- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരുമായി ഉടക്കിലാണെങ്കിലും ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ എട്ട് ബില്ലുകളിൽ ഗവർണർ ഒപ്പിടും; ബുധനാഴ്ച ഡൽഹിയിലേക്ക് പോവും മുൻപ് ഗവർണറുടെ തന്ത്രപരമായ നീക്കം; ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ പിടിച്ചുവയ്ക്കും
തിരുവനന്തപുരം: നിയമസഭ പാസാക്കി അയച്ച 11ബില്ലുകളിൽ നിയമപരമായും ഭരണഘടനാപരമായും പ്രശ്‌നമില്ലാത്ത 8 ബില്ലുകളിൽ ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടേക്കും. ബില്ലുകളിൽ ഗവർണർ സൂക്ഷ്മപരിശോധന നടത്തി. ബില്ലുകൾ നിയമമാകേണ്ട സാഹചര്യത്തെക്കുറിച്ച് രാജ്ഭവൻ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. ബില്ലുകളിൽ ഉടൻ ഒപ്പിട്ടേക്കുമെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് പോവുന്ന ഗവർണർ ഗോഹട്ടി, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഒക്ടോബർ മൂന്നിനേ മടങ്ങിയെത്തൂ. ഏകീകൃത തദ്ദേശസ്വയംഭരണ പൊതുസർവീസ്, പി.എസ്.സി, വ്യവസായ ഏകജാലക ക്ലിയറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം, ധനഉത്തരവാദിത്വ ഭേദഗതി തുടങ്ങിയ ബില്ലുകളാവും ഒപ്പിടുക.
യാത്രയ്ക്ക് മുൻപ് ബില്ലുകളിൽ ഒപ്പിട്ട് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയെന്ന വിമർശനത്തിന്റെ മുനയൊടിക്കാനാണ് ഗവർണറുടെ നീക്കം. ലോകായുക്ത, വൈസ്ചാൻസലർ നിയമനം തുടങ്ങിയ നിയമഭേദഗതി ബില്ലുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് ഗവർണർ നിലപാടെടുത്ത സാഹചര്യത്തിൽ അവയിൽ ഒപ്പിടാനിടയില്ല. ലോകായുക്ത പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതിബിൽ നിയമമായാൽ ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഗവർണർ വിലയിരുത്തി. ഉത്തരവുകൾ ശുപാർശകൾ മാത്രമാവും.
നിയമസഭയിലെ ഭൂരിപക്ഷം വച്ച് ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമായും ലോകായുക്തയെ ഉപയോഗിക്കപ്പെടാം. ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനാണെങ്കിൽ പൊതുജനത്തിന്റെ പണമെടുത്ത് ജഡ്ജിമാർക്ക് വലിയ ശമ്പളം നൽകുന്നതെന്തിനെന്നാണ് ഗവർണർ ചോദിച്ചത്. വൈസ്ചാൻസലർ നിയമന ഭേദഗതി നിയമമായാൽ, സർക്കാർ നൽകുന്ന നിയമനഃശുപാർശ അംഗീകരിക്കാൻ താൻ ബാദ്ധ്യസ്ഥനാവുമെന്നും വി സി നിയമനത്തിന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാവുമെന്നും ഗവർണർ വിലയിരുത്തി. കേരള സർവകലാശാലാ വി സി നിയമനത്തിന് താനിറക്കിയ വിജ്ഞാപനം മറികടക്കാനാണ് ഭേദഗതിക്ക് മുൻകാലപ്രാബല്യം കൊണ്ടുവന്നത്. നിലവിലെ വി സിമാരുടെ കാലാവധി ഒരു ടേം കൂടി നീട്ടാനും സർക്കാർ ലക്ഷ്യമിടുന്നെന്നാണ് ഗവർണറുടെ നിലപാട്.
മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ നിയമഭേദഗതി നിയമമായാൽ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമാവില്ലെന്നാണ ഗവർണറുടെ നിലപാട്. അഡ്‌മിനിസ്‌ട്രേറ്റർമാരായ ഉദ്യോഗസ്ഥർക്ക് വോട്ടവകാശം ലഭിച്ചാൽ രാഷ്ട്രീയക്കാരുടെ താത്പര്യമാവും സംരക്ഷിക്കപ്പെടുക. ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് നിലവിൽ വോട്ടവകാശമുള്ളത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശം ലഭിച്ചാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്നതിനാൽ ഭേദഗതി ഭരണഘടനാവിരുദ്ധമാണ്.
മിൽമയുടെ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിൽ 56 അഡ്‌മിനിസ്‌ട്രേറ്റർമാർ വോട്ട് ചെയ്തതിൽ ഹൈക്കോടതിയിൽ കേസുള്ളതിനാൽ കോടതിയലക്ഷ്യവുമാണെന്നും ഗവർണർ വിലയിരുത്തി. ബില്ലുകൾ ഒപ്പിടും മുൻപ് വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ രാജ്ഭവനിലെത്തി, ബില്ലിനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് ഗവർണർ ചീഫ്‌സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാർക്കൊപ്പം പേഴ്‌സണൽ സ്റ്റാഫുകൾ ഒരു കാരണവശാലും രാജ്ഭവനിലെത്തരുതെന്ന് മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.