- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉന്നത അധികാര കേന്ദ്രങ്ങൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടത് കേരള സർവകലാശാലയുടെ കെട്ടുറപ്പിനും കാര്യക്ഷമതയ്ക്കും അനിവാര്യം; ഒരു മാസത്തിന് അകം നോമിനിയെ കൊടുത്തില്ലെങ്കിൽ എല്ലാം ഗവർണ്ണർക്ക് തീരുമാനിക്കാം; സെർച്ച് കമ്മറ്റി വിവാദത്തിലും വിജയം രാജ്ഭവന്; സർക്കാരിനെ വെട്ടിലാക്കി വീണ്ടും ഹൈക്കോടതി; തിരിച്ചടി സർക്കാരിന് തന്നെ
കൊച്ചി: കേരള സർവ്വകലാശാലയിലും ജയം ഗവർണ്ണർക്ക്. ഹൈക്കോടതി വിധി വന്നതോടെ കേരള സർവകലാശാല സെനറ്റ് വെട്ടിലായി. രാജ്ഭവന് കൂടുതൽ അധികാരവും വന്നു. സർവ്വകലാശാല ഭേദഗതി ബിൽ നിയമസഭയിൽ എത്തിയിട്ടുണ്ട്. ബിൽ പാസായാലും ഗവർണ്ണർ ഒപ്പിടില്ല. ഇതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കി സർവ്വകലാശാല കേസുകളിൽ ഒ്ന്നിൽ കൂടി സുപ്രീംകോടതി പരാമർശം എത്തുന്നത്.
കേരള സർവ്വകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാതിരിക്കാൻ സെർച്ച കമ്മറ്റിയിലേക്ക് നോമിനിയെ നൽകാതെ വൈകിക്കുകയെന്ന തന്ത്രമാണു സെനറ്റ് പയറ്റിയത്. എന്നാൽ ഒരു മാസത്തിനകം നോമിനിയെ നൽകിയില്ലെങ്കിൽ കേരള സർവകലാശാല നിയമവും യുജിസി ചട്ടവും അനുസരിച്ചു നടപടിയെടുക്കാൻ കോടതി ചാൻസലർക്കു സ്വാതന്ത്ര്യം നൽകിയതോടെ, ഭാവിയിൽ കടുത്ത നടപടി വന്നേക്കാം. നോമിനിയെ നൽകിയില്ലെങ്കിൽ ചാൻസലർക്കു സെനറ്റിനെതിരെ കേരള സർവകലാശാല നിയമം 7(4) വകുപ്പു പ്രകാരമുള്ള അധികാരം വിനിയോഗിക്കാനാകും. ഈ വകുപ്പ് അനുസരിച്ച് സെനറ്റിനെ സസ്പെൻഡ് ചെയ്യാനോ പിരിച്ചുവിടാനോ ചാൻസലർക്ക് അധികാരമുണ്ട്.
യുജിസി ചട്ടം 7(ബി) അനുസരിച്ച് നിലവിലുള്ള കമ്മിറ്റിയെ വച്ച് വിസി നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സാധ്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം സാഹചര്യത്തിൽ നടപടിക്കു ചാൻസലറോടു നിർദേശിച്ച കോടതി, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. സെനറ്റ് നോമിനിയെ നൽകിയാൽ പുതിയ കമ്മിറ്റി വിജ്ഞാപനം ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഇതോടെ സെനറ്റ് നോമിനിയില്ലാതെ ചാൻസലർ ഇറക്കിയ വിജ്ഞാപനവും അപ്രസക്തമായി.
ഇതിനിടെ, ചാൻസലറും സെനറ്റും തമ്മിലുള്ള തർക്കത്തിനിടെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജി തിടുക്കത്തിൽ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു കോടതി ഇന്നലെയും ആവർത്തിച്ചു. അതായത് സെനറ്റ് അംഗങ്ങളുടെ അയോഗ്യതയിൽ അനുകൂല ഉത്തരവും ഇല്ല. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്. സെനറ്റ് നോമിനിയെ നൽകിയില്ലെങ്കിൽ രണ്ടംഗ കമ്മിറ്റിയോട് വിസിയെ നിയമിക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
സെനറ്റ് നോമിനിയെ നൽകിയാൽ ആ വ്യക്തിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും സമയപരിധി നിശ്ചയിച്ച് എത്രയും വേഗം വൈസ് ചാൻസലറെ തിരഞ്ഞെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കമ്മിറ്റിയിലേക്കുള്ള നോമിനിയെ നൽകുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലറോടു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗമായ എസ് ജയറാം നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.
നിലവിൽ രൂപീകരിച്ചിട്ടുള്ള രണ്ടംഗ സേർച് കമ്മിറ്റിയോടു വിസി നിയമനത്തിനു നടപടിയെടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കുന്നില്ലെന്നും സെനറ്റ് അംഗങ്ങൾ മനഃപൂർവം നിയമവിരുദ്ധമായി പെരുമാറിയെന്നു തീർത്തു പറയാവുന്ന ഘട്ടം എത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഉചിതമായ സമയത്ത് ആവശ്യമെങ്കിൽ വൈസ് ചാൻസലർക്കു നടപടി സാധിക്കുമെന്നും കോടതി പറഞ്ഞു.
കേരളത്തിലെ നമ്പർ വൺ സർവകലാശാല നാഥനില്ലാതെ പ്രവർത്തിക്കുന്നത് ഏറ്റവും വലിയ ദുരന്തമാണെന്നു കോടതി പറഞ്ഞു. ഇനിയും വൈകാനാവില്ല. എത്രയും വേഗം സേർച് കമ്മിറ്റി രൂപീകരിക്കുക, പുതിയ വിസിയെ കണ്ടെത്തുക എന്നതാണു അടിയന്തര ആവശ്യം. താൽക്കാലിക ഭരണ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ ഭാവി ആടിയുലയുകയാണ്. വിദ്യാർത്ഥികളില്ലാതെ ആയിരക്കണക്കിനു സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സെനറ്റിന്റെ നോമിനിയെ കണ്ടെത്താൻ കൂടുതൽ സമയം വേണമെങ്കിൽ സാവകാശം ചോദിക്കാൻ സർവകലാശാലയ്ക്കു സ്വാതന്ത്ര്യം ഉണ്ടാകുമെന്നു കോടതി വ്യക്തമാക്കി.
ഉന്നത അധികാര കേന്ദ്രങ്ങൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടത് കേരള സർവകലാശാലയുടെ കെട്ടുറപ്പിനും കാര്യക്ഷമതയ്ക്കും അനിവാര്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. വിസിയെ കണ്ടെത്താൻ ചാൻസലർ രണ്ടംഗ സേർച് കമ്മിറ്റി രൂപീകരിച്ചതു ശരിയാണോ, കമ്മിറ്റിയെ പിൻവലിച്ചാൽ നോമിനിയെ നൽകാമെന്നു സെനറ്റ് വ്യവസ്ഥ വച്ചതു ശരിയാണോ എന്നെല്ലാമുള്ള അനാവശ്യ തർക്കങ്ങളിൽ ഇരുകൂട്ടരും കടിച്ചു തൂങ്ങിയെന്നു കോടതി പറഞ്ഞു.
പല തവണ ആവശ്യപ്പെട്ടിട്ടും സെനറ്റ് നോമിനിയെ നൽകാത്ത സാഹചര്യത്തിലാണു യുജിസിയുടെയും തന്റെയും നോമിനിയെ ഉൾപ്പെടുത്തി കമ്മിറ്റിയെ രൂപീകരിച്ചതെന്നും, സെനറ്റിന്റെ നോമിനിയെ കിട്ടുമ്പോൾ ഉൾപ്പെടുത്തുമെന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്നും ചാൻസലർ വിശദീകരിച്ചു. മൂന്നാമത്തെ അംഗത്തെ ഉൾപ്പെടുത്തുമെന്നു പറയുന്നതിനാൽ രണ്ടംഗ കമ്മിറ്റി അന്തിമമല്ലെന്നു വ്യക്തമാണെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണു സെനറ്റ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചാൻസലർ കമ്മിറ്റിയെ പിൻവലിച്ചാൽ മാത്രം നോമിനിയെ നൽകിയാൽ മതിയെന്നു സെനറ്റ് പ്രമേയം പാസാക്കിയതു ശരിയല്ലെന്നും കോടതി പറഞ്ഞു. കോടതിയിൽ കേസ് നിൽക്കുമ്പോൾ അത് ആവശ്യപ്പെടാൻ പാടില്ലായിരുന്നു. സെനറ്റിന്റെ രണ്ടു യോഗങ്ങൾ നോമിനിയെ കണ്ടെത്താൻ നോക്കുന്നതിനു പകരം കമ്മിറ്റിയെ പിൻവലിക്കാൻ പ്രമേയം പാസാക്കുകയാണു ചെയ്തത്. ഇത് അനാവശ്യ വിവാദങ്ങൾക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി. വിജ്ഞാപനം കണക്കിലെടുക്കാതെ ഗവർണറുടെ ഓഫിസുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആരും ശ്രമിച്ചില്ലെന്നു കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ