- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാലി എസ് നരിമാനും കൂട്ടർക്ക് നൽകിയ അരക്കോടിയോളം വെറുതെയാകും; തന്നെ ബാധിക്കുന്ന ഓർഡിനൻസിൽ താൻ തീരുമാനമെടുക്കില്ലെന്നും ഓർഡിനൻസ് രാഷ്ട്രപതിക്ക് വിടുമെന്നും ഗവർണ്ണർ; സർവ്വകലാശാല ചാൻസലർ പദവി അരിഫ് ഖാന് ഉടനൊന്നും നഷ്ടമാകില്ല; പിണറായി സർക്കാർ നടത്തുന്നത് എല്ലാം അറിഞ്ഞു കൊണ്ടുള്ള സമയനഷ്ടക്കളി; നയപ്രഖ്യാപനത്തിന് ഗവർണ്ണർ എത്തുമോ? പ്രതിസന്ധി പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കാനുള്ള ഓർഡിനൻസിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെങ്കിലും കാര്യമൊന്നും നടക്കില്ല. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചാലും ഇല്ലെങ്കിലും പകരമുള്ള ബിൽ ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. അതിനിടെ തന്നെ ബാധിക്കുന്ന ഓർഡിനൻസിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്കു വിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ഇതോടെ ബിൽ ഉടനൊന്നും നിയമമാകില്ലെന്നും ഉറപ്പായി. ഫലത്തിൽ കുറച്ചു ദിവസം ഗവർണ്ണർ പിടിച്ചു വച്ച ശേഷം അത് രാഷ്ട്രപതിയുടെ പരിഗണനയിൽ കിടക്കും. സർക്കാരിനു വേണ്ടി അടുത്ത വർഷം നയപ്രഖ്യാപനത്തിന് ഗവർണ്ണർ നിയമസഭയിൽ വരുമോ എന്നതിലും സംശയം ഏറെയാണ്.
മന്ത്രിസഭാ തീരുമാനത്തോട് ശക്തമായി പ്രതികരിച്ച ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. ഓർഡിനൻസ് രാഷ്ട്രപതിക്കു വിട്ടാൽ അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതു വരെ പകരം ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ല. രാഷ്ട്രപതി ഉടൻ തീരുമാനമെടുക്കണമെന്നു നിർബന്ധവുമില്ലെന്നതാണ് സാഹചര്യം. ഇതായിരിക്കും സംഭവിക്കുക എന്ന് പിണറായി സർക്കാരിനും സിപിഎമ്മിനും ഇടതു മുന്നണിക്കും അറിയാവുന്നതായിരുന്നു. എന്നിട്ടും ഓർഡിനൻസ് തയ്യാറാക്കി. ഇതിനുള്ള നിയമോപദേശത്തിന് ഖജനാവിൽ നിന്ന് 46ലക്ഷം രൂപ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനും ജീവനക്കാർക്കും നൽകിയിരുന്നു. ഈ പണം വെറുതെയായി എന്നാൽ ഗവർണ്ണറുടെ പ്രതികരണം ചൂണ്ടിക്കാണിക്കുന്നത്.
ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടി ആയിരിക്കും എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ പിണറായി സർക്കാർ ഓർഡിനൻസ് കൊണ്ടു വരുന്നത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ഭരണഘടനാ ചുമതല നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയമിക്കുന്നത് ഉചിതമാകില്ലെന്ന പുഞ്ചി കമ്മിഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ നടപടി. പകരം അക്കാദമിക് രംഗത്തെ അതിപ്രഗല്ഭരെ, മന്ത്രിസഭയുടെ അനുമതിയോടെ ചാൻസലർ പദവിയിൽ നിയമിക്കും. ശമ്പളവും മറ്റ് പ്രത്യേക വേതന വ്യവസ്ഥകളും ഇല്ല. സർവകലാശാലയിൽ എല്ലാ അധികാരവും പ്രത്യേക ഓഫിസും അനുവദിക്കും.
എന്നാൽ സർക്കാർ നിയമിക്കുന്ന ചാൻസലർക്ക് സർക്കാരിനോട് അമിത വിധേയത്വം ഉണ്ടാകുമെന്നും ഇത് സർവകലാശാലയുടെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്നും ആക്ഷേപം ഉണ്ട്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്‌കൃതം, ശ്രീനാരായണ തുടങ്ങി സമാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് ഒരാളെത്തന്നെ നിയമിക്കാനാണ് ധാരണ. അതേസമയം സാങ്കേതികം, ഡിജിറ്റൽ, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ്, കാർഷികം, കുസാറ്റ് തുടങ്ങിയ സർവകലാശാലകളിൽ അതതു വിഷയത്തിലെ പ്രഗല്ഭരെ കണ്ടെത്തും. 14 സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്കു പകരം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നു മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ നിർദേശിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചില്ല. ഓരോ വകുപ്പിനും കീഴിൽ വരുന്ന സർവകലാശാലകളിൽ അതതു വകുപ്പുകളുടെ മന്ത്രിമാരാണ് ഇപ്പോൾ പ്രോ ചാൻസലർ. ഗവർണർക്കു കീഴിൽ ആകുമ്പോൾ ഇതു പ്രശ്‌നമല്ല. മറ്റൊരാൾ ചാൻസലർ ആയി വരുമ്പോൾ മന്ത്രിമാർ ആ വ്യക്തിക്കു കീഴിലാകും.
ഇതു പ്രോട്ടോക്കോൾ പ്രശ്‌നം സൃഷ്ടിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഓർഡിനൻസിനു പകരമുള്ള ബിൽ വരുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഓരോ വകുപ്പിനും കീഴിലുള്ള സർവകലാശാലകളിൽ ആ വകുപ്പിന്റെ മന്ത്രിമാരെ ചാൻസലർ സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന നിർദേശത്തോടും മുഖ്യമന്ത്രി യോജിച്ചില്ല. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ ഗവർണർ നിയമിച്ചതിന് എതിരായ സർക്കാർ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 10 വിസിമാരെ നീക്കാതിരിക്കാൻ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരായ കേസ് 17ന് കോടതിയിൽ വരും. ഇതെല്ലാം സർവ്വകലാശാലാ പോരിൽ അതിനിർണ്ണായകമാണ്.
ഗവർണർ അയയ്ക്കുന്ന ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതി ഭവൻ കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടും. അതു കേട്ട ശേഷമേ തീരുമാനം എടുക്കൂ. ഈ നടപടിക്രമം പൂർത്തിയാകാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. അടിയന്തര ഇടപെടലെന്ന നിലയിൽ സർക്കാർ നടത്തിയ നീക്കം പാഴാകും. സർക്കാരിന് ഇനി ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കാതിരിക്കാം. ഉടൻ മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് റദ്ദാക്കാം. പകരം വൈകാതെ നിയമസഭ ചേർന്ന് ഓർഡിനൻസിനു പകരം ബിൽ പാസാക്കാം. ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കി നിയമം പാസാക്കിയാലും ഗവർണർ ഒപ്പിടണമെന്നില്ല. ലോകായുക്ത നിയമ ഭേദഗതി ബിൽ അടക്കം ഒപ്പിടാതെ ഗവർണർ പിടിച്ചു വച്ചിരിക്കുകയാണ്.
മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ ഒപ്പിടാത്ത ബില്ലുകൾ ഗവർണർമാരുടെ പക്കലുണ്ട്. ഗവർണർ ഒപ്പിടാതെ കൈവശം വച്ചിരുന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമവിദഗ്ദ്ധർക്കിടയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെയാണ് നയപ്രഖ്യാപനത്തിലും സംശയങ്ങൾ. എല്ലാ വർഷവും ആദ്യം സഭ സമ്മേൡക്കേണ്ടത് ഗവർണ്ണറുടെ നയപ്രഖ്യാപനത്തിലൂടെയാണ്. ഇതിന് ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകില്ലെന്ന് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡിസംബറിൽ സഭാ സമ്മേളനം ചേരാനും അതു അടുത്ത വർഷം വരെ നീട്ടാനും ശ്രമിക്കും. അതിന് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം സഭ ചേരും. അപ്പോഴേക്കും ഗവർണ്ണറെ വരുതിയിൽ കൊണ്ടു വരാനാകും സർക്കാർ ശ്രമിക്കുക.
മറുനാടന് മലയാളി ബ്യൂറോ