കൊച്ചി: കൈരളി ടിവിയും മീഡിയാ വണ്ണും ഉണ്ടെങ്കിൽ പുറത്തു പോകുക. കേഡർ പാർട്ടികളുടെ ആളുകളോട് എനിക്ക് സംസാരിക്കാൻ താൽപ്പര്യമില്ല. കൊച്ചിയിൽ ഗവർണറുടെ വക കടക്ക് പുറത്ത്. മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്. അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.

രാജ്ഭവനിലെ ബന്ധപ്പെട്ടവർ വിളിച്ചാണ് കൈരളിയും മീഡിയാ വണ്ണും എത്തിയത്. ഗസ്റ്റ് ഹൗസിൽ നിന്നും അകത്തേക്ക് മാധ്യമ പ്രവർത്തരെ കൊണ്ടു പോയതും പേരു വിളിച്ചാണ്. കൈരളി ടിവിക്കാരേയും മീഡിയാ വണ്ണിനേയും വിളിച്ചു വരുത്തിയതിന് തെളിവായി രാജ്ഭവനിലെ പട്ടികയും ഉണ്ടായിരുന്നു. ഇങ്ങനെ ക്ഷണിച്ച് അകത്തേക്ക് കൊണ്ടു പോയവരെയാണ് ഗവർണ്ണർ ഇറക്കി വിട്ടത്. അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഗവർണ്ണറുടെ ബൈറ്റ് എടുക്കാൻ ഇമെയിലിലൂടെ അനുമതി തേടിയെത്തിയവരാണ് പുറത്താക്കപ്പെട്ടത്. നേരത്തെ രാജ്ഭവനിലെ വാർത്താ സമ്മേളനത്തിലും കൈരളിയേയും മീഡിയാ വണ്ണിനേയും പങ്കെടുപ്പിച്ചിരുന്നില്ല. ഇതു വിവാദമായിരുന്നു.

അന്ന് അവരെ ക്ഷണിച്ചിരുന്നില്ല. എന്നാൽ ഇന്ന് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു ഗവർണ്ണർ. വിശദീകരണവും നൽകി. കൈരളി ടിവിയിലെ പ്രവർത്തകർ പാർട്ടി കേഡർമാരാണ്. ഷബാനു കേസിൽ അടക്കം തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നവരാണ് മീഡിയാ വൺ. അതുകൊണ്ട് തന്നെ അവരോട് താൻ സംസാരിക്കില്ല. അവരെ ക്ഷണിച്ചത് രാജ്ഭവനിലുള്ളവരാണോ എന്ന് പരിശോധിക്കും. എങ്കിൽ നടപടി എടുക്കും-ഗവർണ്ണർ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് വിവാദമാക്കിയ വ്യക്തിയാണ് ഗവർണ്ണർ. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പത്രപ്രവർത്തക യൂണിയൻ അടക്കം ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ക്ഷോഭത്തോടെയാണ് ഗവർണ്ണർ സംസാരിച്ചത്. സർക്കാരും ഗവർണ്ണറും തമ്മിൽ പ്രശ്‌നമുണ്ടാകാം. അതിന് മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നത് ശരിയല്ലെന്നാണ് ഉയരുന്ന പൊതു വികാരം.

മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്ന് ആരെങ്കിലും വാർത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കിൽ പുറത്ത് പോകണം. ഇവരോട് താൻ സംസാരിക്കില്ല. ഇവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ താൻ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്ന് ആരെങ്കിലും വാർത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കിൽ പുറത്ത് പോകണം. ഇവരോട് താൻ സംസാരിക്കില്ല. ഇവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ താൻ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഈ മാധ്യമങ്ങൾ തനിക്കെതിരെ ക്യാമ്പെയിൻ നടത്തുകയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ഗവർണർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു.

സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. അതേസമയം, വൈസ് ചാൻസലർമാരുടെ മറുപടി വായിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാകില്ല. അതുപോലെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുത്. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗവർണർ ആരോപിച്ചു.

മേയറുടെ കത്തിലടക്കം സർക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവർ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകൾ ഏറെയുണ്ട്. വൈകാതെ പുറത്തുവരും. നിയമവകുപ്പും എജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സർക്കാർ ലക്ഷങ്ങൾ മുടക്കുന്നെന്നും ഗവർണർ പറഞ്ഞു.