- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയില്ല; ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി; തീരുമാനത്തിൽ ഉടക്കുവെച്ചത് സിപിഎം അനുകൂല സംഘടനകൾ; ജീവനക്കാർ എതിർത്തത് അഞ്ച് പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം ദ്വീർഘിപ്പിക്കാൻ തീരുമാനിച്ചത്
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. വിഷയത്തിൽ ഉടക്കുമായി സിപിഎം അനുകൂല സംഘടനകൾ രംഗത്തുവന്നതോടെയാണ് വിഷയത്തിൽ എതിർപ്പുയർന്നത്. സിപിഎം അനുകൂല സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി നിർദ്ദേശം തള്ളിയത്.
സെക്രട്ടറിതല യോഗത്തിലുയർന്ന നിർദ്ദേശമായിരുന്നു സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകുക എന്നത്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലെ ജോലി സമയത്തിൽ ഭേദഗതി വരുത്തി ഇത് നടപ്പാക്കാനായിരുന്നു മുന്നോട്ടുവെച്ച നിർദ്ദേശം. ഈ നിർദ്ദേശം സംബന്ധിച്ച് ജീവനക്കാരുടെ സർവീസ് സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
സിപിഎം. അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനുമൊഴികെയുള്ള എല്ലാ സർവീസ് സംഘടനകളും ഈ തീരുമാനത്തോട് യോജിച്ചിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും തീരുമാനം എതിർത്തതോടെയാണ് നിർദ്ദേശത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്കു വിട്ടത്. എന്നാൽ വിഷയം പരിശോധിച്ച മുഖ്യമന്ത്രി നാലാം ശനിയാഴ്ച അവധി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം തള്ളുകയായിരുന്നു.
അഞ്ച് കാഷ്വൽ ലീവുകൾ കുറയ്ക്കുമെന്ന് സർക്കാർ ഉപാധിവെച്ചതോടെയാണ് സംഘടനകൾ എതിർത്തത്. നിലവിൽ ഒരുവർഷം 20 കാഷ്വൽ ലീവുകളാണ് സർക്കാർ ജീവനക്കാർക്കുള്ളത്. നാലാം ശനിയാഴ്ച അവധി നൽകുന്നതോടെ ഈ കാഷ്വൽ ലീവുകളുടെ എണ്ണം 15 ആയി കുറയ്ക്കും. ഇതിനെ സംഘടനകൾ എതിർക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ