തിരുവനന്തപുരം: കാശ്മീരിൽ നിന്ന് കൊണ്ടുവന്ന കുങ്കുമപ്പൂവും കാശ്മീരി റോസ് ഇതളുകളും ചേർത്ത കാഹ്-വ തേയിലയും മധുരപലഹാരങ്ങളും ക്ലിഫ്ഹൗസിലേക്ക് കൊടുത്തയച്ച് സർക്കാരുമായുള്ള മഞ്ഞുരുക്കിയ ഗവർണർക്ക് എട്ടിന്റെ പണി നൽകി സർക്കാർ. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്രി രൂപീകരിക്കാൻ കൊണ്ടുവന്ന ബിൽ ഗവർണർ ഒപ്പിടാതെ മാറ്റിവച്ചിരിക്കെ, ഈ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം മലയാളം സർവകലാശാലാ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കമ്മിറ്റിയിലേക്ക് ഗവർണറുടെ നോമിനിയുടെ പേര് നൽകാനാവശ്യപ്പെട്ട് രാജ്ഭവന് കത്തെഴുതുക കൂടി ചെയ്തതോടെ സർക്കാർ ഗവർണറുമായി പുതിയ ഏറ്റുമുട്ടലിന് അരങ്ങൊരുക്കുകയാണ്.

എന്നാൽ പിണറായിയുടെ നീക്കം മണത്തറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചടിക്ക് നേരത്തേ ശ്രമം തുടങ്ങിയിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിക്കും മുൻപ് ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിക്കുകയും ഇക്കാര്യം യുജിസി ചെയർമാനെ അറിയിക്കുകയും ചെയ്തു. താൻ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് യുജിസി പ്രതിനിധിയെ ആവശ്യപ്പെട്ടാണ് ഗവർണർ കത്തെഴുതിയത്. ഗവർണറും സർക്കാരും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ശ്രമിക്കുന്നത് നിയമപോരാട്ടങ്ങൾക്ക് വഴിവയ്ക്കുന്നതാണ്. മലയാളം സർവകലാശാലയായിരിക്കും ഗവർണർ- സർക്കാർ പോരിനുള്ള പുതിയ വിഷയം. നിയമസഭ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലേ നിയമമാവൂ. 

ഗവർണർ ഒപ്പിടാത്ത ബിൽ പ്രകാരമുള്ള അഞ്ചംഗ സെർച്ച് കമ്മിറ്റിയാണ് മലയാളം വി സി നിയമനത്തിനായി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ ചാൻസലർ, യുജിസി ചെയർമാൻ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയർമാൻ, സിൻഡിക്കേറ്റ്, സംസ്ഥാന സർക്കാർ എന്നിവരുടെ ഓരോ പ്രതിനിധികളാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരാവും കമ്മിറ്റിയിലുണ്ടാവുക. ഇവർക്കാർക്കും മലയാളം വാഴ്‌സിറ്റിയുമായി ബന്ധമുണ്ടാവില്ല. സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ഉടൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുധനാഴ്ച കത്തുനൽകിയത്. എന്നാൽ ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു.

നയപ്രഖ്യാപനത്തിന് ഗവർണറെ നിയമസഭയിലേക്ക് സർക്കാർ ക്ഷണിക്കുകയും റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിലെ സത്കാരത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവർണർ ക്ഷണിക്കുകയും ചെയ്തതോടെ, ഗവർണർ- സർക്കാർ പോരിൽ മഞ്ഞുരുകിയെന്ന പ്രതീതിയുണ്ടായിരുന്നു. കുങ്കുമപ്പൂവ് ചേർത്ത തേയില മുഖ്യമന്ത്രിക്ക് കൊടുത്തയച്ചതിന് പിന്നാലെ, സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലുകൾ ഒഴികെ, നിയമസഭ പാസാക്കിയ 17ൽ 14ബില്ലുകളിലും ഗവർണർ ഒപ്പിട്ടു.

അതിനുശേഷം ഗവർണർക്കെതിരേ സർക്കാരോ പാർട്ടിനേതാക്കളോ കാര്യമായൊന്നും പറഞ്ഞില്ല. ഗവർണറുമായി ഏറ്റുമുട്ടൽ വേണ്ടെന്നും നയപ്രഖ്യാപനത്തിൽ ഗവർണറെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങളൊന്നും വേണ്ടെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. നയപരമായ തീരുമാനങ്ങളിൽ വിമർശിക്കുമെങ്കിലും രാഷ്ട്രീയമായ വിമർശനം പൂർണമായി ഒഴിവാക്കാനാണ് ധാരണ. വൈസ്ചാൻസലർമാരെ പിരിച്ചുവിടുന്നതിലടക്കം ഗവർണറുടെ നടപടികളിലും വിമർശനമൊഴിവാക്കാനും തീരുമാനിച്ചിരുന്നു.