- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബിൽ ഒപ്പിടാതെ വിശദീകരണം തേടി സർക്കാരിനു തിരിച്ചയയ്ക്കാം; രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടാനും രാജ്ഭവന് അധികാരം; നിയമസഭ വീണ്ടും ആവശ്യപ്പെട്ടാൽ ഒപ്പിടേണ്ടി വരും; ബിൽ ഒപ്പിടുകയോ നടപടിയെടുക്കുകയോ ചെയ്യാതെ അനിശ്ചിത കാലത്തേക്ക് കൈവശവും വയ്ക്കാം; ലോകായുക്തയിൽ പ്രധാന കടമ്പ ഗവർണ്ണർ തന്നെ; പിണറായിയുടെ ആഗ്രഹം നിയമമാകുമോ?
തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന രണ്ടു ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും. സിപിഎംസിപിഐ ധാരണയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഭേദഗതി ബിൽ ഇന്നു സഭയിൽ അവതരിപ്പിക്കുമെങ്കിലും അത് ഉടൻ നിയമം ആകണമെങ്കിൽ രാജ്ഭവൻ കനിയണം. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഭേദഗതി ബിൽ നാളെ അവതരിപ്പിക്കും. ഈ ബില്ലിനും ഗവർണ്ണർ ഉടൻ അംഗീകാരം നൽകില്ലെന്നാണ് സൂചന.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത തീർപ്പ് കൽപിക്കുന്ന സാഹചര്യം രൂപപ്പെട്ടാൽ ഇനിമുതൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്ലറ്റ് അഥോറിറ്റി. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും ഇനി അപ്ലറ്റ് അഥോറിറ്റി. ലോകായുക്ത വിധി നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകും; സർക്കാരിനു വിധി തള്ളാനാകും. ദുരിതാശ്വാസ നിധിയിലെ ലോകായുക്താ ഉത്തരവിലെ വിധി മുഖ്യമന്ത്രിക്ക് എതിരാകുമെന്ന വിലയിരുത്തലിലാണ് ഇതെല്ലാം. നിയമസഭയിൽ സർക്കാരിനാകും ഭൂരിപക്ഷം. അതുകൊണ്ട് തന്നെ സർക്കാർ ആഗ്രഹിക്കുന്നതു മാത്രമേ സഭയിൽ നടക്കൂ. സ്പീക്കറെ നിശ്ചയിക്കുന്നതും ഫലത്തിൽ ഭരണ നേതൃത്വമാണ്. അതുകൊണ്ട് മന്ത്രിമാരുടെ കാര്യവും സെയ്ഫാകും.
ലോകായുക്തയിലെ നിയമസഭാ ചർച്ചയിൽ അതിശക്തമായ നിലപാട് തന്നെ പ്രതിപക്ഷം എടുക്കും. സർക്കാരിനെ തുറന്നു കാട്ടനാകും ശ്രമിക്കുക. ലോകായുക്തയെ കൂട്ടിൽ അടച്ച തത്തയാക്കാനുള്ള നീക്കം തുറന്നു കാട്ടും. മുഖ്യമന്ത്രിയുടെ അഴിമതിയോടുള്ള താൽപ്പര്യമായി ഇതിനെ ഉയർത്തിക്കാട്ടും. സിപിഐയോടും പല ചോദ്യങ്ങളും ഉയർത്തും. സികെ ചന്ദ്രപ്പനെ പോലുള്ള നേതാക്കളുടെ നിലപാട് ഉയർത്തിയാകും പ്രതിപക്ഷ ആക്രമണം. ഇതിനെ പുച്ഛിച്ചു തള്ളി ബിൽ പാസാക്കുകയാകും സർക്കാരിന്റെ ലക്ഷ്യം.
നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബിൽ ഒപ്പിടാതെ, വിശദീകരണം തേടി സർക്കാരിനു തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടുകയോ ചെയ്യാൻ ഗവർണർക്കാകും. നിയമസഭ വീണ്ടും ആവശ്യപ്പെട്ടാൽ ഒപ്പിടേണ്ടി വരും. എന്നാൽ, ബിൽ ഒപ്പിടുകയോ നടപടിയെടുക്കുകയോ ചെയ്യാതെ ഗവർണർ കൈവശം വച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. എത്രസമയം കൈവശംവയ്ക്കാമെന്നതിനു സമയപരിധിയുമില്ല. ആറു മാസത്തിന് അപ്പുറം ഈ ബില്ലിനെ തടഞ്ഞു വച്ചാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകും. ലോകായുക്തയിലെ വിധി ഉടൻ വരുമെന്നാണ് സൂചന.
ലോകായുക്ത ഓർഡിനൻസ് നേരത്തെ ഗവർണർ അംഗീകരിച്ചതാണെങ്കിലും തന്നെ ലക്ഷ്യമിടുന്ന പുതിയ ഭേദഗതി സ്വീകാര്യമാകുമോ എന്നു സംശയം. ഇതും സർക്കാരിനെ പ്രതിസന്ധിയിലാക്കും. ഏതായാലും മുമ്പോട്ട് പോകാനാണ് സർക്കാർ തീരുമാനം. ലോകായുക്ത ഭേദഗതി സംബന്ധിച്ചു രാഷ്ട്രീയ ചർച്ചകളിലൂടെ രൂപപ്പെട്ട ധാരണയുടെ നിയമവശം പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. അപ്ലറ്റ് അഥോറിറ്റിയായി ഉന്നതസമിതി രൂപീകരിക്കണമെന്നായിരുന്നു സിപിഐ നിർദ്ദേശം. എന്നാൽ, ഈ സമിതിയുടെ നിയമപരമായ നിലനിൽപിൽ വിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചതോടെയാണ് പുതിയ ധാരണ രൂപപ്പെട്ടത്.
ഇപ്പോഴത്തെ നിർദേശത്തോട് അഭിപ്രായവ്യത്യാസമുള്ളവർ സിപിഐയിലുണ്ട്. വിവാദമായ പഴയ ബിൽ തന്നെയാകും ഇന്ന് അവതരിപ്പിക്കുക. തുടർന്ന് സബ്ജക്ട് കമ്മിറ്റിയിൽ നടക്കുന്ന ചർച്ചയിൽ മാറ്റങ്ങൾ ഔദ്യോഗിക ഭേദഗതിയായി സർക്കാർ തന്നെ കൊണ്ടുവരും. അധികാരം നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സ്പീക്കർക്കും നൽകുന്നതിലൂടെ ലോകായുക്തയുടെ പ്രസക്തി തന്നെ ഇല്ലാതെയാകും. നേരത്തെ ലോകായുക്തയുടെ വിധി അംഗീകരിക്കേണ്ട ബാധ്യത അത് വാങ്ങുന്നവർക്കുണ്ടായിരുന്നു. ഇനി ശുപാർശ തള്ളാനും കഴിയും.
സർവ്വകലാശാലകളിൽ വിസിയെ കണ്ടെത്തുന്നതിനുള്ള സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് നാളെ സഭയിലെത്തുന്ന ബില്ലിലെ പ്രധാന ഭേദഗതി. പുതുതായി വരുന്ന രണ്ടംഗങ്ങൾ സർക്കാർ നോമിനികളാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് സേർച് കമ്മിറ്റി കൺവീനർ. കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങൾ നിർദേശിക്കുന്ന പാനലിൽ നിന്നാണ് വിസിയെ നിയമിക്കേണ്ടത്. ഭേദഗതി നടപ്പായാൽ ഗവർണർ ഇടഞ്ഞാലും സർക്കാരിന് ഇഷ്ടക്കാരെത്തന്നെ വിസിയാക്കാൻ കഴിയും.
വിസിമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കി ഉയർത്തുന്നതാണ് മറ്റൊരു ഭേദഗതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂക്ഷ വിമർശനത്തിന് ഇരയായ കണ്ണൂർ വിസിയുടെ നിയമനം ക്രമപ്പെടുത്തുന്നതിനാണ് ഈ മാറ്റം. ഗവർണർ നാളെ ഡൽഹിയിൽ നിന്നു കേരളത്തിലെത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ വിസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും.
മറുനാടന് മലയാളി ബ്യൂറോ