- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരുമായി പ്രശ്‌നമുള്ളതിനാൽ ചാൻസലർ പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ യുജിസി ചട്ടം ഭേദഗതി ചെയ്യാൻ സാധ്യത; അങ്ങനെ വന്നാൽ കേന്ദ്ര നിയമത്തിന് കൂടുതൽ സാധുത വരും; പിണറായിയുടെ ഓർഡിനൻസ് വെറുതെയാകുമോ? വൈസ് ചാൻസർമാരെ രാജ്ഭവൻ തന്നെ നിയമിക്കാൻ സാധ്യത
തിരുവനന്തപുരം: അരക്കോടിയോളം രൂപ മുടക്കിയാണ് ഫാലി എസ് നരിമാനെന്ന ഭരണഘടനാ വിദഗ്ധനിൽ നിന്നും അഭിപ്രായം തേടിയത്. എന്നിട്ടും സർവകലാശാലകളിലെ ചാൻസലർപദവി ഗവർണറിൽനിന്ന് മാറ്റുന്നതിനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്ക് അയക്കുന്നതിൽ സർക്കാരിൽ ആശയക്കുഴപ്പം. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചാൽ അനുമതി അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക. ഓർഡിനൻസിനു പകരം, ബില്ലായി നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കിയാലോ എന്നതാണ് ചിന്ത. ഫാലി എസ് നരിമാനെ പോലെയുള്ള പ്രശസ്തന്റെ അഭിപ്രായം തേടിയിട്ടും ഈ അശയക്കുഴപ്പം ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.
യുജിസി ചട്ടങ്ങളിൽ വൈസ് ചാൻസലർ നിയമനത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും ചാൻസലർ നിയമനത്തെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. ഈ പഴുതുപയോഗിച്ച് സംസ്ഥാന സർക്കാരുകൾ ഗവർണറെ ഒഴിവാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരുമായി പ്രശ്‌നമുള്ളതിനാൽ ചാൻസലർ പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ യുജിസി ചട്ടം ഭേദഗതി ചെയ്യാനും സാധ്യതയുണ്ട്. ഓർഡിനൻസും ബില്ലും ഗവർണർ തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താൽ സുപ്രീംകോടതിയെ സമീപിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ നിയമോപദേശം തേടുന്നുണ്ട്. യുജിസി ചട്ടം ഭേദഗതി ചെയ്ത് ഗവർണ്ണർമാരെ ചാൻസലർ ആക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഓർഡിനൻസ് തന്നെമാത്രം ലക്ഷ്യംവച്ചാണെങ്കിൽ തീരുമാനം രാഷ്ട്രപതിക്ക് വിടുമെന്നാണ് ഗവർണർ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രപതിക്ക് വിട്ടാൽ തീരുമാനം വൈകും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കാര്യത്തിൽ നിയമസഭയിൽ ബില്ലുകൊണ്ടുവരാനും കഴിയില്ല. രാഷ്ട്രപതിക്ക് അയച്ചാൽ ഗവർണ്ണറെ പിന്നെ കടന്നാക്രമിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാർ ആലോചനകൾ സജീവമാക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിസഭായോഗം തീരുമാനിച്ച് മൂന്നുദിവസമായിട്ടും ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് അയച്ചിട്ടില്ല. എന്നാൽ, ഓർഡിനൻസിൽനിന്ന് പിന്മാറുകയാണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവർണർക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നടക്കം വിശദീകരിക്കുന്നത്.
ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനത്തിനുമുമ്പ് നിയമവിദഗ്ധരുമായടക്കം സർക്കാർ കൂടിയാലോചന നടത്തിയിരുന്നു. ചാൻസലർപദവി മാറ്റുന്ന ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ലെന്നായിരുന്നു ലഭിച്ച വിദഗ്ധാഭിപ്രായം. കേന്ദ്രനിയമങ്ങളെയോ, ഭരണഘടനാ വ്യവസ്ഥകളെയോ മറികടക്കുന്ന കാര്യങ്ങളൊന്നും ഓർഡിനൻസിലില്ല. എന്നാലും ഗവർണ്ണർ അയച്ചാൽ എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. സംസ്ഥാനനിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളിലാണ് മാറ്റമെന്നുള്ളതുകൊണ്ട്, ഇത് പൂർണമായും സംസ്ഥാന വിഷയമാണ്. ഇക്കാര്യങ്ങളാണ് രാഷ്ട്രപതിക്ക് അയക്കാനാകില്ലെന്നതിന് കാരണമായി പറയുന്നത്. ഗവർണർ രാഷ്ട്രപതിക്ക് അയച്ച് നിയമപ്രശ്‌നങ്ങളിലേക്കു പോയാലും തീരുമാനം വൈകും.
സർവ്വകലാശാല വൈസ് ചാൻസലർമാരെ മാറ്റാൻ ഉറച്ചാണ് ഗവർണ്ണറുടെ നീക്കം. കോടതി വിധികൾ ഗവർണ്ണർക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ പുതിയ വൈസ് ചാൻസലർമാരെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിലവിലെ സാഹചര്യത്തിൽ ഗവർണ്ണർക്ക് കഴിയും. ഇതു കൊണ്ടാണ് സർക്കാർ കരുതലുകൾ എടുക്കുന്നത്. ഓർഡിനൻസിൽ തീരുമാനം വൈകിയാൽ വൈസ് ചാൻസലർമാരെ നിശ്ചയിക്കാൻ സർക്കാരിന് കഴിയാത്ത അവസ്ഥ വരും. ഇടതുമുന്നണി തീരുമാനിച്ച രാജ്ഭവൻ മാർച്ചിനു മുമ്പായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഗവർണർക്കെതിരേയുള്ള ശക്തമായ നടപടിയെന്നനിലയിലാണ് ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്.
ഗവർണർ ഒപ്പിടാനിടയില്ലെന്ന വിലയിരുത്തൽ നേരത്തേ സർക്കാരിനുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാട് സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല. സർക്കാരിന്റെ നീക്കത്തെ തത്കാലം മരവിപ്പിച്ചുനിർത്തുകയെന്ന സമർദരീതിയാണ് ഗവർണറുടെ നീക്കത്തിനുപിന്നിൽ. ഇതിനെ മറികടക്കാനാണ് ഓർഡിനൻസിനു പകരം ബില്ലാകാമെന്ന ആലോചനയിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നത്. അപ്പോൾ ബില്ലും ഗവർണ്ണർ ഒപ്പിടണമെന്ന നിർബന്ധമില്ല. ഇതും വൈകിപ്പിക്കാൻ ഗവർണ്ണർക്ക് കഴിയും. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസാണ് മന്ത്രിസഭ അംഗീകരിച്ചത്.
ഇന്നു രാവിലെ തിരുവല്ലയിലേക്കു പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിട്ടു ഡൽഹിക്കു തിരിക്കും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. ഗവർണർ പോയ ശേഷം ഓർഡിനൻസ് രാജ്ഭവനിലേക്ക് അയയ്ക്കാനും സാധ്യതയുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഈ ഓർഡിനൻസിനു പ്രസക്തിയില്ല. ഗവർണർക്ക് ഓർഡിനൻസ് ലഭിച്ചാലും തീരുമാനമെടുക്കാതെ മാറ്റിവയ്‌ക്കേണ്ടി വരും. താൻ കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുൻപ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ അത് ഇ ഫയൽ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഗവർണർക്കു സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ