തിരുവനന്തപുരം: സീനിയർ ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച് അതിന്റെ പേരിൽ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥർക്ക് ചട്ടവിരുദ്ധമായി നൽകിയ സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കാൻ ധനകാര്യവകുപ്പിന്റെ നിർദ്ദേശം.സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും വകുപ്പുകളിലും സ്ഥാപനങ്ങളിലും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ കർശന ഇടപെടൽ. ഇവർക്ക് നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ധനവകുപ്പ് ഉത്തരവിട്ടു.

സർക്കാരിന്റെ വിലക്ക് നിലനിൽക്കേ പബ്ലിക് സർവീസ് കമ്മിഷനിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്.ഉദ്യോഗസ്ഥർ മൂന്നുമാസത്തിൽ കൂടുതൽ അവധിയെടുത്താൽ അത് ഒഴിവായി കണക്കാക്കി തൊട്ടുതാഴെയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുന്ന രീതിയാണ് നേരത്തേ ഉണ്ടായിരുന്നത്. ഇത് ദുരുപയോഗപ്പെടുത്തി സീനിയർ ഉദ്യോഗസ്ഥരെക്കൊണ്ട് അവധിയെടുപ്പിച്ച് മറ്റുള്ളവർക്ക് സ്ഥാനക്കയറ്റം ഉറപ്പാക്കുന്ന പ്രവണത വ്യാപകമായിരുന്നു.

അതോടെ താഴെയുള്ള തസ്തികകളിലേക്കും സ്ഥാനക്കയറ്റം നൽകേണ്ടിവരും.സ്ഥാനക്കയറ്റത്തിന്റെ പരമ്പരതന്നെ സൃഷ്ടിക്കുന്ന ഈ രീതി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്.ഇത്തരം സ്ഥാനക്കയറ്റങ്ങൾ നിർത്തലാക്കി 2020 നവംബർ അഞ്ചിന് ധനവകുപ്പ് ഉത്തരവിറക്കി. അവധിയുടെ പേരിൽ സ്ഥാനക്കയറ്റങ്ങൾ വേണ്ടെന്നും അവധിയെടുത്ത ഉദ്യോഗസ്ഥന്റെ ചുമതലകൾ മറ്റുള്ളവർക്ക് നൽകാനുമായിരുന്നു ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് പബ്ലിക് സർവീസ് കമ്മിഷനിൽ ഇത്തരത്തിൽ മുപ്പതോളം സ്ഥാനക്കയറ്റങ്ങൾ നൽകിയത്.

ഒരുമാസം അവധിയെടുത്ത ഒഴിവിലാണ് പല സ്ഥാനക്കയറ്റങ്ങളും. ഇവ അംഗീകരിച്ചുകിട്ടാനുള്ള ഫയൽ ധനവകുപ്പിന് മുന്നിലെത്തിയപ്പോഴാണ് ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ തുടരുന്നുവെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതോടെയാണ് ഇത്തരത്തിൽ എവിടെയൊക്കെ സ്ഥാനക്കയറ്റങ്ങൾ നൽകിയിട്ടുണ്ടോ അവയൊക്കെ റദ്ദാക്കാനും ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ധനവകുപ്പ് ഉത്തരവിട്ടത്.

പലേടത്തും കോവിഡ് കാലത്ത് ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചത് മറയാക്കി സ്ഥാനക്കയറ്റം നൽകിയിരിക്കാമെന്നാണ് സർക്കാരിന്റെ നിഗമനം. എന്നാൽ, മറ്റുവകുപ്പുകളിൽ എത്രത്തോളം സ്ഥാനക്കയറ്റങ്ങൾ ഇത്തരത്തിൽ നടന്നുവെന്ന് കണ്ടെത്തിയിട്ടില്ല. ഒട്ടുമിക്ക വകുപ്പുകളിലും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്നതിനാൽ ധനവകുപ്പിന്റെ തീരുമാനം സർക്കാർ മേഖലയിൽ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, റിട്ടയർമെന്റിന്റെ മുന്നൊരുക്കമായുള്ള എൽ.പി.ആർ. ലീവുകളെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.