- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണ്ണറെ വെല്ലുവിളിച്ച് പുറത്താക്കിയ സെനറ്റ് അംഗങ്ങൾ കോടതിയിൽ പോകുന്നത് തിരിച്ചടിയാകുമോ എന്ന് സർക്കാരിന് ആശങ്ക; കണ്ണൂരിൽ പ്രിയാ വർഗ്ഗീസ് വിവാദത്തിലെ കോടതി വിധി കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനം; കേരള സർവ്വകലാശാലയിൽ മന്ത്രി ബിന്ദുവിന്റെ നോമിനികൾക്ക് താൽകാലിക ചുമതല കിട്ടില്ല; വൈസ് ചാനൻസലർ നിയമനത്തിൽ രണ്ടും കൽപ്പിച്ച് രാജ്ഭവൻ; ഗവർണ്ണർ-സർക്കാർ പോര് തുടരുമ്പോൾ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദങ്ങൾ കോടതിയിൽ എത്തില്ലെന്ന് സൂചന. കരുതലോടെ മാത്രം കോടതിയെ സമീപിച്ചാൽ മതിയെന്നാണ് സർക്കാരിന് അടക്കം ലഭിക്കുന്ന നിയമോപദേശം. കോടതി വ്യവഹാരങ്ങളിൽ ഗവർണ്ണർക്ക് മുൻതൂക്കം കിട്ടിയാൽ അത് സർക്കാരിന് തിരിച്ചടിയാകും. കണ്ണൂർ സർവ്വകലാശാലയിലെ പ്രിയാ വർഗ്ഗീസിന്റെ നിയമന വിവാദത്തിൽ കോടതി തീരുമാനം സർക്കാരിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ ജയം ഉറപ്പുണ്ടെങ്കിൽ മാത്രമേ ഹൈക്കോടതിയിലേക്ക് പരാതിയുമായി പോകൂ.
സെനറ്റിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ചാൻസലർ അനുകൂലനിലപാടെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പുറത്താക്കപ്പെട്ടവർ എന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2011-ൽ സർക്കാർ നാമനിർദ്ദേശംചെയ്ത ആറു സെനറ്റ് അംഗങ്ങളെയും 2012-ൽ ഗവർണർ നാമനിർദ്ദേശംചെയ്ത മൂന്നുപേരെയും പുറത്താക്കിയ നടപടി ഹൈക്കോടതിയിലെത്തിയിരുന്നു. പക്ഷേ, പുറത്താക്കൽ നടപടി ഹൈക്കോടതി ശരിവെച്ചു. ഈ സാഹചര്യത്തിലാണ് ആലോചനകൾ. സർവകലാശാലയിൽ ഒട്ടേറെ വീഴ്ചകൾ സംഭവിച്ചെങ്കിലും വിരമിക്കാൻ പോകുന്ന വിസിയെ നടപടിയിൽ നിന്നു ഗവർണർ ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് ഗവർണറുടെ നടപടികളെ ചോദ്യം ചെയ്ത് വിസി കത്തെഴുതിയത്. ക്വോറം ഇല്ലാതെ പിരിയേണ്ടി വന്ന സെനറ്റ് യോഗത്തിൽ നിന്നു വിട്ടുനിന്ന 15 അംഗങ്ങളെ ഗവർണർ പുറത്താക്കിയെങ്കിലും വിസിയാണ് വിജ്ഞാപനമിറക്കേണ്ടത്.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവിൽ ഗവർണർക്കു പകരം ഗവർണറുടെ സെക്രട്ടറി ഒപ്പുവച്ചത് ചട്ട വിരുദ്ധമാണെന്നും ഔദ്യോഗിക അംഗങ്ങളായ 4 വകുപ്പു മേധാവികൾ ഔദ്യോഗിക തിരക്കു മൂലമാണ് യോഗത്തിൽ നിന്നു വിട്ടുനിന്നതെന്നും കത്തിൽ വിസി വാദിക്കുന്നു. വിസിമാരുടെ നിയമന ഉത്തരവുകളിലും വിവിധ നാമനിർദേശങ്ങളിലും ഗവർണറുടെ ഉത്തരവനുസരിച്ച് സെക്രട്ടറിയാണ് ഒപ്പു വയ്ക്കുന്നത്. സെനറ്റിൽ നിന്നു പുറത്താക്കപ്പെട്ടവർക്ക് കോടതിയിൽ നിന്നു സ്റ്റേ കിട്ടുന്നതിനു സാവകാശം ലഭിക്കാനാണ് ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വിസി മടിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതിനിടെ കേരള സർവ്വകലാശാലയിലെ നിലവിലെ വി സി. ഡോ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി 24-ന് അവസാനിക്കുന്നതോടെ, താത്കാലികച്ചുമതലക്കാരനെ നിശ്ചയിക്കാൻ ഗവർണറും സർക്കാരും തയ്യാറെടുപ്പു തുടങ്ങി.
എം.ജി. സർവകലാശാല വി സി. ഡോ. സാബു തോമസ്, കാലടി സംസ്‌കൃത സർവകലാശാല വി സി. ഡോ. ആർ.വി. രവീന്ദ്രൻ എന്നിവർക്ക് താത്കാലികച്ചുമതല നൽകാനുള്ള സർക്കാർ ശുപാർശ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഗവർണർക്കു സമർപ്പിച്ചു. ഇതു ഗവർണ്ണർ അംഗീകരിക്കില്ല. ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് സർവകലാശാലകൾ പത്തുവർഷം സേവനകാലയളവ് പൂർത്തീകരിച്ച സീനിയർ പ്രൊഫസർമാരുടെ പട്ടിക സമർപ്പിച്ചിട്ടുണ്ട്. വി സി.യുടെ താത്കാലികച്ചുമതല ഈ പട്ടികയിൽനിന്നുമുള്ള ഒരാൾക്ക് ഗവർണർ നൽകിയേക്കും. ഒരു സർവകലാശാലയിൽ വി സി. ഒഴിയുമ്പോൾ തൊട്ടടുത്ത സർവകലാശാലകളിലെ വി സി.മാർക്കു താത്കാലികച്ചുമതല നൽകുന്ന നടപടിക്രമമുണ്ട്. ഈ കീഴ്‌വഴക്കം പാലിച്ചാണ് സർക്കാർ രണ്ടുപേരുടെ ലിസ്റ്റ് നൽകിയത്.
അതിനിടെ സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടിയിൽ ഗവർണറോട് പോരാടാനുറച്ച് മുമ്പോട്ട് പോവുകയാണ് കേരള സർവകലാശാല. സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെപേരിൽ 15 പേരെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഗവർണർക്ക് കത്തയച്ചു. എന്നാൽ, തന്റെ ഉത്തരവ് നടപ്പാക്കൂവെന്ന് ഗവർണർ മറുപടിനൽകി. അതുകൊണ്ട് തന്നെ പുതിയ വിസിയുടെ നിയമനം അതിനിർണ്ണായകമാണ്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി.യുടെ കത്ത്. ഗവർണറുടെ നടപടിയിലുള്ള വിയോജിപ്പിനുപുറമേ, ശിക്ഷാനടപടി അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അസംതൃപ്തി ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ഉത്തരവെങ്കിലും അതെന്താണെന്നു വിവരിച്ചിട്ടില്ല. പുറത്താക്കുംമുമ്പ് വിശദീകരണവും തേടിയില്ല. നടപടിയെടുക്കണമെങ്കിൽ പത്തുദിവസത്തെ മുൻകൂർ നോട്ടീസ് നൽകുന്നതടക്കമുള്ള വ്യവസ്ഥകളും പാലിച്ചില്ല. അംഗങ്ങളെ പിൻവലിച്ച ഉത്തരവിൽ ഗവർണറുടെ സെക്രട്ടറി ഒപ്പുവെച്ചത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. നാലു വകുപ്പുമേധാവികൾ ഔദ്യോഗിക തിരക്കുള്ളതിനാലാണ് സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്നും കത്തിൽ വിശദീകരിച്ചു.
ഇതിനിടെ, പുറത്താക്കപ്പെട്ട രണ്ടു സെനറ്റ് അംഗങ്ങൾ ചൊവ്വാഴ്ച മുഖ്യമന്ത്രി മുഖ്യാതിഥിയായ യോഗത്തിൽ പങ്കെടുത്തത് ഗവർണർക്കുള്ള രാഷ്ട്രീയ സന്ദേശമായി. ബി. ബാലചന്ദ്രൻ, ജി. മുരളീധരൻ എന്നിവരാണ് കാര്യവട്ടം കാമ്പസിൽ കിഫ്ബി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. വേദിയിൽ ഇരുന്നില്ലെങ്കിലും ഉദ്ഘാടനച്ചടങ്ങിന്റെ ഫലകത്തിൽ ഇരുവരുടെയും പേരുകൾ രേഖപ്പെടുത്തി. ഉടനടി പുറത്താക്കണമെന്ന് ശനിയാഴ്ച വി സി.ക്കു നൽകിയ കത്തിൽ ഗവർണർ ഉത്തരവിട്ടെങ്കിലും ശിക്ഷാനടപടി വിജ്ഞാപനംചെയ്തിട്ടില്ല. ഫലത്തിൽ സെനറ്റ് അംഗങ്ങളായി തുടരുകയാണിവർ.
കാർഷിക സർവകലാശാല ഒഴികെ എല്ലായിടത്തും വിസിയുടെ താൽക്കാലിക ചുമതല നൽകാനുള്ള പൂർണ അധികാരം ഗവർണർക്ക് ആണ്. കാർഷിക സർവകലാശാലയിൽ മാത്രമാണു പ്രോ ചാൻസലറായ കൃഷി മന്ത്രിയുടെ ശുപാർശ ഗവർണർ സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിൽ മന്ത്രി ബിന്ദു നിർദേശിച്ച രണ്ടു പേരിൽ ആർക്കും ഗവർണർ ചുമതല നൽകാൻ സാധ്യതയില്ല. കേരള സർവകലാശാലയിലെ ഏതെങ്കിലും പ്രഫസർക്കു ചുമതല നൽകാനാണു സാധ്യത.
എംജി സർവകലാശാലയിൽ വിദ്യാർത്ഥികൾ ഗവർണർക്കെതിരെ പോസ്റ്റർ പതിച്ചതു നിയന്ത്രിക്കാൻ വിസി ഡോ.സാബു തോമസ് നടപടി സ്വീകരിക്കാതിരുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ സമ്മർദത്തിനു വഴങ്ങിയാണു ചട്ടവിരുദ്ധമായി സംസ്‌കൃത സർവകലാശാലാ വിസി നിയമനം താൻ അംഗീകരിച്ചതെന്ന വിലയിരുത്തലിലാണു ഗവർണർ. ഇവരെ ഒഴിവാക്കി മറ്റേതെങ്കിലും വിസിക്കു ചുമതല നൽകുന്നതു പരിഗണിച്ചെങ്കിലും ആരെക്കുറിച്ചും ഗവർണർക്കു കാര്യമായ മതിപ്പില്ല.
മറുനാടന് മലയാളി ബ്യൂറോ