- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഇടത് സർക്കാർ; സിൽവർലൈൻ ഉപേക്ഷിക്കുന്നു; സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല; പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും; തുടർ നടപടികൾ കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രം; കേസുകൾ പിൻവലിക്കണമെന്ന് സമരസമിതി
തിരുവനന്തപുരം: ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി ഇടത് സർക്കാർ. കേരളത്തിൽ ഉടനീളം അലയടിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ സിൽവർലൈൻ പദ്ധതി തത്കാലം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല.
പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തുടർനടപടികൾ കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിർപ്പിനെ തുടർന്നാണ് സിൽവർ ലൈൻ മരവിപ്പിക്കുന്നത്. സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. തിരുവനന്തപുരവും കാസർകോടും ബന്ധിപ്പിക്കുന്ന 530 കിലോമീറ്റർ നീളമുള്ള അംഗീകൃത അർധ അതിവേഗ റെയിൽപ്പാതയയാണ് പദ്ധതി വിഭാവനം ചെയ്തത്. ഈ ദൂരം കേവലം നാല് മണിക്കൂറിൽ താഴെ സമയമെടുത്ത് എത്തിച്ചേരാൻ കഴിയുന്നുവെന്നായിരുന്നു പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഇടത് സർക്കാർ അവകാശപ്പെട്ടത്. നിലവിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ വഴി ഈ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂറിൽ കൂടുതൽ വേണ്ടിവരുമ്പോൾ അതിവേഗ യാത്രസംവിധാനം എന്ന നിലയിലാരുന്നു പദ്ധതിയെ പരിചയപ്പെടുത്തിയത്.
63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന, 11 സ്റ്റേഷൻ വഴി തിരുവനന്തപുരവും കാസർകോടും ബന്ധിപ്പിക്കുന്ന 530.6 കിലോമീറ്റർ നീളത്തിലുള്ള അർധ അതിവേഗ റെയിൽപ്പാതയായാണ് സിൽവർ ലൈൻ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുടെ അലൈന്മെന്റ് 11 ജില്ലയെ ബന്ധിപ്പിക്കും, വടക്കുതെക്ക് ദൈർഘ്യത്തിൽ ഗതാഗതം സുഗമമാക്കാനും മൊത്തം യാത്രാസമയം നാല് മണിക്കൂറിൽ താഴെയാക്കാനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി മുന്നോട്ട് വച്ചത്.
സിൽവർ ലൈൻ പദ്ധതി നടത്തിപ്പിനായി സർവെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും ആരംഭിച്ചതോടെയാണ് ജനകീയ പ്രതിഷേധം ഉയർന്നത്. സ്വകാര്യ ഭൂമികളിൽ ഉടമകളുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ ബലമായി അതിരടയാള കല്ല് സ്ഥാപിക്കാൻ മുതിർന്നതോടെ പ്രാദേശികമായി രൂപപ്പെട്ട പ്രതിഷേധങ്ങൾ പിന്നീട് ജനകീയ സമരത്തിന് വഴിമാറുകയായിരുന്നു. സാമൂഹികാഘാത പഠനം പോലും നടത്താതെ പദ്ധതിക്കായി സർക്കാർ മുന്നിട്ടിറങ്ങിയതോടെ പ്രതിഷേധം കത്തി. ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ എന്നിവ പരിഗണിക്കാതെയുള്ള ഇടപെടലുകളാണ് ജനങ്ങളെ പ്രതിഷേധ സമരത്തിൽ എത്തിച്ചത്.
എന്നാൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങാൻ സർക്കാർ ഒടുവിൽ നിർബന്ധിതമാകുകയായിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തിയ ശ്രമങ്ങൾ സിപിഐമ്മിന്റെ പ്രതിച്ഛായയെ പോലും ബാധിച്ചിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തതോടെയാണ് പിണറായി സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ