കൊച്ചി: മീഡിയാ വൺ-കൈരളി ടിവി റിപ്പോർട്ടർമാരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇറക്കി വിട്ടു. ക്ഷണിച്ചു വരുത്തി മാധ്യമ പ്രവർത്തകരെയാണ് അപമാനിച്ചത്. ഇതിനൊപ്പം സർക്കാരിനെ കടന്നാക്രമിക്കുയും ചെയ്തു ഗവർണ്ണർ. കേരളത്തിൽ ഭരണഘടനയെ തകർക്കാനുള്ള ശ്രമം നടക്കുന്നുവെന്നും സാങ്കേതിക സർവ്വകലാശാലയിലെ താൽകാലിക വൈസ് ചാൻസലറെ ചുമതലയേൽക്കാൻ സമ്മതിക്കാത്തത് ക്രമസമാധാന പ്രശ്‌നമാണെന്നും ഗവർണ്ണർ കുറ്റപ്പെടുത്തുന്നു. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുകയും ചെയ്യുന്നു. യുവ ഐപിഎസ് ഓഫീസർ തോക്ക് കാണിച്ചോൾ മുങ്ങിയ നേതാവിനെ തനിക്ക് അറിയാമെന്നാണ് ഗവർണ്ണർ പറയുന്നത്. സമാനതകളില്ലാത്ത പരിഹാസമാണ് ഗവർണ്ണർ ഉയർത്തുന്നത്. ഇതോടെ രാജ്ഭവനും സർക്കാരും തമ്മിലെ പോര് പുതിയ തലത്തിലേക്ക് എത്തി.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതികരണവും ഗവർണ്ണർ നടത്തി. മേയർ ആര്യാരാജേന്ദ്രന്റെ കത്തിന് സമാനമായ നിരവധി കത്തുകൾ ഇനിയുമുണ്ട്. വൈകാതെ അത് പുറത്തുവരുമെന്നു ഗവർണർ ആരോപിച്ചു. ഇതുസംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ ശേഷം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനിലേക്ക് അവർ മാർച്ച് നടത്തേട്ടേ... അവർ എന്ന ആക്രമിക്കട്ടേ...തുടങ്ങിയ പരാമർശങ്ങളും ഗവർണ്ണർ നടത്തി. സംസ്ഥാനം ഭരണഘടനാ തകർച്ചയിലേക്കാണോ എന്ന സംശയവും ഉയർത്തി. പിണറായി സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയർ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ചടക്കം സർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മേയറുടേത് പോലുള്ള നിരവധി കത്തുകൾ ഇനിയും പുറത്തുവരും. സർവകലാശാലകളിലും ഇത്തരം നിയമനങ്ങൾ ഉണ്ടാകാം അതിനും അവർ മറുപടി പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാല വൈസ് ചാൻസലർമാരുടെ മറുപടി വായിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് ഗവർണർ വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസമുള്ള യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകുന്നു. പാർട്ടിക്കാർക്കാണ് നിയമനങ്ങൾ നടക്കുന്നത്. സർവ്വകലാശാലയിൽ തിരുവനന്തപുരത്ത് സ്വാധീനമുള്ളവർ കയറുന്നു. മറ്റ് ജോലികളും കേഡർമാർക്ക്-ഗവർണ്ണർ കുറ്റപ്പെടുത്തി. കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു.

താൻ അഡ്‌മിനിസ്‌ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. എന്നാൽ സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നും ഗവർണർ പറഞ്ഞു. സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ പറഞ്ഞു.

'ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ഗവർണർ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ഗവർണർ പറഞ്ഞു. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ പറഞ്ഞു. ഇതിനൊപ്പമാണ് യുവ ഐപിഎസ് ഓഫീസർ തോക്ക് ചൂണ്ടിയ കഥയും ഗവർണ്ണർ പറയുന്നത്. ഏറെ കാലം മുമ്പ് പിണറായിയെ ഒരു എസ് പി കണ്ണൂരിൽ തോക്ക് ചൂണ്ടി ഓട്ടിച്ചുവെന്ന കഥ പ്രചരണത്തിലുള്ളതാണ്. ഇതാണ് ഗവർണ്ണർ പുതിയ സാഹചര്യത്തിൽ ചർച്ചയാക്കുന്നത്.

ഗവർണ്ണർ സ്വജനപക്ഷപാതം കാട്ടിയാൽ രാഷ്ട്രപതിക്ക് പരാതി നൽകാം. നിയമവിരുദ്ധമായി നീങ്ങിയാൽ കോടതിയേയും സമീപിക്കാം. വിമർശനങ്ങൾക്ക് താൻ അതീതനല്ല. കേരളത്തിലെ സാധാരണ പൗരന്മാർക്ക് പോലും അതു ചെയ്യാം. എന്നാൽ താൻ നിയമിച്ച മന്ത്രിമാർ തന്നെ വിമർശിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയെ മന്ത്രിമാർ വിമർശിക്കുമോ എന്നും ചോദിച്ചു. സർക്കാരിന്റേയും സിപിഎമ്മിന്റേയും വെല്ലുവിളികളെ താൻ ഭയക്കുന്നില്ലെന്നാണ് ഗവർണ്ണർ കൊച്ചിയിലും നൽകുന്ന സൂചനകൾ.