.എസ്. സാംബശിവ റാവു (എംജി), ഹൈദരാബാദ് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി വിസി പ്രഫ. ഇ.സുരേഷ്‌കുമാർ (കുസാറ്റ്) എന്നിവരാണ് യുജിസി പ്രതിനിധികൾ.
മൂന്നിടങ്ങളിൽ യുജിസി പ്രതിനിധികളായതോടെ ചാൻസലർ എന്ന നിലയിൽ തന്റെ പ്രതിനിധിയെയും ഉൾപ്പെടുത്തി ഗവർണർക്ക് സേർച് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടുപോകാം. അഞ്ചംഗ സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം നിലവിലില്ലാത്ത നിയമപ്രകാരമാണെന്നും നിയമനത്തിനുള്ള മൂന്നംഗ സേർച് കമ്മിറ്റി രൂപീകരിക്കേണ്ടതു തന്റെ ചുമതലയാണെന്നുമാണ് ഗവർണറുടെ നിലപാട്.
താൻ ഇതുവരെ ഒപ്പു വയ്ക്കാത്ത സർവകലാശാലാ നിയമഭേദഗതി പ്രകാരം വിസി നിയമനത്തിനു സേർച് കമ്മിറ്റിയുണ്ടാക്കാനുള്ള സർക്കാരിന്റെ നീക്കമാണ് തിടുക്കത്തിൽ യുജിസി പ്രതിനിധികളെ അനുവദിപ്പിച്ച ഗവർണറുടെ നടപടിക്കു പിന്നിലെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടുത്ത നീക്കം വരാനിരിക്കുന്നതേയുള്ളൂ. മലയാള വാഴ്‌സിറ്റി വിസിക്കായുള്ള സേർച് കമ്മിറ്റി രൂപീകരണത്തിൽ തനിക്കാണ് അധികാരമെന്നു ഗവർണർ ചൂണ്ടിക്കാട്ടുന്നു. 2018ലെ യുജിസി ചട്ടങ്ങളാണ് ഇതിനു ബാധകമായി ചൂണ്ടിക്കാട്ടുന്നത്. ചാൻസലറായ തന്റെ അധികാരങ്ങൾ നഷ്ടപ്പെടുത്തുന്ന നടപടികൾക്കെതിരെ ഗവർണർ നൽകിയ കേസ് സുപ്രീം കോടതി വരുംദിവസങ്ങളിൽ പരിഗണിക്കും.
യുജിസി ചെയർമാനെ ഒപ്പം കൂട്ടിയാണ് പിണറായിയെ ഗവർണർ പൊളിച്ചടുക്കിയത്. മലയാളം സർവകലാശാലയുടെ വി സിയെ നിയമിക്കാനാണ് പിണറായി ശ്രമിച്ചതെങ്കിൽ മലയാളം, എം.ജി, കുസാറ്റ് സർവകലാശാലകളുടെ വി സി നിയമനം സ്വയം ഏറ്റെടുത്തിരിക്കുകയാണ് ഗവർണർ. ഇതിനായി മൂന്നിടത്തും വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്കുള്ള യുജിസി പ്രതിനിധികളെ മണിക്കൂറുകൾ കൊണ്ട് ഗവർണർ നേടിയെടുത്തു. യുജിസി പ്രതിനിധികളായതോടെ ഇനി തന്റെ പ്രതിനിധികളെയും കൂട്ടിച്ചേർത്ത് വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് കഴിയും.
മലയാളം വി സി ഡോ.അനിൽ വള്ളത്തോൾ ഫെബ്രുവരിയിലും കുസാറ്റ് വി സി കെ.എൻ.മധുസൂദനൻ ഏപ്രിലിലും എം.ജി വി സി പ്രൊഫ.സാബുതോമസ് മേയിലുമാണ് കാലാവധി പൂർത്തിയാക്കുന്നത്. എന്നാൽഡിസംബറിൽ തന്നെ ഗവർണർ നിയമനത്തിനുള്ള കരുനീക്കം തുടങ്ങിയിരുന്നു. അതിനിടെയാണ് സംസ്ഥാന സർക്കാർ ഇല്ലാത്ത നിയമം ഉപയോഗിച്ച് വി സി നിയമനത്തിന് ശ്രമിച്ചത്.
ഇതോടെ ആരിഫ് മുഹമ്മദ് ഖാൻ ബുദ്ധിപൂർവ്വം കരുക്കൾ നീക്കുകയും പിണറായിയെ വെട്ടിവീഴ്‌ത്തുകയുമായിരുന്നു. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ പറയുന്നു. യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകനിയമനത്തിന് സിൻഡിക്കേറ്റിന്റെ അനുമതിയോടെ വൈസ്ചാൻസലറാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കുന്നത്. വി സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ലെന്നാണ് നിയമം. ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് സർവകലാശാലകളുടെ പ്രോചാൻസലർ.
മറുനാടന് മലയാളി ബ്യൂറോ