തിരുവനന്തപുരം: ഓൺലൈൻ റിവ്യൂകളും മറ്റും ഉൾപ്പടെ സജീവമാകുന്ന കാലത്ത് സർക്കാർ ജീവനക്കാരെ ഇത്തരം ഇടങ്ങളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം കനക്കുന്നു.സർക്കാർ ജീവനക്കാർക്ക് യുട്യൂബ് ചാനൽ പാടില്ലെന്ന ഉത്തരവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ആളുകൾ ചാനൽ സബ്‌ക്രൈബ് ചെയ്യുമ്പോൾ അതിൽ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്.യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

ഈ ഉത്തരവാണ് ഇപ്പോൾ ഒരു വിഭാഗം ജീവനക്കാർക്ക് കുരുക്കാകുന്നത്.സർക്കാർ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവിൽ യൂട്യൂബ് ചാനൽ നടത്തി അധികവരുമാനം കണ്ടെത്തുന്നത്.സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനൽ പാടില്ലെന്നാണ് സർക്കാർ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നിയമാവലി ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയാൽ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു.അതേസമയം ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.പ്രതിഫലം ലഭിക്കുമെന്നതുകൊണ്ട് ഒരാളുടെ സർഗ്ഗശേഷി ഉപയോഗിക്കരുത് എന്ന് പറയുന്നത് അനീതിയല്ലേയെന്നാണ് സോഷ്യൽ മീഡിയയിലെ കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് പെർമിഷൻ നിരസിച്ചുകൊണ്ടുള്ള ഒരു അറിയിപ്പ് വാട്‌സാപ്പിൽ കറങ്ങുന്നുണ്ട്.യൂട്യൂബ് ചാനൽ ആരംഭിച്ചാൽ വരുമാനം ലഭിക്കാൻ സാധ്യതയുണ്ടത്രേ! സാമ്പത്തിക നേട്ടം ഉണ്ടായാൽ അത് 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കുന്നത്.

പ്രസ്തുത അറിയിപ്പിന്റെ ആധികാരികത പരിശോധിച്ചിട്ടില്ല. പക്ഷേ സമാനമായ പല വിഷയങ്ങളും സംഭവിക്കുന്നുണ്ട് എന്നറിയാം.ഉദാഹരണമായി സർക്കാർ ജീവനക്കാർ ആരെങ്കിലും ഒരു പുസ്തകം എഴുതുകയോ, അഭിനയിക്കുകയോ, തിരക്കഥ എഴുതുകയൊക്കെയോ ചെയ്യാൻ വേണ്ടി അനുവാദം ചോദിച്ചാൽ അനുവാദം ലഭിക്കാറില്ല, അല്ലെങ്കിൽ മറുപടി ലഭിക്കാറില്ല എന്ന ഒരു സാഹചര്യം നിലവിലുണ്ട്. സത്യത്തിൽ ഇതൊക്കെ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞില്ലേ?

പുസ്തകം എഴുതിയാലോ സിനിമയിൽ അഭിനയിച്ചാലോ ഒക്കെ പ്രതിഫലം ലഭിക്കും. ആ പ്രതിഫലം ലഭിക്കുമെന്നതുകൊണ്ട് ഒരാളുടെ സർഗ്ഗശേഷി ഉപയോഗിക്കരുത് എന്ന് പറയുന്നത് അനീതിയല്ലേ? അങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ടെങ്കിൽ അത് കൂടി ടാക്‌സ് ഫയൽ ചെയ്യുമ്പോൾ പരിഗണിച്ചാൽ പോരെ? അങ്ങനെ ലഭിക്കുന്ന വരുമാനത്തിന് കൂടി ടാക്‌സ് അടച്ചാൽ പ്രശ്‌നം തീരുമല്ലോ. ചെയ്യുന്ന ജോലിയുമായി 'കോൺഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ്' ഉണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കേണ്ട കാര്യമല്ലേ ഉള്ളൂ? അങ്ങനെ കോൺഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ് ഉണ്ടെങ്കിൽ അനുമതി നിഷേധിക്കാം.

അത് സാധാരണ എവിടെയും ചെയ്യാറുള്ള കാര്യമാണ്. പല രാജ്യങ്ങളിലും ഒരു സെൽഫ് ഡിക്ലറേഷൻ മതിയാകും. അതിൽ എന്തെങ്കിലും മറച്ചു വച്ചാലോ തെറ്റിദ്ധരിപ്പിച്ചാലോ അനുവാദം ലഭിക്കില്ല.സർക്കാർ ജീവനക്കാർ തങ്ങളിൽ നിക്ഷിപ്തമായ ജോലി കൃത്യമായി ചെയ്യണം. അതിൽ വീഴ്ച വരാൻ പാടില്ല. അങ്ങനെ അല്ലാതെ അയാളുടെ സ്വകാര്യ സമയത്ത് പുസ്തകം എഴുതുകയോ യൂട്യൂബ് വീഡിയോ ചിത്രീകരിക്കുകയോ അഭിനയിക്കുകയോ ചെയ്യുക എന്നതൊക്കെ അയാളുടെ മാത്രം സ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യമല്ലേ? അതിനൊക്കെ അനുവാദമില്ല എന്ന് പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിൽ ഉള്ള കൈകടത്തിൽ കൂടിയാണ്. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു കാഴ്ചപ്പാട് അല്ലേ വേണ്ടത്? പതിറ്റാണ്ടുകൾക്ക് മുൻപ് രൂപീകരിച്ച ഇത്തരം അസംബന്ധങ്ങൾ ഇനിയെങ്കിലും മാറ്റേണ്ടേ?

 

കൃഷി വകുപ്പിൽ ഉൾപ്പടെ ഉയർന്ന ഒട്ടേറെ സർക്കാർ ഉദ്യോഗസ്ഥർ യൂട്യൂബ് ചാനൽ വഴി നിലവിൽ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരിൽ ചാനൽ തുടങ്ങിയവരാണ് അധികവരുമാനക്കാരിൽ ഏറെയും.ഇത്തരക്കാരെ നിയന്ത്രിക്കുക പുതിയ ഉത്തരവ് വഴി പ്രയാസകരവുമാണ്.മാത്രവുമല്ല, പണം സ്വീകരിക്കാതെ സാമൂഹ്യപ്രതിബന്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന വിശദീകരണം നൽകുന്നവരുമുണ്ട്. അതസമയം സംസ്ഥാനത്തെ ചില സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം ഉണ്ടാവാനിടയില്ല.