തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തദ്ദേശസ്ഥാപനങ്ങൾ നേരാംവണ്ണം ഫണ്ട് നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ഇതിനിടെയിലും തദ്ദേശ സ്ഥാപനങ്ങൾക്ക് വാഹനം വാടകയ്ക്ക് എടുത്താൽ മതിയെന്ന മുൻ തീരുമാനം തിരുത്തി 13 ലക്ഷം രൂപ വരെ വിലയുള്ളവ വാങ്ങിക്കാൻ അനുമതി നൽകി. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംഘടനയുടെ സമ്മർദത്തെ തുടർന്നാണ് ചെലവുചുരുക്കൽ തീരുമാനത്തിൽനിന്നു സർക്കാർ പിൻവാങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ തദ്ദേശ വകുപ്പ് മന്ത്രിസ്ഥാനം ഒഴിയും മുൻപു എം വിഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. മേയർമാർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനം വാങ്ങാൻ നിലവിൽ അനുമതി ഉണ്ട്.

അതേസമയം തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള ദ്രുത കർമ്മ പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് വേണ്ടത്ര പണം തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകാത്തതു കൊണ്ടാണ്. പദ്ധതി നടപ്പലാക്കാനുള്ള പണം തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന നിർദേശമാണ് പ്രാദേശിക ഭരണകൂടങ്ങളെ വലയ്ക്കുന്നത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ ചെലവഴിച്ച പണം പോലും സർക്കാർ ഇതുവരെ കൊടുത്ത് തീർത്തിട്ടില്ല.

തെരുവ് പട്ടികളെ നിയന്ത്രിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. വളർത്ത് പട്ടികൾക്കും തെരുവ് പട്ടികൾക്കുമുള്ള വാക്‌സിനേഷൻ , വന്ധ്യംകരണം , ഷെൽട്ടർ ഹോമുകൾ അങ്ങനെ ഉത്തരവാദിത്തങ്ങൾ മുഴുവൻ നടപ്പിലാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ. എന്നാൽ സർക്കാർ നിർദ്ദേശം കൊടുത്തതല്ലാതെ ഒരു രൂപ പോലും പഞ്ചായത്ത്കൾക്ക് ഫണ്ട് ഇനത്തിൽ നൽകിയിട്ടില്ല. എബിസി കേന്ദ്രങ്ങൾക്കും മാലിന്യ സംസ്‌ക്കരണത്തിനും ഷെൽട്ടർ ഹോമുകൾക്കും നാട്ടുകാരുടെ എതിർപ്പില്ലാത്ത ഒഴിഞ്ഞ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഭരണസമിതികൾ നേരിടുന്നു. പട്ടിപിടുത്തക്കാരേയും കിട്ടാനില്ല. അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ട പദ്ധതികൾക്ക് പണം ഇല്ലാതെ വന്നതോടെ പല പഞ്ചായത്തുകളും നടപടികൾ മതിയാക്കി.

ഒരു തെരുവ് പട്ടിയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണമെങ്കിൽ 600 രൂപ വരെ ചെലവുണ്ട്. പിന്നീട് സംരക്ഷണ കേന്ദ്രത്തിലെ ഭക്ഷണമടക്കമുള്ള തുടർചെലവുകൾ വേറെ. കോവിഡ് കാലത്ത് സിഎഫ്എൽടിസികൾ തുറന്നതും പ്രവർത്തിപ്പിച്ചതും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ചായിരുന്നു. ഘട്ടം ഘട്ടമായി ഇത് തിരികെ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ ഇനത്തിൽ അൻപത് ലക്ഷം രൂപ വരെ കിട്ടാനുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമുണ്ട്. നിലവിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും കൊടുക്കാൻ പ്രാദേശിക ഭരണസമിതികളിൽ ഫണ്ടില്ല. വികസന പദ്ധതികളും മുടങ്ങി. ഈ പ്രതിസന്ധികൾക്കിടയിലാണ് വാഹനം വാങ്ങാൻ അനുമതി സർക്കാർ നൽകിയിരിക്കുന്നത്.