തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളുടെ ഗുണനിലവാരം തകർക്കുന്ന വിധത്തിലാണ് തോന്നിയ വിധത്തിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത്. ഇത് അവസാനിപ്പിക്കാൻ വേണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടൽ നടത്തിയത്. ഇതിന്റെ പേരിൽ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കാനുള്ള ഓർഡിനൻസ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. അടുത്ത ഘട്ടത്തിൽ ബിൽ കൊണ്ടുവരാനുമുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ ഈ നീക്കങ്ങളെല്ലാം തടയിടാൻ സർജ്ജിക്കൽ സ്‌ട്രൈക്കിന് ഒരുങ്ങുന്നത്. യുജിസി ചട്ടം ഭേദഗതി ചെയ്ത് എല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണർ തന്നെയെന്ന് ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.

യുജിസി ചട്ടങ്ങളിൽ ഭേദഗതി വരുത്തി എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ പ്രാബല്യത്തിലാക്കാനാണ് നീക്കം. ഇതോടെ, സംസ്ഥാന നിയമങ്ങൾക്ക് നിലനിൽപ്പില്ലാതാവും. കേന്ദ്ര സർവകലാശാലകളിൽ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സർവകലാശാലകളിൽ ഗവർണർ തന്നെ ചാൻസലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ സർവകലാശാലകളിൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ തടയാനും സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

പിണറായി വിജയനെ വെള്ളം കുടിപ്പിച്ച ഗവർണറുടെ ശൈലിയാണ് കേന്ദ്രത്തിന് അവസരം നൽകിയത്. കേരളത്തിൽ സർക്കാറിനെ ശരിക്കും വെട്ടിലാക്കുന്ന വിധത്തിലായിരുന്നു ഗവർണറുടെ ഇടപെടലുകൾ. ഇപ്പോൾ യുജിസി ചട്ടം ഭേദഗതി ചെയ്താൽ എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കിയേ പറ്റൂ. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര നിയമത്തിന് തുല്യമാണ് യുജിസി റഗുലേഷൻ. അത് പ്രകാരമുള്ള ഭേദഗതി സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടിവരും. സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും പിന്നീട് നിലനിൽക്കില്ല. വി സി നിയമനത്തിൽ യുജിസി ചട്ടം പാലിക്കാത്തതിനാണ് സാങ്കേതിക സർവകലാശാല വി സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതിയും ഫിഷറീസ് സർവകലാശാല വി സി റിജി ജോണിനെ ഹൈക്കോടതിയും പുറത്താക്കിയത്.

അതേസമയം ഗവർണർമാർക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇതാണ് തിടുക്കത്തിലുള്ള യുജിസി നിയമ ഭേദഗതി നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചനയുള്ളത്. ഛത്തീസ്‌ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഗവർണറെ നീക്കാനുള്ള നിയമം അണിയറയിലാണ്. രാജസ്ഥാനിൽ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ഗവർണർക്ക് വിസിറ്റർ പദവി നൽകാനാണ് നിയമ നിർമ്മാണം തമിഴ്‌നാടും ബംഗാളും ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടിട്ടില്ല.

അതിനിടെ ഗവർണറെ സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്തു നിന്നു നീക്കാനുള്ള ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരിക്കയാണ്. അടുത്തമാസം അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സമ്മേളനം ജനുവരിയിലേക്ക് നീട്ടും. ഗവർണർമാരുമായി തർക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

14 സർവകലാശാലകളുടേയും ചാൻസിലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അടുത്ത മാസം അഞ്ചുമുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഓർഡിനൻസിലേതിനു സമാനമായി ഗവർക്കു പകരം അക്കാദമിക് വിദഗ്ധരെ ചാൻസിലർമാരായി നിയമിക്കാനാകും ബില്ലിലേയും വ്യവസ്ഥ.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ആരംഭിച്ച് താൽക്കാലികമായി പിരിയുന്ന സഭ ജനുവരിയിൽ പുനരാരംഭിക്കുന്നത്. സമ്പൂർണ ബജറ്റ് അവതരിപ്പിച്ച ശേഷമായിരിക്കും പിരിയുക. സംസ്ഥാന സർക്കാരുകളും ഗവർണർമാരുമായി ഏറ്റുമുട്ടൽ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം പഠിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് ചുമതല. ബംഗാൾ, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സാഹചര്യമാണ് പഠനവിധേയമാക്കുക.

ഇത്തവണ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. ബജറ്റ് അവതരിപ്പിച്ച് നാലുമാസത്തെ ചെലവിന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയുന്നതിനുപകരം ചർച്ചകളെല്ലാം പൂർത്തിയാക്കി മാർച്ച് 31-നു മുമ്പ് പാസാക്കുന്നതാണ് സമ്പൂർണ ബജറ്റ്. അതിനായി ജനുവരിയിൽ സഭ ചേരുമ്പോൾ നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിൽ ഗവർണർ സമ്മർദതന്ത്രം സ്വീകരിക്കുമോ എന്നാണ് സർക്കാരിന്റെ ആശങ്ക. മുമ്പ് പലതവണ അതുണ്ടായിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ ജനുവരിയിലെ സമ്മേളനം പുതുവർഷത്തിലെ ആദ്യസമ്മേളനമല്ലെന്ന് വരുത്തണം.

മന്ത്രിസഭയുടെ ശുപാർശയനുസരിച്ച് നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതും അനിശ്ചിതകാലത്തേക്ക് അവസാനിപ്പിക്കുന്നതും ഗവർണറാണ്. എന്നാൽ, സമ്മേളനം ചേർന്നാൽ അത് നീട്ടാനും ചുരുക്കാനും ഇടവേള നൽകാനും തീരുമാനിക്കുന്നത് കാര്യോപദേശക സമിതിയാണ്. എത്രദിവസംവരെ ഇടവേള നൽകാമെന്നതിന് പ്രത്യേക വ്യവസ്ഥയില്ല. എന്നാൽ, ഡിസംബർ 15-ന് ഈ സമ്മേളനത്തിന്റെ നടപടികൾ കഴിഞ്ഞാൽ ബജറ്റ് തയ്യാറാകുന്നതുവരെ നീണ്ടകാല ഇടവേള നൽകുന്നത് വിമർശനങ്ങൾക്ക് ഇടയാക്കും. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാൻ സഭ ചേരാൻ സർക്കാർ ശുപാർശ ചെയ്‌തെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയില്ല. സമ്മേളനം മാറ്റിവെക്കേണ്ടിവന്നു. സർക്കാരിന്റെ വിശദീകരണത്തിനുശേഷം മറ്റൊരു ദിവസമാണ് സഭ ചേരാനായത്.